മഴക്കാലം തണുപ്പും, സുഖവും നല്കുന്ന കാലം മാത്രമല്ല, ചര്‍മ്മം വിണ്ടുകീറലും, ഫംഗസ് ബാധയും, ചര്‍മ്മ സുഷിരങ്ങളില്‍ തടസവും നേരിടുന്ന കാലവുമാണ്. മഴക്കാലത്ത് ആരോഗ്യപൂര്‍ണ്ണവും തിളക്കമാര്‍ന്നതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചര്‍മ്മം ഏത് തരത്തിലായാലും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മുഖം കഴുകി മുഖത്തെ അഴുക്കും, പൊടിയുമൊക്കെ നീക്കണം. മഴക്കാലത്ത് ഇവ ഉണ്ടാകുന്നത് സാധാരണമാണ്. കൂടാതെ സദാസമയവും ഒരു പാക്കറ്റ് വെറ്റ് വൈപ്പുകള്‍ കയ്യില്‍ കരുതുകയും മുഖത്ത് ഒട്ടല് തോന്നുമ്പോള്‍ ഇവ ഉപയോഗിച്ച് തുടക്കുകയും ചെയ്യുക. ആഴ്ചതോറും വൃത്തിയാക്കുന്നത് വഴി മുഖത്ത് കുരുക്കള്‍ ഉണ്ടാവുന്നതും തടയാം. ഇതിനൊപ്പം മികച്ച നിലവാരമുള്ള ഒരു ഫേസ്വാഷും ഉപയോഗിക്കുക.
മഴക്കാലത്ത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ടോണര്‍ ഉപയോഗിക്കുക. ആല്‍ക്കഹോള്‍ അടങ്ങാത്ത ടോണര്‍ ദിവസം രണ്ട് പ്രാവശ്യം ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സും നിറവും നിലനിര്‍ത്തുകയും ചെയ്യും. ചര്‍മ്മത്തിന് ആരോഗ്യകരമായ കാഴ്ച നല്കാന് കറ്റാര്‍വാഴയുടെ ടോണര്‍ ഉത്തമമാണ്.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ കട്ടികൂടിയ ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നത് മുഖത്ത് പശപോലെയാകും. വെള്ളം അല്ലെങ്കില്‍ ജെല്‍ അടിസ്ഥാനമാക്കിയ ഒരു ലോഷന്‍ ഉപയോഗിച്ചാല്‍ ഈ പശിമ ഒഴിവാക്കാനാകും.
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന് കിട്ടാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവി പിടിക്കുന്നത് ഫലപ്രദമാണ്. ആവി ചര്‍മ്മത്തിന്റെ ഉള്പാളികളിലേക്ക് കടന്ന് ചെല്ലുകയും അഴുക്കുകള്‍ നീക്കം ചെയ്യുകയും ചെയ്യും. ചര്‍മ്മസുഷിരങ്ങള്‍ അടയുന്നതിന് ആവി പിടിച്ച് ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ ശേഷം ഐസ് ഉപയോഗിച്ച് മുഖത്ത് ഉരുമ്മുക. മഴക്കാലത്ത് ചര്‍മ്മത്തിന്റെ മേല്പാളി വരണ്ടുപോകും. ഇക്കാലത്ത് ചര്‍മ്മം മങ്ങിപ്പോവുകയും നിറം മാറുകയും ചെയ്യുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് മൃതകോശങ്ങളെ നീക്കംചെയ്യല്‍. മൃദുലമായ നാരുകളുള്ള സ്ക്രബ്ബ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. ഗ്ലൈക്കോളിക് കെമിക്കല്‍ ഉപയോഗിച്ച് മാസത്തില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് വഴിയും ആരോഗ്യവും, തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: