വനിതാ ശാക്തീകരണരംഗത്ത് സുദീര്‍ഘ സേവനം നടത്തിവരുന്ന തിരുവനന്തപുരം നഗരത്തിലെ സാംസ്കാരിക നായികയായ പ്രൊഫസര്‍ ജെ.ഇന്ദിര ശതാഭിഷേകത്തിന്റെ നിറവില്‍. അദ്ധ്യാപകവൃത്തിയില്‍ 30 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച പ്രൊഫസര്‍ ജെ. ഇന്ദിര സാമൂഹ്യസേവന രംഗത്തും സ്ത്രീശാക്തീകരണ രംഗത്തും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു. 1951 ല്‍ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കില്‍ പാസായ ഇന്ദിര ടീച്ചര്‍, ഓണേഴ്സിന് ഏറ്റവും കൂടുതല്‍ മാര്ക്കുലഭിച്ച ആദ്യ വനിത എന്ന നേട്ടത്തിനുടമയായി. കൃഷ്ണപ്പണിക്കര്‍ പുരസ്കാരവും അവര്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്തെ അദ്ധാപക കൂട്ടായ്മയില്‍ നിറസാന്നിദ്ധ്യമാണ് ഇവര്‍.
2000-2003 കാലത്ത് ഭാരതീദാസന്‍, മധുര കാമരാജ് യൂണിവേഴ്സിറ്റികളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.യൂണിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷന്റെ സ്ഥാപക രക്ഷാധികാരി, വിമന്‍സ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയില്‍ സജീവാംഗം എന്നീ നിലകളില്‍ തന്റെ സേവനംതുടരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ മഹാളാലയം പരിപാടിയിലെ സ്ഥിരം പ്രഭാഷകരില്‍ ഒരാളായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കായി സരോജനി സോദര്‍ കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ആദ്യ വനിതാ പ്രസിദ്ധീകരണത്തിന്റെ സ്ഥിരം കോളമിസ്റ്റുമായിരുന്നു.
ശ്രീനാരായണ ഭക്തസംഘങ്ങള്‍, സദനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് പ്രൊഫ.ഇന്ദിരയെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കുന്നത്.
തിരുവനന്തപുരത്തെ എസ്എന്‍വി സദനത്തിന്റെ വൈസ് പ്രസിഡന്റായും പ്രസിഡന്റായുമുള്ള ദീര്‍ഘകാലത്തെ സന്നദ്ധ സേവനം എടുത്തു പറയേണ്ടതാണ്. ഈ എണ്പത്തിനാലാം വയസിലും സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുന്നു. ആലപ്പുഴ ഓണാട്ടുകരയില്‍ കോമലേഴത്ത് തറവാട്ടിലെ അംഗവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഇംഗഌഷ് അദ്ധ്യാപകനാമായിരുന്ന ഡോ. കെ. ശ്രീനിവാസന്റെ(ശ്രീനി) പത്നിയുമാണ്.
തിരുവനന്തപുരത്ത്് കവടിയാര്‍ പാര്വതീനഗറില് ഇപ്പോള്‍ സ്ഥിരതാമസം. മാതൃകാ അദ്ധാപികയായും സാമൂഹ്യപ്രവര്‍ത്തകയായും സ്ത്രീശാക്തീകരണപ്രവര്ത്തകയായും ഇപ്പോഴും ടീച്ചര്‍ കര്‍മ്മനിരതയാണ്. ദീര്‍ഘകാലം അമേരിക്കയിലെ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ ഡയറക്ടറായിരുന്ന രാജീവ് ശ്രീനിവാസന്, നാഗര്കേവിലില് ഡോക്ടറായ ഡോ. ജയാ ഗൗതമന് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: