ന്യൂദല്‍ഹി:കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്തേക്ക് കടത്തിയ സ്വര്‍ണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധന.2014-15 വര്‍ഷത്തില്‍ 4,480 കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം 1,120 കോടി രൂപ. 252 പേരെയാണ് ഈ കാലയളവില്‍ അറസ്റ്റുചെയ്തത്. 2012-13ല്‍ 100 കോടിരൂപ വിലമതിക്കുന്ന 400 കിലോ സ്വര്‍ണ്ണം കടത്തിയത് പിടിച്ച സ്ഥാനത്താണ് വന്‍വര്‍ധന. ഓരോദിവസവും അഞ്ച് സ്വര്‍ണ്ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം പറയുന്നത്.
അതേസമയം, നിയമപരമായി കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിലും വര്‍ധന. 2014-15 വര്‍ഷത്തില്‍ 1,332 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ രാജ്യത്തെത്തിയത്. ഇവയ്ക്ക് വില 2.67 ലക്ഷം കോടി രൂപ. തൊട്ടു മുന്‍ വര്‍ഷമിത് 616 മെട്രിക് ടണ്‍. ഇതിനു വില 1.55 ലക്ഷം കോടി രൂപ. ഏപ്രിലിനും ജൂണിനുമിടയിലാണ് ഇത്തരത്തില്‍ കൂടുതല്‍ സ്വര്‍ണ്ണം രാജ്യത്തെത്തുന്നത്. കള്ളക്കടത്തായും നിയമപരമായും ഇത്രയേറെ സ്വര്‍ണ്ണം എത്തുന്നത് അധികൃതരെ ഏറെ ആശങ്കയിലാഴ്ത്തുന്നു.
ഈ ഒഴുക്ക് കണക്കിലെടുത്ത് സ്വര്‍ണ്ണം പണമാക്കുന്ന പദ്ധതി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 20,000 ടണ്‍ സ്വര്‍ണ്ണം നിക്ഷേപമായുണ്ടെന്നാണ് കണക്ക്. ഇത് പണമാക്കി വിപണിയിലിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അശോകചക്രം പതിച്ച സ്വര്‍ണ്ണ നാണയം വിപണിയിലിറക്കാനും പദ്ധതി തയാറാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: