കൊല്ലം :സ്വകാര്യമേഖലയിലെ വിവിധ ആശുപത്രികള്‍ക്ക് സഹായകരമായ രീതിയില്‍ ജില്ലാ ആശുപത്രിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന വിരുദ്ധ ശക്തികള്‍ക്കെതിരെ പൊതുജനവികാരമുയരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് പറഞ്ഞു. ജില്ലാ ആശുപത്രിയുടെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രത്യേക ലോബികള്‍ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്കും സ്കാനിംഗ് സെന്ററുകള്‍ക്കും സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്പര്യക്കാരുടേയും ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അനുവദിക്കുകയില്ല. ജില്ലാ ആശുപത്രിയിലേക്ക് ഈ അടുത്ത സമയം സ്ഥലം മാറിവന്ന ഡോക്ടറെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഈ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂറോളജിസ്റ്റ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ ഡോക്ടറെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇക്കാര്യത്തിലുള്ള ഉത്തരവ് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചിരുന്നു. ഈ ഉത്തരവില്‍ ഒരിടത്തും ഡോക്ടറെ ന്യൂറോളജിസ്റ്റായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ന്യൂറോളജിസ്റ്റിന്റെ പ്രവര്‍ത്തനം ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകും എന്ന കാര്യം കണക്കിലെടുത്ത് ഡോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം നിയമപ്രകാരമുള്ള ഡ്യൂട്ടിക്ക് പുറമേ രണ്ട് ദിവസം ന്യൂറോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു.
എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിയമപ്രകാരമുള്ള മെഡിക്കല്‍ ഒ.പി. യില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ന്യൂറോ ഒ.പി. മാത്രമേ നോക്കുകയുള്ളുവെന്നുള്ള തലത്തിലേക്ക് ഡോക്ടര്‍ എത്തുകയും ഇത് സാധിച്ചെടുക്കുന്നതിനായി വിവിധ തലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച പോസ്റ്റിലുള്ള ജോലി മാത്രം ചെയ്താല്‍ മതിയെന്ന് എച്ച്.എം.സി. തീരുമാനിക്കുകയും അത് അവരെ അറിയിക്കുവാന്‍ ഡി.എം.ഒ. യെയും സൂപ്രണ്ടിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: