ബാലുശ്ശേരി (കോഴിക്കോട്): ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ടിന്റുലൂക്ക സ്വര്‍ണ്ണം നേടിയതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് കിനാലൂര്‍ ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ സഹപാഠികള്‍. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ ടിന്റു ലൂക്ക തനിക്ക് സ്വര്‍ണ്ണം നേടണമെന്നുള്ള സ്വപ്നം ചൈനയിലെ വുഹാനില്‍ സാക്ഷാത്കരിച്ചാണ് ഇന്ത്യയുടെ അഭിമാനമായത്. അന്താരാഷ്ട്ര മീറ്റിലെ ടിന്റുവിന്റെ ആദ്യ സ്വര്‍ണ്ണമാണിത്. രണ്ടു മിനുട്ട് 01.53 സെക്കന്റിലാണ് ഫിനീഷ്ചെയ്തത്.
ടിന്റുവും ജിസ്നാമാത്യൂവും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം നാലേ നാന്നൂറ് റിലേയില്‍ വെളളിയും കരസ്ഥമാക്കി. അവധിദിവസമായ ഇന്നലെ ഉഷ സ്കളിലെ കുട്ടികള്‍ ആഘോഷത്തിലായിരുന്നു. ടിവിയില്‍ മത്സരം തല്‍സമയം ഇല്ലാത്തതിനാല്‍ വാര്‍ത്താ ചാനലുകളുടെ മുന്നിലായിരുന്നു കുട്ടികള്‍.
കണ്ണൂര്‍ ഇരിട്ടിയിലെ മലയോര ഗ്രാമത്തില്‍ നിന്ന് ഇന്ത്യയുടെ നേട്ടത്തിന്റെ നെറുകയിലേക്ക് ടിന്റുവിനെ എത്തിക്കാന്‍ കഠിന പ്രയത്നമാണ് പി. ടി. ഉഷ നടത്തിയത.് ചെറുപ്പം മുതല്‍ മികവ് കാണിച്ച ടിന്റുവിനെ തിരിച്ചറിഞ്ഞതിന്റെ നേട്ടം മാതാപിതാക്കള്‍ക്കും ട്രാക്കില്‍ റണ്ണിങ്ങിന്റെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ പരിശീലകര്ക്കുമൊക്കെ അവകാശപ്പെട്ടതാണെങ്കിലും പി. ടി. ഉഷയുടെ കൈകളിലെത്തിയതോടെയാണ് ടിന്റു മിന്നി തിളങ്ങിയത്. വാളത്തോട് സ്കൂളിലേക്കായി നാട്ടിടവഴികളില്‍ ഓടികയറിയ ഊര്‍ജമാണ് ടിന്റു ലൂക്കയെ ലോകമറിയുന്ന അത്ലറ്റാക്കിയത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ടിന്റു ലൂക്ക ഉഷാസ്കൂളിലെത്തുന്നത്.
പഠിക്കുന്ന കിനാലൂര്‍ ഉഷാസ്കൂള്‍ അത്ലറ്റിക്സ് ഗ്രൗണ്ടിലും മംഗലാപുരത്തും എറണാകുളത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സിന്തറ്റിക് ട്രാക്കിലുമായിരുന്നു പരിശീലനം. ചേളന്നൂര്‍ എസ്.എന്‍. കേളേജില്‍ നിന്നും ബി കോം ബിരുദം നേടിയ ടിന്റുലൂക്ക ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കോഴിക്കോട് കേന്ദ്രത്തില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്. ഇരിട്ടി വാളത്തോട് കളത്തിങ്കല്‍ ലൂക്കയുടേയും ലിനി ലൂക്കയുടേയും മകളാണ് അര്ജുനപുരസ്ക്കാരത്തിന് അര്‍ഹയായ ടിന്റു ലൂക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: