മണ്ണാര്‍ക്കാട്: ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന ഗൃഹനാഥന്‍ ആത്മഹത്യചെയ്തത് ബ്ലേഡ്മാഫിയയുടെ ഭീഷണിമൂലം. സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കോട്ടോപ്പാടം കാഞ്ഞിരംകുണ്ട് മാനാഞ്ചീരി യൂസഫ്(45)ആണ് വീടിനു സമീപത്തുള്ള കാട്ടില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം വേങ്ങയിലെ മൂത്തനീര്‍ വീട്ടില്‍ അബ്ബാസ് (47), കോട്ടോപ്പാടം കൊടുവാളിപ്പുറം അബ്ബാസ് എന്ന ഇണ്ണി(45), കോട്ടോപ്പാടം വളയങ്ങാടന്‍ വീട്ടില്‍ ഷെരീഫ്(35) എന്നിവരെയാണ് ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി സുനീഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സിഐ ആര്‍.മനോജ് കുമാറും, മണ്ണാര്‍ക്കാട് എസ് ഐ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്.
ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഷെരീഫ്, അബ്ബാസ് എന്നിവരില്‍ നിന്നും ഒരു ലക്ഷം വീതവും ഇണ്ണിയില്‍ നിന്ന് 7000 രൂപയും യൂസഫ് പലിശയ്‌ക്ക് വാങ്ങിയിരുന്നു. ഗള്‍ഫില്‍ പോകാനിരുന്നതിന്റെ തലേന്ന് പ്രതികള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: