വാര്‍ത്താമാധ്യമങ്ങളും അല്ലാത്തവയുമായ പ്രസിദ്ധീകരണങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സാധാരണയായി അവയുടെ ചുമതലക്കാര്‍ ഉപയോഗിക്കുന്ന വാക്കാണ് ഫീഡ് ബാക്ക്. തങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം നടത്തുകയും ചെയ്യുന്ന കാര്യങ്ങളെപ്പറ്റി വായനക്കാരും കാഴ്ചക്കാരും എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാനുള്ള അളവുകോലായി ഫീഡ്ബാക്ക് കണക്കാക്കപ്പെടുന്നു. അതത് സ്ഥാപനങ്ങളുടെ നയങ്ങളെ സ്വാധീനിക്കാന്‍ പോലും പലപ്പോഴും അതു കാരണമാവുന്നുണ്ട്. മാധ്യമങ്ങളുടെ ഏറെ രസകരവും വിജ്ഞാനപ്രദവുമായ ഒരിടം അതു കൈവശപ്പെടുത്തുന്നു. പല പത്രങ്ങളുടെയും താല്‍പ്പര്യപൂര്‍വം ശ്രദ്ധിക്കപ്പെടുന്ന പംക്തിയാണവ.
സംഘപഥത്തിലൂടെ എന്ന ജന്മഭൂമിയിലെ പംക്തിക്കു വായനക്കാരില്‍നിന്ന് ലഭിക്കുന്ന പ്രതികരണമാണ് ഇത്രയും എഴുതാനിടയാക്കിയത്. ഡയറിക്കുറിപ്പുകളുടെ സഹായമില്ലാതെ ഓര്‍മയില്‍ പതിഞ്ഞ സംഭവങ്ങളെയും വ്യക്തികളെയും അവതരിപ്പിക്കാനാണ് ലേഖകന്‍ ഉദ്യമിക്കുന്നത്. അതില്‍ സ്വാഭാവികമായും പിശകുകള്‍ ഉണ്ടാവാം. അവ ചൂണ്ടിക്കാണിക്കാന്‍ പലരും ഫോണിലൂടെ ബന്ധപ്പെടാറുണ്ട്. ജന്മഭൂമിയിലൂടെത്തന്നെ അതു ചെയ്യുകയാണെങ്കില്‍ നന്നായിരിക്കുമെന്നാണ് എന്റെ പക്ഷം. ഇതൊരിക്കലും ആധികാരികമായ കാര്യങ്ങള്‍ പറയുന്ന പംക്തിയല്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ്, ജന്മഭൂമിയുടെ കോഴിക്കോട് പതിപ്പില്‍ പ്രവര്‍ത്തിച്ച യു.പി.സന്തോഷ്, ഉല്ലാസ വായനയ്ക്കുപറ്റിയ ഒരു പംക്തി ആരംഭിക്കണമെന്ന അഭിപ്രായം പറയുകയും അവിടെ ഇരുന്ന ഇരുപ്പില്‍ ഓര്‍മച്ചെപ്പില്‍നിന്ന് ഏതാനും പുറങ്ങള്‍ കടലാസിലാക്കിക്കൊടുക്കുകയും ചെയ്തു. ജനസംഘത്തിലും ബിജെപിയിലും പ്രേഷ്ഠസഹപ്രവര്ത്തകനായിരുന്ന തലശ്ശേരിയിലെ പരേതനായ അഡ്വ.എ.ഡി.നായര്‍, എന്റെ സാമാന്യം ദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിനിടെ ഇടപെടേണ്ടിവന്ന സാധാരണക്കാരായ സംഘപ്രവര്ത്തകരെക്കുറിച്ച് എഴുതിയാല്‍ നന്നായിരിക്കുമെന്ന് താത്പര്യപ്പെട്ട തും മനസ്സില്‍ വന്നു. ഈശ്വരാധീനത്താല്‍ പംക്തി മുടങ്ങാതെ 16 വര്‍ഷം കൊണ്ടുപോകാന്‍ കഴിയുകയും ചെയ്യുന്നു. അതിന് വളരെ പ്രോത്സാഹനകരമായ പ്രതികരണം തികച്ചും അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍നിന്നുപോലും ലഭിക്കുന്നത് ചാരിതാര്‍ത്ഥ്യം തരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്തെ പ്രഭാത നടത്തത്തിനിടെ എതിരെവന്ന, കവി പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരിയെ കണ്ടതും പഴയ യൂണിവേഴ്സിറ്റി കോളേജ് ദിനങ്ങള്‍ അനുസ്മരിച്ചതും ജന്മഭൂമിയിലെ പംക്തിയെ അഭിനന്ദിച്ചതും മറക്കാനാവില്ല. ഡോ.പ്രിയദര്ശന്ലാലും അപ്രകാരം അഭിനന്ദിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എളമക്കരയില്‍ താമസിച്ചിരുന്ന പഴയ സ്വയംസേവകന് വി.കെ.ഗോപാലനെ അനുസ്മരിച്ച് എഴുതിയതു വായിച്ച പെരുമ്പാവൂരിലെ പ്രഭാകരന് ഫോണില്‍ വിളിക്കുകയും അവിടെ സംഘപ്രവര്‍ത്തനം ആരംഭിച്ചകാലത്ത്, ഗോപാലന് ചെയ്ത കാര്യങ്ങളും വിവരിക്കാനാവാത്തത്ര കടുത്ത ദുരിതങ്ങള്‍ക്കിടയിലും ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതിനെപ്പറ്റിയും വിസ്തരിച്ചു പറഞ്ഞു. വളരെക്കാലത്തിനുശേഷം അദ്ദേഹത്തെക്കുറിച്ചുള്ള വിവരം അറിയുമ്പോള്‍ ഒന്നുകാണാന്‍പോലും കഴിയാത്തതിന്റെ പ്രയാസങ്ങളായിരുന്നു പ്രഭാകരന്. അതുപോലെ കണ്ണൂരില്‍നിന്നും ഒരാള്‍ അനുസ്മരിക്കുകയുണ്ടായി. മുന്കാര്യാലയ പ്രമുഖ് മോഹന്‍ജിയെ അനുസ്മരിച്ചത് വായിച്ചും ധാരാളംപേര്‍ സംസാരിച്ചിരുന്നു.
കേസരിവാരികയിലെ ചില ലേഖനങ്ങളും അതുപോലെതന്നെ വളരെ വികാരഭരിതനാക്കിയ പ്രതികരണങ്ങള്‍ക്കു കാരണമായി. വിശേഷിച്ചും രണ്ടുപേരുടെ കാര്യം എടുത്തുപറയേണ്ടതുണ്ട്. ചിന്മയാനന്ദ സ്വാമിജിയെപ്പറ്റി എഴുതിയ ലേഖനവും രാ.വേണുഗോപാലന്റെ നവതിയെക്കുറിച്ചെഴുതിയതുമായിരുന്നു അവര്‍ക്ക് പ്രചോദനം. ഒരാള്‍ മട്ടന്നൂരിനടുത്തു താമസക്കാരായ സദനം രാമചന്ദ്രന് എന്ന മദ്ദളവാദ്യകാരനും ആശാനും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ അച്ഛന് അവിടെ ആര്‍എസ്എസ് കാര്യവാഹ് ആയിരുന്ന അടിയന്തരാവസ്ഥക്കാലത്ത് അവരുടെ വീട്ടില്‍ കഴിയാനവസരമുണ്ടായി. അവിടെ നടത്തിവന്ന ക്ഷേത്രവാദ്യ വിദ്യാലയത്തിന്റെ നടത്തിപ്പുകാരായിരുന്നു അവര്‍. 1959 ല്‍ തന്നെ രാമചന്ദ്രനെ പരിചയപ്പെട്ടിരുന്നു. അക്കാലത്ത് നടന്ന പ്രമാദമായ പൈവളികെ കൊലക്കേസിലെ ഏക ദൃക്സാക്ഷിയായിരുന്നു ബാലനായ രാമചന്ദ്രന്. പ്രതികള്‍ കാസര്‍കോട്ടെ ധനാഢ്യ മുസ്ലിം പ്രമാണിമാരായിരുന്നു. അവരുടെ സമ്മര്‍ദ്ദവും ഭീഷണിയും അവഗണിച്ച് രാമചന്ദ്രന് തലശ്ശേരി കോടതിയില്‍ സാക്ഷി പറഞ്ഞത് സര്‍വത്ര അഭിനന്ദിക്കപ്പെട്ടു. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചുവെങ്കിലും അപ്പീലില്‍ മൈനറായ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്ന വാദം ഹൈക്കോടതി സ്വീകരിച്ചു, അവര്‍ വിട്ടയയ്ക്കപ്പെട്ടു. പേരൂര്‍ ഗാന്ധി സേവാസദനത്തില്നിന്ന് മദ്ദള പഠനം പൂര്‍ത്തിയാക്കി, വടക്കേ മലബാറിലെ കഥകളിയരങ്ങുകളിലും ക്ഷേത്രോത്സവങ്ങളിലും നിറഞ്ഞുനിന്ന വാദ്യക്കാരനായി രാമചന്ദ്രന് എവിടെപ്പോയാലും അവിടത്തെ സംഘശാഖയുമായി ബന്ധപ്പെടുന്നതിന് വീഴ്ചവരുത്തിയില്ല. കേസരിയില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു വിളിച്ചപ്പോള്‍ ഉദ്ദേശിച്ച ആളെത്തന്നെ ലഭിച്ചതിലുള്ള ആഹ്ലാദവും ആശ്വാസവും ആ വാക്കുകളില്‍ തുളുമ്പിനിന്നു. രാമചന്ദ്രന്റെ ഇന്നത്തെ സ്വരൂപം എങ്ങനെയെന്നറിയില്ല. 1958-64 കാലത്തെ മെലിഞ്ഞ, ബാലസ്വഭാവം വിടാത്ത ദേഹവും എടുത്താല്‍ പൊങ്ങില്ലെന്നു തോന്നിക്കുന്ന മദ്ദളത്തിന്മേലെ ചടുലമായ വിരല്പ്രയോഗവും മനസ്സിലുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സംതൃപ്തനാണ് എന്നു മനസ്സിലായി.
മറ്റൊരു ഫോണ്‍ വിളി വന്നത് ഇരിട്ടിക്കും പേരാവൂരിനുമിടയിലുള്ള കാക്കേങ്ങാട്ടുനിന്നാണ്. വിളിച്ചതാകട്ടെ തമ്പലക്കാട് രാമകൃഷ്ണന് എന്ന് പരിചയപ്പെടുത്തിക്കൊണ്ടും. എട്ടാം ക്ലാസിലോ ഒന്‍പതിലോ പഠിക്കുന്ന പയ്യന്റെ ചിരിക്കുന്ന മുഖമാണ് മനസ്സില്‍ തെളിഞ്ഞത്. അരനൂറ്റാണ്ട് മുമ്പ് കോട്ടയം ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ തമ്പലക്കാട്ടേയ്ക്കുള്ള കണ്ടകാകീര്‍ണമായ മൂന്നടിപ്പാതയിലെ ഒരിടത്താവളമായിരുന്ന രാമകൃഷ്ണന്റെ വീട്. രാമകൃഷ്ണന്റെ അച്ഛന്, മകനേക്കാള്‍ നിഷ്ഠയുള്ള സ്വയംസേവകനായിരുന്നു. രാമകൃഷ്ണന്റെ സഹോദരീപുത്രന് വാസുക്കുട്ടനും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പൊന്‍കുന്നത്തു നടന്ന ഭാസ്കര്‍ റാവുജി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന തമ്പലക്കാട്ടുകാരോടു രാമകൃഷ്ണനേയും വാസുക്കുട്ടനേയും കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായ വിവരം കിട്ടാന്‍ സാധിച്ചില്ല. ആളെ ശരിയായി വിവരിക്കാന്‍ എനിക്കു കഴിയാത്തതാവാം കാരണം. ബാവലിപ്പുഴയുടെ തീരത്ത് കൃഷിയും കാര്യങ്ങളുമായി സന്തുഷ്ടജീവിതം നയിക്കുന്ന രാമകൃഷ്ണന് അവിടത്തെ പരിവാര്‍ പ്രവര്‍ത്തകരുമായി ഉറ്റബന്ധം പുലര്‍ത്തുന്നു. അദ്ദേഹത്തിന്റെ ഒരു മകന് എളമക്കരയില്‍ പ്രാന്തകാര്യാലയത്തിനടുത്താണത്രേ താമസം. 1966 ലെ അതികഠിനമായ ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് നെല്‍കൃഷി തീരെയില്ലാതിരുന്ന തമ്പലക്കാട് സാമാന്യം സൗകര്യമുള്ളവര്‍പോലും എത്ര ബുദ്ധിമുട്ടിയിരുന്നുവെന്ന് ഓര്‍ത്തുപോവുകയാണ്. പാക്കിസ്ഥാനുമായുള്ള യുദ്ധവും കാലവര്ഷപ്പിഴയും കൂടിയായപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ ഇല്ലാതെയായി. പി.എല്‍ 480 പ്രകാരം അമേരിക്കന്‍ ഗോതമ്പു കപ്പല്‍ വരുന്നതു കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലക്കാര്‍ കപ്പയും ചേമ്പും മറ്റുമായി ദിവസങ്ങള്‍ പോക്കി. രാമകൃഷ്ണന്റെ വീട്ടില്‍ താമസിച്ചപ്പോള്‍ അരിഭക്ഷണം തരാന്‍ കഴിയാത്ത അച്ഛനമ്മമാരുടെ മനഃപ്രയാസം ഇന്നും മറക്കാനാവില്ല. ഒരാഴ്ചയില്‍ 70 ഗ്രാം അരിയാണ് റേഷന്‍കടകളില്‍ കിട്ടിയത്. അതിനെ കോഴിറേഷന്‍ എന്നു ജനങ്ങള്‍ പരിഹസിച്ചിരുന്നു.
ഇനിയുമൊരു ഫോണ്‍ സന്ദേശം വന്നതു മണ്ണാര്‍ക്കാട്ടിനടുത്ത് തിരുവിഴാംകുന്നില്‍ നിന്ന് ശിവശങ്കരന്റെതായിരുന്നു. ജനസംഘം സംഘടനാകാര്യദര്‍ശിയായിരുന്ന കാലത്ത് അദ്ദേഹവും ഭാര്യ ശ്രീവള്ളിയും വളരെ ഊര്‍ജസ്വലരായ പ്രവര്‍ത്തകരായിരുന്നു. ശിവശങ്കരന്റെ ശബ്ദംകൊണ്ടുതന്നെ ആളെ മനസ്സിലായി. അടിയന്തരാവസ്ഥയിലും അതിനുമുമ്പും അവര്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിച്ചു. ശ്രീവള്ളി സാമൂഹ്യസേവനരംഗത്തു പാലക്കാട് ജില്ലയിലെ തന്നെ മാതൃകയായി പ്രവര്‍ത്തിച്ചിരുന്നു. ഖാദിഗ്രാമോദയരംഗത്തുനിന്നാണെന്നുതോന്നുന്നു അവര്‍ക്ക് പരിശീലനവും പ്രചോദനവും ലഭിച്ചത്. അവരുടെ വീട്ടില്‍ എപ്പോള്‍ പോയാലും ധാരാളം സ്ത്രീകള്‍ ഉപദേശത്തിനും മാര്‍ഗദര്‍ശനത്തിനുമായി എത്തിയത് കാണാന്‍ കഴിഞ്ഞു.
നെയ്യാറ്റിന്‍കര മുതല്‍ തൃക്കരിപ്പൂര്വരെയുള്ള എത്രയോ സ്ഥലങ്ങളില്‍ നിന്ന് പഴയസഹപ്രവര്‍ത്തകര്‍ വിളിച്ചു കുശലാന്വേഷണം നടത്തുകയും സഹപ്രവര്‍ത്തകരായി കഴിഞ്ഞകാലത്തെ ഹൃദയംഗമമായ ഓര്‍മകളെ പുതുക്കുകയും ചെയ്ത അനുഭവം തീര്‍ച്ചയായും പുളകമണിയിക്കുന്നതുതന്നെയാണ്. ഇതെഴുതിക്കൊണ്ടിരിക്കെ തളിപ്പറമ്പില്‍ നിന്ന് ചേമ്പര്ലെയിന് ബാലന് വിളിച്ച് സംസാരിക്കുന്നു. വി.പി.ജനേട്ടന് കണ്ണൂര്‍ പ്രചാരകനായിരുന്ന കാലത്ത് സമ്മാനിച്ച ബിരുദമാണ് ചേമ്പര്‍ലേന്‍. ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറുമായി, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവില്‍ ചേമ്പര്‍ലേന്‍ മ്യൂണിക്കില്‍ നടത്തിയ കൂടിക്കാഴ്ച നയതന്ത്രപരമായ വിനാശം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. യുദ്ധം ആരംഭിക്കാന്‍ ഹിറ്റ്ലര്‍ക്ക് ധൈര്യം വന്നത് ആ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു. പക്ഷേ ബാലന് ചേമ്പര്‍ലേന്‍ എന്ന ബഹുമതി ജനേട്ടന് ചാര്ത്തിയതെന്തിനെന്നറിയില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് തളിപ്പറമ്പില്‍ പോയപ്പോള്‍ ബാലനെ കണ്ടിരുന്നു.
കേസരിയില്‍ രാ.വേണുവേട്ടന്റെ നവതി പ്രണാമം വായിച്ച് വിളിച്ചവരില്‍ കോഴിക്കോട്ടുകാര്‍ക്കു അവിസ്മരണീയനായ ശ്രീറാം ഗുര്‍ജറുടെ മകന് കിശോര്‍ ഉണ്ടായിരുന്നു. ബെംഗളൂരില്നിന്നായിരുന്നു വിളി. അദ്ദേഹം ബാലനായിരുന്നപ്പോള്‍ ഞങ്ങളോടൊപ്പം ഗുരുവായൂര്‍ സന്ദര്‍ശിച്ചതും മറ്റും ഓര്‍ത്തു. ശ്രീറാംജിയുടെ ധര്‍മപത്നിയും പഴയ സ്മരണകള്‍ വിവരിച്ചുകൊണ്ട് സംസാരിച്ചു.
ജന്മഭൂമിയിലും കേസരിയിലും വരുന്ന ലേഖനങ്ങള്‍ക്ക് അവയുടെ കര്‍ത്താക്കളെ സന്തോഷിപ്പിക്കുമാറു പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് പ്രസിദ്ധീകരണങ്ങള്‍ക്കും ലേഖകര്‍ക്കും സന്തോഷം നല്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: