തൃശൂര്‍: പിണങ്ങിപ്പോയ ഭാര്യയെ ഫോണില്‍ വിളിച്ചുവരുത്തി വെട്ടിപരിക്കേല്പ്പിചച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കോലഴി സ്വപ്നഭൂമിയില്‍ മാഞ്ഞൂരാന് വീട്ടില്‍ വില്യം സിജു മകന് ബൈജു (43) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരിക്കേറ്റ ഭാര്യ പ്രിന്‍സി (36) യെ ഗുരുതരാവസ്ഥയല്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. കോലഴി സെന്ററിലെ കോഴികച്ചവട കടക്ക് സമീപമാണ് പ്രിന്‍സിയെ ബൈജു മടുവാള് കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്.
കഴുത്തിലും തലയിലും കൈകളിലുമായി അഞ്ചോളം വെട്ടുകളാണ് ഏറ്റത്. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജു. മകളുടെ വിവാഹത്തിന് ശേഷം ഉണ്ടായ കടബാധ്യതെയെക്കുറിച്ച് ബൈജുവും പ്രിന്‍സിയും സ്ഥിരമായി തര്‍ക്കമുണ്ടാവുക പതിവാണ്. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ നാളില്‍ പ്രിന്‍സി തിരൂര്‍ പുത്തന്മഠകുന്നിലുള്ള സ്വന്തം വീട്ടിലേക്ക് പിണങ്ങിപോവുകയും ചെയ്തു. അന്നുമുതല്‍ ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് ബൈജു വെട്ടുകത്തിയുമായി നടക്കുക പതിവാണത്രെ.
ഞായറാഴ്ച രാത്രി പ്രിന്‍സിയെ ഫോണില്‍ വിളിച്ച് രമ്യതയില്‍ ആകാമെന്നും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വീണ്ടും വിളിക്കുകയും തിരൂരില്‍ ജോലി ചെയ്യുന്ന തയ്യില്‍ കടയിലേക്ക് വരുന്ന വഴി കോലഴിയില്‍ ബസ്സ് ഇറങ്ങി നടന്നുവരികയായിരുന്ന പ്രിന്‍സിയെ ബൈജു വെട്ടുകയായിരുന്നു.
നിലവിളി കേട്ട് ആളുകള്‍ ഓടിവരുന്നത് കണ്ട് രക്ഷപ്പെട്ട പ്രതി വീട്ടില്‍ എത്തി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അതേസമയം യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വിയ്യൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ജിന്‍സി, ജെനി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: