കോട്ടയം: കേരളത്തിലെ പ്രമുഖ ജലാശയങ്ങളിലൊന്നായ വേമ്പനാട്ട് കായലിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷണ സമൂഹം ഉണ്ടാവണം. നമ്മുടെ ദേശത്തിന്റെ ക്ഷാമകാലത്ത് ഒരുലക്ഷം ഏക്കര്‍ കായല്‍ നികത്തി കൃഷി തുടങ്ങിയതാണ് കുട്ടനാട്ടില്‍. അതിനുശേഷവും വേമ്പനാട്ട് കായല്‍ പ്രകൃതിസമ്പത്തുകള്കൊണ്ട് നമ്മെ അനുഗ്രഹിച്ചിരുന്നു. 2013ല്‍ കുട്ടനാടിനെ ആഗോള കാര്‍ഷിക പൈതൃക കേന്ദ്രമായി ഐക്യരാഷ്ട്ര സഭ പ്ര്യാപിക്കുകയും ചെയ്തു. ഭാരതത്തിലെ മറ്റൊരു കാര്‍ഷിക പൈതൃക കേന്ദ്രം ഒറീസയിലെ ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ കാര്‍ഷിക മേഖലയാണ്. കുട്ടനാട്ടിലെ കൃഷിയിടങ്ങളും വേമ്പനാട് കായലും ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.
കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനിയും നഗരമാലിന്യങ്ങളും വേമ്പനാട് കാലയിന് ഭീഷണിയാകുന്നു. കിഴക്കന്‍ പ്രദേശങ്ങളിലെ കാര്‍ഷിക വൃത്തിക്കുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലിലെത്തുന്നു. കൂടാതെ ഓരോ രാത്രിയിലും കായലില്‍ തള്ളുന്നത് ടണ്‍ കണക്കിന് കക്കൂസ് മാലിന്യമാണ്. തണ്ണീര്‍മുക്കം ബണ്ടിലും മറ്റും ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന കക്കൂസ് മാലിന്യം കായലിലേക്ക് തളളുകയാണ്. ഇത്തരത്തിലുള്ള മലിനീകരണങ്ങള്‍ തടയുന്നതിന് പരിസ്ഥിതി പോലീസ് സേന ആവശ്യമാണെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. അവധി ദിവസങ്ങളില്‍ നടക്കുന്ന പാടം നികത്തല്‍ തടയുന്നതിനും ഈ സേനാസംവിധാനം സഹായകമാകും.
കായല്നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് ആഴം കുറയുന്നതുമായി ബന്ധപ്പെട്ടതാണ്. കിഴക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന പാറപൊട്ടിക്കലും മണ്ണെടുപ്പുമെല്ലാം വേമ്പനാട് കായലിന്റെ ആഴം കുറയുവാന്കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. മലമ്പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഇളകുന്ന മണ്ണ് മീനച്ചിലാറ്റിലൂടെയും പമ്പയാറ്റിലൂടെയും ഒഴുകി വേമ്പനാട് കായലിലെത്തും. ഉരുള്‍ പൊട്ടലിലൂടെ ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിലും ടണ്‍കണക്കിന് ചെളിയും മണ്ണും കായലില്‍ വന്നെത്തുന്നു. തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഈ മണ്ണും ചെളിയും കടലിലേക്ക് ഒഴുകിപ്പോകുന്നത് തടയപ്പെട്ടു. മണ്ണും ചെളിയും കായലില്‍ അടിഞ്ഞ് ആഴം കുറയാന കാരണമാകുന്നു.
വേമ്പനാട് കായലില്‍ നിന്നും നാടന്കൊഞ്ച് അടക്കം പതിനാലിനം മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിച്ചതായി പഠനങ്ങളില്‍ വ്യക്തമാകുന്നു. നാടന്‍ മുഷി, ആരകന്‍ എന്നീ മത്സ്യഇനങ്ങളും വംശനാശം സംഭവിച്ചതില്പ്പെടുന്നു. മഞ്ഞക്കൂറി ഇല്ലാതായെങ്കിലും കുമരകത്ത് ഇതിന്റെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ച് കായലില്‍ നിക്ഷേപിച്ചു. തന്മൂലം മഞ്ഞക്കൂരിയെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കാനായി. ഇത്തരം നടപടികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടത്തിയാല്‍ മാത്രമേ വേമ്പനാട്ടുകായലിലെ മത്സ്യ സമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയൂ.
ആല്‍മുത്തശ്ശിയുടെ കഴുത്തില്‍ മഴു വീഴുന്നു
തുരുത്തി: എം.സി റോഡ് വികസനം അതിവേഗം പുരോഗമിക്കുമ്പോള്‍ തുരുത്തി പുന്നമൂട് കവലയില്‍ വഴിയാത്രികര്‍ക്കും, ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും വാഹനയാത്രക്കാര്ക്കുംതണലേകി തലയുയര്‍ത്തിനിന്നിരുന്ന ആല്‍മരം ഇനി ഓര്‍മ്മയിലേക്ക്. ആല്മരമുത്തശ്ശിക്കുമേല് ഉടന്‍തന്നെ മഴു വീഴും എന്ന വിഷമത്തിലാണ് നാട്ടുകാര്‍. റോഡിന്റെ വികസനം ആഗ്രഹിക്കുന്നു എങ്കിലും, പ്രദേശവാസികള്‍ വൃക്ഷമുത്തശ്ശിയെ വെട്ടിമാറ്റുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്താനാകാതെ നിസ്സഹായരാണ്. ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊച്ചാലുംമൂട്ടില്‍ രാജപ്പനും ചെമ്പകശ്ശേരി കുട്ടി മണ്ണാനും ചേര്‍ന്നാണ് ഇവിടെ ആല്രവും പ്ലാവും നട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കൂട്ടത്തില്‍ ഉണ്ടായിരുന്ന പ്ലാവ് രണ്ടാഴ്ചമുമ്പ് മുറിച്ചുമാറ്റിയിരുന്നു. ഏതുനിമിഷവും ആല്‍മര മുത്തശ്ശിക്കും മുറിച്ചുമാറ്റപ്പെടും.
നക്ഷത്ര-കുട്ടിവനങ്ങളുടെ
സംസ്ഥാനതല ഉദ്ഘാടനം
കോട്ടയം: നക്ഷത്ര വനങ്ങള്‍ക്കും കുട്ടിവനങ്ങള്ക്കും തുടക്കം കുറിച്ചുകൊണ്ട് ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള നേച്ചര്‍ അപ്രീസീയേഷന് സെന്റര്‍, നദീതീര സംരക്ഷണം, ഇന്സ്റ്റിറ്റിയൂഷന് പ്ലാന്റിംഗ് കണ്ടല്‍/സര്‍പ്പക്കാവ് സംരക്ഷണം തുടങ്ങിയ നൂതന പദ്ധതികള്‍ക്കും തുടക്കം കുറിക്കും. കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യ രഹിതമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്നു നടപ്പാക്കുന്ന ശുചിത്വ കോട്ടയം പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോആന്റണി, ജോയ് ഏബ്രഹാം, എംഎല്‍എ മാരായ സി.എഫ് തോമസ്, ഡോ. എന്‍.ജയരാജ്, പി.സി ജോര്‍ജ്ജ്, കെ. സുരേഷ്കുറുപ്പ്, മോന്‍സ് ജോസഫ്, കെ.അജിത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കൂത്രപ്പള്ളി പാതയോര പൂന്തോട്ടം മാതൃകയാകുന്നു
കറുകച്ചാല്‍: മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് മാതൃകയായി കൂത്രപ്പള്ളി കാസിന്റെ പാതയോര പൂന്തോട്ടം ഒരു വയസ്സു പിന്നിടുന്നു. മാലിന്യ നിക്ഷേപം പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനൊപ്പം സ്വന്തമായി പൂന്തോട്ടം ഇല്ലാത്തവര്‍ക്കും പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ അവസരം ഒരുക്കിക്കൊണ്ട് നാടിന്റെ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ തറയില്പ്പടിക്കു സമീപം കാസ് പാതയോര പൂന്തോട്ടം ഒരുക്കിയത്. മൂന്നു മീറ്റര്‍ വീതിയില്‍ 150 മീറ്ററോളം ദൂരത്തിലാണ് ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. 1 വര്‍ഷത്തിനു മുമ്പു വരെ അറവു ശാല മാലിന്യങ്ങളുടെയും മദ്യക്കുപ്പികളുടേയും നിക്ഷേപ സ്ഥലമായിരുന്നു ഈ സ്ഥലം. പലപ്പോഴും വഴി യാത്രക്കാര്‍ക്ക് മൂക്കു പൊത്താതെ നടപ്പുപോലും പ്രയാസമായിരുന്നു. എന്നാല്‍ വളരെയധികം ചെടികളും പൂക്കളുംകൊണ്ട് ഈ പ്രദേശം മനോഹരമായി തീര്‍ന്നിരിക്കുകയാണ്. ഈ പ്രദേശം മാലിന്യ ഗന്ധത്തിനു പകരം പൂക്കളുടെ സൗരഭ്യമാണിപ്പോള്. ഏകദേശം പതിനയ്യായിരത്തോളം രൂപാ മുടക്കി സ്ഥലം ഒരുക്കിയെടുത്ത് ചെടികള്‍ വിലക്കു വാങ്ങിയാണ് ഈ പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. ഇടയ്ക്ക് സാമൂഹ്യ വിരുദ്ധര്‍ ചെടികള്‍ മോഷ്ടിക്കുക പതിവായിരുന്നു. ഇപ്പോള്‍ എല്ലാ ഞായറാഴ്ചകളില്‍ കാസിലെ അംഗങ്ങള്‍ പൂന്തോട്ടപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വില കൊടുത്തു വാങ്ങിയ പല ചെടികള്‍ക്കുമൊപ്പം സീസണല്‍ ചെടികളും ഇപ്പോള്‍ ഇവിടെയുണ്ട്. 2001 ജനുവരി 28 നു രൂപീകൃതമായ കൂത്രപ്പള്ളി അനശ്വര സ്വയം സഹായ സംഘമെന്ന കാസിന് ഇന്ന് ഈ പാതയോര പൂന്തോട്ടം കൂടാതെ, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വളരെ വലിയ ജോലി സാധ്യത നല്കി ക്കൊണ്ട് കാസ് ഇവന്‍സ് എന്ന ബിസിനസ് സംരംഭത്തിനു തുടക്കം കുറിക്കുവാന്‍ സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ യുവ സംരംഭക്കാര്ക്കായുള്ള ധനസഹായവും വ്യക്തിപരമായ മുതല്‍ മുടക്കുകളും ഉള്‍പ്പെടുത്തിയാണ് ഇ സംരംഭത്തിന് കാസ് തുടക്കം കുറിച്ചിരിക്കുന്നത്. നാടിന്റെ മുഖഛായക്കു തന്നെ മാറ്റം വരുത്തുന്ന പാതയോര പൂന്തോട്ടം പദ്ധതി ഈ പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തുകള്‍കൂടി ഇടപെട്ട് നാട്ടിലൊന്നാകെ നടപ്പാക്കിക്കാണണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ കാസിന്റെ അംഗങ്ങള്‍ക്കുള്ളത്.
എല്ലാ ദിനവും പരിസ്ഥിതി ദിനമാക്കി രാജു
കോട്ടയം: വര്‍ഷത്തില്‍ ഒരു ദിവസം മാത്രമല്ല എല്ലാ ദിവസവും പരിസ്ഥിതി ദിനമായി ആഘോഷിക്കണമെന്നാണ് രാജു പറയുന്നത്. നഗരത്തില്‍ തിരുനക്കര മൈതാനിക്കു സമീപം ഫലവ്യക്ഷ തൈകളും പച്ചക്കറിതൈകളും വിറ്റ് ജീവിതം പുലര്‍ത്തുകയാണ് തിരുവാതുക്കല്‍ വരകുംവേലിച്ചിറ വീട്ടില്‍ രാജു. ഏകദേശം 35 വര്‍ഷത്തോളമായി ഇദ്ദേഹവും സുഹൃത്തായ പുത്തനങ്ങാടി സ്വദേശിയായ കര്‍ണ്ണനും ഫലവൃക്ഷത്തൈ വില്‍പ്പന നടത്തുവാന്‍ തുടങ്ങിയിട്ട്. കര്ണന് ശാരീരികമായ അസ്വസ്ഥതകള്‍ മൂലം 2 വര്‍ഷമായി വില്‍പ്പനക്ക് വരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് രാജുവിനെ വിഷമിപ്പക്കുന്നത്. അതിനാല്‍ രാജു ഒറ്റയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്.
പെരുമ്പാവൂര്‍, തമിഴ്നാട്ടിലെ ഡിണ്ടിക്കല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഈ തൈകള്‍ വില്‍പ്പനയ്ക്കായി വാങ്ങുന്നത്്. കര്‍ണ്ണനും രാജുവും കൂടി ഇത്തരത്തില്‍ തൈകള്‍ വില്‍പ്പന ആരംഭിച്ചപ്പോള്‍ കര്ണ്ണന് തൈവില്‍പ്പന നടത്തുകയും രാജു തമിഴ്നാട്ടിലും മറ്റും പോയി വില്‍പ്പനയ്ക്കായുള്ള തൈകള്‍ വാങ്ങുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ കര്ണ്ണന് ഇപ്പോള്‍ വരാന്‍ സാധിക്കാത്തതുമൂലം രാജു തന്നെയാണ് തൈകള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം.
വൃക്ഷത്തൈകളില്‍ ചന്ദനം, തേക്ക്, മഹാഗണി, അരളി, നെല്ലി, ആരിവേപ്പ്, മാദള നാരകം എന്നിവയും പച്ചക്കറി തൈകളില്‍ കറിവേപ്പ്, പച്ചമുളക്, വഴുതന, കാന്താരി, പ്ലം എന്നിവകളുടെ തൈകളുമാണ് വില്‍ക്കുന്നത്. 30 രൂപമുതലാണ് തൈകളുടെ വില ആരംഭിക്കുന്നത്. ദിവസവും അനേകം ആള്‍ക്കാരാണ് രാജുവിന്റെ പക്കല്‍ തൈകള്‍ക്കായി ഓര്‍ഡര്‍ ചെയ്യുന്നത്. ഇവയില്‍ മഹാഗണിയും തേക്കുമാണ് കൂടുതലായും ആള്ക്കാര് ഓര്‍ഡര്‍ ചെയ്യുന്നതെന്നും ഇദ്ദേഹം പറയുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് തൈകള്‍ വാങ്ങാനായി പോകുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂടുതലും പച്ചക്കറിത്തൈകള്‍ക്കും ഫലവൃക്ഷത്തൈകള്‍ക്കും ആവശ്യക്കാരേറുന്നത്. ആ സമയത്ത് തൈകള്‍ക്ക് വലിയ ചിലവാണ് ഉണ്ടാകുന്നതെന്നും രാജു പറയുന്നു.
ഔഷധത്തോട്ടമൊരുക്കി കുടുംബകൂട്ടായ്മ
കുറവിലങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതി വീടുകളില്‍ ഔഷധത്തോട്ടമൊരുക്കി കുടുംബകൂട്ടായ്മ ശ്രദ്ധനേടുന്നു. മര്‍ത്ത്മറിയം ഫൊറോന ഇടവകയിലെ മണ്ണയ്ക്കനാട് വിശുദ്ധ അംബ്രോസ് കുടുംബകൂട്ടായ്മയാണ് വേറിട്ട പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധനേടുന്നത്. കൂടുംബങ്ങളിലെല്ലാം വിവിധ ഇനങ്ങളിലുള്ള ഔഷധസസ്യങ്ങള്‍ക്കൊപ്പം മറ്റ് വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആലില പദ്ധതി പ്രയോജനപ്പെടുത്തിയാണ് ഔഷധത്തോട്ടമൊരുക്കുന്നത്.
കായല്‍ സംരക്ഷിക്കണം: ബിജെപി
കോട്ടയം: മദ്ധ്യകേരളത്തിന്റെ പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും പ്രധാന പങ്കുവഹിക്കുന്ന വേമ്പനാട്ടുകായല്‍ സംരക്ഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കോടിക്കണക്കിനു ജനങ്ങളുടെ കുടിവെള്ള സ്രോതസായ ഈ ജലാശയത്തെ മലിനപ്പെടുത്തുന്നതിനുമെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ചുവടുപിടിച്ച് ബിജെപി ജില്ലാ പരിസ്ഥിതി സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വേമ്പനാട്ടുകായല്‍ സംരക്ഷണ ജലയാത്ര കോട്ടയം ബോട്ടുജെട്ടിയില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രവീണ്‍ ജോര്‍ജ് ഇട്ടിച്ചെറിയ പരിസ്ഥിതി സന്ദേശം നല്കി. കെ.കെ. മണിലാല്‍, കുസുമാലയം ബാലകൃഷ്ണന്, നാസര്‍ റാവുത്തര്‍, ടി.എന്‍. ഹരികുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്, രാജേഷ് ചെറിയമഠം, ഹരി, സുമാ മുകുന്ദന്, ജയപ്രകാശ്, സുജാത സദന്, സിന്ദു അജി എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങൂര്‍ -വാഴൂര്‍ കോളജ് റോഡ് ഞാവല്‍ വീഥിയാകുന്നു
കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ – വാഴൂര്‍ കോളജ് റോഡ് ഞാവല്‍ വീഥിയാകും. കൊടുങ്ങൂര്‍ മുതല്‍ വാഴൂര്‍ കോളേജ് വരെയുള്ള റോഡിന്റെ വശങ്ങളില് ഞാവല്‍ തൈകള്‍ വച്ചു പിടിപ്പിക്കും. ആയിരത്തിലധികം ഞാവല്‍ തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വൃക്ഷപരിസ്ഥിതി സമിതി, ഗ്രാമപഞ്ചായത്ത്, വാഴൂര്‍ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തൈകള്‍ നട്ടുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിയുടെ അധ്യക്ഷത വഹിക്കും. പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: