കോട്ടയം: സ്വര്‍ഗ്ഗീയ വിരുന്നിന്റെ മതംമാറ്റ കേന്ദ്രത്തിന്റെ നിര്‍മ്മാണാനുമതി കഴിഞ്ഞ ഡിസംബറില്‍ ജില്ലാ കളക്ടര്‍ നിരസിച്ചത് അട്ടിമറിക്കാന്‍ നിലവിലെ കളക്ടറുടെ ഒത്താശയോടെ ന്യൂനപക്ഷ കമ്മീഷന് രംഗത്ത്. ആരാധനാലയ നിര്‍മ്മാണത്തിന് ജില്ലാ കളക്ടറാണ് അനുമതി നല്‍കേണ്ടതെന്ന് ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ന്യൂനപക്ഷ കമ്മീഷനും ജില്ലാ കളക്ടറും സ്വാധീനത്തിനു വഴങ്ങി സാമുദായിക ധ്രുവീകരണത്തിന് ഗൂഢാലോചന നടത്തുകയാന്നെ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് ആരോപിച്ചു. പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും, സാമുദായിക സംഘടനകളുടെ എതിര്‍പ്പും പരിഗണിച്ച് മുന്‍ ജില്ലാ കളക്ടര്‍ നിരസിച്ച മതംമാറ്റ കേന്ദ്രത്തിന്റെ നിര്‍മ്മാണാനുമതി പുനഃപരിശോധിക്കാനുള്ള നീക്കം സാമുദായിക സംഘര്‍ഷത്തിന് വഴിതെളിക്കുമെന്ന് ഉണ്ണികൃഷ്ണന് മുന്നറിയിപ്പു നല്കി. ആരാധനാലയ നിര്‍മ്മാണ വിഷയത്തില്‍ യാതൊരു അധികാരവുമില്ലാത്ത ന്യൂനപക്ഷ കമ്മീഷന് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ജില്ലാ കളക്ടറുടെയും ന്യൂനപക്ഷ കമ്മീഷന്റെയും ഗൂഢാലോചനയെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: