മനുഷ്യജന്മം അത്യപൂര്‍വമായ സിദ്ധിവിശേഷമാണ്. മനുഷ്യനായി പിറന്നതുകൊണ്ടുമാത്രം പരമപദപ്രാപ്തി ഉണ്ടാകണമെന്നില്ല. ‘ആയിരത്തിലൊരുവ’നു മാത്രമേ ആ ജന്മസാഫല്യം കൈവരികയുള്ളൂ. അത്തരം അത്യപൂര്‍വ്വം പുണ്യജന്മങ്ങളിലൊന്നാണ് ശ്രീമദ് സ്വാമിനി ശാരദാനന്ദ സരസ്വതി തിരുവടികള്‍. കൊട്ടാരക്കര താമരക്കുടി ജ്ഞാനകുടീരം മഠാധിപതിയായ സ്വാമിനിയുടെ അശീതിയാഘോഷങ്ങള്ക്ക് അമ്മയുടെ അനുയായികള്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ 11-ാം തീയതി വ്യാഴാഴ്ച അമ്മയ്ക്ക് എണ്പതു തികയുന്നു. ശതാഭിഷേകത്തിനു മുന്നോടിയായുള്ള ഈ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാടെമ്പാടുമുള്ള ഭക്തജനങ്ങള്‍ ജ്ഞാനകുടീരത്തില് ഒത്തുകൂടും. നിരവധി ആധ്യാത്മികാചാര്യന്മാരും
ഹിന്ദുസംഘടനാനേതാക്കളും അമ്മയക്ക് ആശംസകള്‍ നേരാന്‍ ആശ്രമത്തിലെത്തിച്ചേരും.
സാധാരണക്കാരായ ഭക്തജനങ്ങള്‍ക്ക് അമ്മ എന്നും അത്താണിയാണ്. സനാതന ധര്‍മത്തെ പഠിച്ച് പ്രചരിപ്പിക്കുന്നതിനോടൊപ്പം സ്വജീവിതത്തിലൂടെ പകര്‍ത്തിക്കാട്ടുക എന്നതാണ് അമ്മയുടെ പരമനിയോഗം. പരമാത്മതത്ത്വത്തെ തൊട്ടറിഞ്ഞ് അനുഭൂതി തലത്തിലെത്തിച്ച് അതിന്റെ മഹിമയും ഗരിമയും പരസഹസ്രം ഭക്തഹൃദയങ്ങളിലേക്ക് വാക്സുധയായി പകര്‍ന്നു നല്‍കുക എന്ന ഋഷിധര്മമാണ് അമ്മ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.
കൊല്ലവര്‍ഷം 1110 ഇടവമാസത്തിലെ ഉതൃട്ടാതിനാളില് കോട്ടയം ജില്ലയിലെ മീനടം എന്ന കുഗ്രാമത്തിലാണ് അമ്മയുടെ ജനനം. മീനടം ദേവീക്ഷേത്രത്തിന്റെ കോയ്മയായിരുന്ന നാരായണപ്പണിക്കരാണ് അച്ഛന്. നാട്ടില്‍ അറിയപ്പെടുന്ന കൊന്നയ്ക്കല്‍ തറവാട് ജന്മിത്തത്തിന്റെ ബാക്കിപത്രമായി ഇന്നും പരിഗണിച്ചുവരുന്നു. പാമ്പാടി എംജിഎം ഹൈസ്കൂളില്‍ അമ്മ ദീര്‍ഘകാലം മലയാള അധ്യാപികയായി സേവനമനുഷ്ഠിച്ചു. പില്ക്കാലത്ത് സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ വിരാജിച്ച നിരവധി വ്യക്തിത്വങ്ങള്‍ അമ്മയുടെ സ്നേഹവാത്സല്യം നിറഞ്ഞ ശിക്ഷണത്തിനു പാത്രീഭൂതരായവരാണ്.
അധ്യാപനവൃത്തി തുടരുന്നതോടൊപ്പം സനാതനധര്‍മ പ്രചാരകയായും അമ്മ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ‘പാര്‍ഥസാരഥി ഗീതാ ക്ലാസ്’ എന്ന പേരില്‍ ഒരാധ്യാത്മിക പഠനകേന്ദ്രം മീനടത്ത് അക്കാലത്ത് അമ്മ സ്ഥാപിച്ചു. നിരവധി യുവതീയുവാക്കളെ സനാതനധര്‍മത്തിന്റെ പ്രചാരകരുംവക്താക്കളുമാക്കി മാറ്റുവാന്‍ ഗീതാക്ലാസിലൂടെ അമ്മയ്ക്കു കഴിഞ്ഞു. അക്കൂട്ടത്തില്‍ അമ്മയുടെ ഒരു എളിയ ശിഷ്യനാകാനുള്ള ഭാഗ്യം പൂര്വപുണ്യംകൊണ്ട് ഈ ലേഖകനും ലഭിച്ചു. പാമ്പാടി, കോത്തല, കൂരോപ്പട, ചെറുവള്ളിക്കാവ്, തൃക്കോതമംഗലം തുടങ്ങിയ പരിസരഗ്രാമങ്ങളിലൊക്കെത്തന്നെ ഗീതാക്ലാസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഇളംപ്രായത്തില്‍ത്തന്നെ ലൗകികസുഖങ്ങളോട് കടുത്ത വിരക്തി അമ്മയ്ക്കുണ്ടായിരുന്നു. നാല്പതാംവയസ്സില് ജോലി രാജിവച്ച് നാടുവിട്ട അമ്മ കന്യാകുമാരിയിലെ ആനന്ദകുടീരത്തില്‍ അന്വര്ഥനാമാവായി വിരാജിച്ചിരുന്ന ശ്രീമദ് ജ്ഞാനാനന്ദസരസ്വതി സ്വാമികളില്‍ സ്വന്തം ഗുരുനാഥനെ കണ്ടെത്തി. കേസരി പത്രാധിപരും പില്ക്കാലത്ത് സന്ന്യാസം സ്വീകരിച്ച് പരമേശ്വരാനന്ദ സ്വാമിയുമായ സാധുശീലന്‍ പരമേശ്വരന്‍പിള്ളയാണ് ഗുരുശിഷ്യസമാഗത്തിനു വഴിയൊരുക്കിയത്. ഗുരുവിന്റെ നിയോഗപ്രകാരം അമ്മ മരുത്വാമലയിലെ ഗുഹാതടത്തില് ജലപാനം മാത്രം ചെയ്ത് ആറുമാസക്കാലം കഠിന തപസ്സനുഷ്ഠിച്ചു.
ശമയമനിയമാദികള് കര്‍ശനമായി പിന്തുടര്ന്ന് അമ്മ പ്രാചീനഭാരതത്തിന്റെ ഋഷിപരമ്പരയ്ക്കൊപ്പം ഇടം കണ്ടെത്തി ശാരദാനന്ദസരസ്വതി എന്ന സന്ന്യാസനാമം വരിച്ച് അനുഭവബഹുലമായ പരിവ്രാജകവൃത്തിക്കു തിരിച്ചു. മടങ്ങിയെത്തിയപ്പോള്‍ ഗുരുനാഥന് പരമപവിത്രമായ ഭാഗവതപുരാണം ‘ശാരദ’യുടെ കൈളിലേല്പ്പിച്ചു. ഭാഗവതധര്‍മം പ്രചരിപ്പിക്കുകയാണ് ശിഷ്യയുടെ സാധാനാമാര്ഗമെന്ന് നിര്‍ദ്ദേശിച്ചു. ഗുരുവിന്റെ നിയോഗം ശിരസാവഹിച്ചുകൊണ്ട് അമ്മ ഇന്നും ഭഗവത്ദാസിയായി ഭാഗവതസപ്താഹങ്ങള്‍ നടത്തിക്കൊണ്ട് ജനസഹസ്രങ്ങളെ അനുഗ്രഹിക്കുന്നു. മൂലവും കിളിപ്പാട്ടും ആ കൈകളില്‍ സുരക്ഷിതമാണ്. ആയിരത്തിലേറെ സപ്താഹയജ്ഞങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി അമ്മ നടത്തിക്കഴിഞ്ഞു.
അമ്മയെപ്പറ്റി പറയുമ്പോള്‍, രണ്ടു പരിചാരികമാരെ പരാമര്‍ശിക്കാതിരിക്കാനാകില്ല. ‘ക്ഷമാരമാലംകൃതപാര്ശ്വഭാഗം’ എന്നു പറയുംപോലെ ചന്ദ്രക്കലയെ അനുവര്‍ത്തിക്കുന്ന വിശാഖനക്ഷത്രങ്ങളെന്നപോലെ, അമ്മയുടെ ഇടവും വലവുമായി രണ്ടു ബ്രഹ്മചാരിണികള്‍-ഗീതയും മായയും- എപ്പോഴും കൂടെയുണ്ടാകും. സപ്താഹവേദികളില്‍ അമ്മയുടെ മനസ്സറിഞ്ഞ് പെരുമാറുന്ന ആ സുകൃതിനികള്‍ വാര്‍ധക്യത്തില്‍ അമ്മയ്ക്ക് താങ്ങായി വര്‍ത്തിക്കുന്നു.
ഭഗവത്കഥാമൃതം കോരിച്ചൊരിഞ്ഞ് നിരവധി തപ്തഹൃദയങ്ങളില് ശാന്തിയുടെ കുളിരുകള്‍ പകര്‍ന്ന് സ്വാമിനി എണ്‍പതിലെത്തി നില്‍ക്കുകയാണ്. ആ പുണ്യജന്മത്തിന് ശ്യാമസുന്ദരനായ വേണുഗോപാലന്‍ ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്കുമാറാകട്ടെ!
”ശതം ജീവ ശരദോ വര്‍ധമാന”
പ്രതികരിക്കാൻ ഇവിടെ എഴുതുക: