ന്യൂദല്‍ഹി: വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എല്‍എല്‍ പതുക്കെ ലാഭത്തിലേക്ക് മടങ്ങിയെത്തുകയാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്. 2004ല്‍ ബിഎസ്എല്‍എല്‍ 1000 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാല്‍ 2014ല്‍ താന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് നഷ്ടം 7500 കോടി രൂപയായിരുന്നു. എംടിഎന്‍എല്ലും 2008ല്‍ ലാഭത്തിലായിരുന്നു. താന്‍ ചുമതലയേറ്റ സമയത്ത് ഇതും നഷ്ടത്തിലായിരുന്നു. നഷ്ടം പരിഹരിച്ചുവരികയാണ്. മന്ത്രി പറഞ്ഞു.
ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ലേലങ്ങള്‍ വഴി 1,09,874 കോടി രൂപയാണ് നേടാനായത്. തന്റെ മന്ത്രാലയത്തിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. മുന്‍പ് ലേലം വഴി ലഭിച്ചിരുന്നത് വെറും 80,277 കോടി മാത്രമായിരുന്നു. സദ്ഭരണം വഴി മാത്രമാണ് ഒരു ലക്ഷം കോടിക്കു മുകളില്‍ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്.
2015 ഏപ്രില്‍ വരെയായി നൂറു കോടി ഫോണ്‍ കണക്ഷനുകളാണ് ബിഎസ്എന്‍എല്ലിന് നേടാനായത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയാത്ത നേട്ടമാണ് പതിനൊന്നു മാസം കൊണ്ട് നേടിയത്. മന്ത്രി തുടര്‍ന്നു. ബ്രോഡ് ബാന്‍ഡ് കണക്ഷന് എണ്ണവും കൂടി. 2014 മെയില്‍ 653.3 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇത് 992 ലക്ഷം കണക്ഷനുകളായി.
വിദേശ നിക്ഷേപം
ടെലികോം മേഖലയിലെ വിദേശ നിക്ഷേപം 28530 ലക്ഷം ഡോളറായി. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ബിഎസ്എന്‍എല്‍ പുതുതായി 25645 റിസീവര്‍ സ്റ്റേഷനുകള്‍ പണിതുവരികയാണ്. 4805 കോടിയാണ് ചെലവ്. അഞ്ചു വര്‍ഷത്തിനിടെ ഇൗ മേഖലയില്‍ ഇത്രയും മുതല്‍മുടക്ക് ഇതാദ്യമാണ്. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 15000 റിസീവര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
കൊച്ചിയില്‍ വൈ ഫൈ
കൊച്ചി, വാരാണസി സ്നാനഘട്ടങ്ങള്‍, ബെംഗളൂരു, ഹൈദരാബാദിലെ ഹുസൈന് സാഗര്‍ തടാകം, വിജയവാഡ എന്നിവിടങ്ങള്‍ അടക്കം രാജ്യത്തെ നൂറു കേന്ദ്രങ്ങള്‍ വൈ ഫൈ ഹോട്ട് സ്പോട്ടുകളാക്കും.
ഒപ്റ്റിക്കല്‍ ഫൈബര്‍
രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ച് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ശക്തമാക്കുകയാണ് കേന്ദ്രം.
പോസ്റ്റ് ഓഫീസുകളില്‍ 14.55 കോടി അക്കൗണ്ടുകള്‍
തപാലാഫീസുകള് നവീകരിച്ചു. 2590 പോസ്റ്റ് ഓഫീസുകളിലെ 14,55 കോടി അക്കൗണ്ടുകള്‍ കോര്‍ ബാങ്കിംഗിലാക്കി. 115 പോസ്റ്റ് ഓഫീസുകളില്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു.പോസ്റ്റ് ഓഫീസുകള്‍ വഴി 47 ലക്ഷം സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറന്നു. മൊത്തം 570 കോടി രൂപയാണ് ഇതുവഴി നിക്ഷേപിച്ചിരിക്കുന്നത്. കിസാന്‍ വികാസ പത്ര വഴി 2600 കോടി രൂപയാണ് നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: