മുണ്ടക്കയം: പൊതുസ്ഥലങ്ങളില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. ഏറ്റുമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനി കണ്ണംപുര ഭാഗം വലിയപറമ്പില്‍ സുബിന് സാബു (22), മുണ്ടക്കയം ഈസ്റ്റ് പാലൂര്‍ക്കാവ് മാന്തറയില്‍ ധനേഷ് (32), വെസ്റ്റ് ബംഗാള്‍, മൂഷിദാബാദ് സ്വദേശി ഹസനു ജമാന്‍ (37) എന്നിവരാണ് പിടിയിലായത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ഏറ്റുമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം ഹോട്ടലുകളിലെയും കേറ്ററിംഗ് കമ്പനികളിലെയും മാലിന്യങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ ശേഖരിക്കുന്നവരാണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30ന് വെള്ളനാടി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനിലെ റബര്‍ തോട്ടത്തില്‍ മാലിന്യങ്ങളുമായി എത്തിയ സംഘം ടിപ്പര്‍ ലോറിയിലെ മാലിന്യങ്ങള്‍ റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ തോട്ടത്തില്‍ മാലിന്യങ്ങള്‍ വഴിയോരത്തു തളളിയിരുന്നു. ലോറി പോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ മൂന്നംഗ സംഘം ലോറി മൂന്നോട്ട് എടുത്ത് അപായപെടുത്താന്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്നവര്‍ വന്‍ തടികളും പാറകളും റോഡിലേക്കു തളളിയിട്ടു ലോറി പോകാനനുവദിക്കാതെ തടസമുണ്ടാക്കുകയായിരുന്നു. ഇതോടെ സംഘം ലോറിയില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസുകാര്‍ക്കു കൈമാറി.
ഏറ്റുമാനൂര്‍ സ്വദേശി അനീഷ് ശശികുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.ഈ ലോറിയില്‍ സ്ഥിരമായി മാലിന്യങ്ങള്‍ ശേഖരിച്ച് തള്ളുന്നതാണന്നു കണ്ടെത്തിയിട്ടുണ്ട്. പെരുവന്താനം പഞ്ചായത്തിലെ കണ്ടയങ്കവയല്, അമലഗിരി, പാലക്കുഴി മേഖലയില്‍ രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമാണ്.നാട്ടുകാര്‍ ലോറിയുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള പരാതി പെരുവന്താനം പോലീസില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുവന്താനം പോലീസ് മുണ്ടക്കയത്തെത്തി ലോറി നമ്പര്‍ തിരിച്ചറിഞ്ഞു.ഇവര്‍ തന്നെയാണ് പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ മാലിന്യം തള്ളുന്നതെന്നും കണ്ടെത്തി. മുണ്ടക്കയം സ്വദേശിയുടെ സഹായത്തോടെയാണ് ഇവര്‍ മേഖലയില്‍ മാലിന്യവുമായെത്തുന്നത്. ഇയ്യാളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.മുണ്ടക്കയം എസ്.ഐ എ.സി.മനോജ്കുമാര്‍,എ.എസ്.ഐമാരായ കെ.എച്ച് നാസര്‍, എം.സോമന്, . സി.പി.ഒ ബിബിന്‍ കരുണാകരന് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: