ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ കരമണ്ണ് ഖനനത്തിന് മൈനിംഗ് ആന്റ് ജിയോളജി വിഭാഗം വന്‍തുക കോഴവാങ്ങി അനുമതിനല്കുന്നതായി പരാതി. റവന്യൂഅധികൃതരുടെ അനുവാദമില്ലാതെ ജിയോളജിവിഭാഗം നേരിട്ടുനല്‍കുന്ന അനുമതിപത്രത്തിനെതിരേ കുന്നത്തൂര്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി, കുന്നത്തൂര്‍ പഞ്ചായത്തുകളിലാണ് ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്ന—തരത്തില്‍ അനധികൃതമണ്ണെടുപ്പ് വ്യാപകമായിട്ടുള്ളത്. ശൂരനാട്, പോരുവഴി, കുന്നത്തൂര്‍ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് കാരണവും പ്രദേശത്തെ അനധികൃത കരമണ്ണ് ഖനനമാണ്. യാതൊരുനിയന്ത്രണവുമില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തില്‍ നടത്തുന്ന—ഖനനംമൂലം ഉപരിതലത്തിലെ ജലാംശം നഷ്ടപ്പെടുകയാണ്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടസമാകുന്നതിനും മണ്ണെടുപ്പ് കാരണമാകുന്നു. അനധികൃതമായി ഖനനം ചെയ്തെടുക്കുന്ന മണ്ണ് ഉപയോഗിച്ച് വ്യാപകമായ തോതില്‍ പാടശേഖരങ്ങള്‍ നികത്തി കരഭൂമിയാക്കിയതോടെ പ്രദേശത്തെ നെല്‍പ്പാടങ്ങള്‍ ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം കുന്നത്തൂരിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന ശൂരനാട്, പോരുവഴി, കുന്നത്തൂര്‍, തൊടിയൂര്‍ മേഖലകളിലെ നെല്‍പ്പാടങ്ങള്‍ ഓര്‍മ്മയായിരിക്കുകയാണ്. ജലത്തിന്റെ തോത്’കുറഞ്ഞതോടെ പച്ചക്കറിയുള്‍പ്പടെയുള്ള കാര്‍ഷികവിഭവങ്ങള്‍ കൃഷിചെയ്തിരുന്നതും കര്‍ഷകര്‍ ഉപേക്ഷിച്ചിട്ടുണ്ട്.
കെട്ടിടനിര്‍മ്മാണത്തിന്റെ മറവില്‍ വാങ്ങുന്ന പെര്‍മിറ്റ് ഉപയോഗിച്ചാണ് ജിയോളജി വകുപ്പ് മണ്ണ് ഖനനം നടത്തുന്നതിന് അനുമതിപത്രം നല്‍കുന്നത്. അഞ്ച്സെന്റില്‍ കുറവ് പുരയിടമുള്ളയാള്ക്ക് മാത്രമാണ് ഇത്തരത്തില്‍ അനുമതി നല്കാന് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിന്റെ മറവില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയാണ് യാതൊരുവിധ പെര്‍മിറ്റുമില്ലാതെ ഖനനംചെയ്ത് അഗാധഗര്ത്തങ്ങളാക്കുന്നത്.
മുമ്പ് ജിയോളജി വിഭാഗത്തിന്റെ അനുമതി നല്‍കുന്നതിന്റെ മുന്നോടിയായി വില്ലേജാഫീസര്‍ അടക്കമുള്ള റവന്യൂ അധികൃതരുടെ അനുമതിപത്രംകൂടിവാങ്ങണമായിരുന്നു. മണ്ണെടുക്കുന്ന പ്രദേശത്തിന്റെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോ, കുടുവെള്ളക്ഷാമമടക്കമുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്നൊക്കെ മനസിലാക്കാന്‍ ഖനനപ്രദേശത്ത് റവന്യൂ അധികൃതര്നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ഇത്പിന്നീട് ജിയോളജിക്ക് കൈമാറുകയുമായിരുന്നു പതിവ്. എന്നാല്‍ ഈ നിയമവും കാറ്റില്‍പറത്തി വന്‍തുക കോഴവാങ്ങി സ്ഥലത്ത് അന്വേഷണം നടത്താതെ അന്ധമായി അനുവാദം നല്കുകയാണിപ്പോള് ജിയോളജിവകുപ്പ് ചെയ്യുന്നതെന്ന് വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്.
ശൂരനാട് തെക്ക് പഞ്ചായത്തിലെ കെസിടി മുക്കിന് സമീപം ഇത്തരത്തില്‍ അനധികൃത മണ്ണ് ഖനനത്തെത്തുടര്‍ന്ന് കുന്നത്തൂര്‍ തഹസീല്‍ദാര്‍ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതിപത്രം കാട്ടി ഇദ്ദേഹത്തെ മണ്ണ്മാഫിയ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രദേശത്തിന്റെ പരിസ്ഥിതിഘടനയെത്തന്നെ തകിടംമറിക്കുന്ന—തരത്തില്‍ നടത്തുന്ന മണ്ണെടുപ്പ് നേരില്‍കണ്ടിട്ടും നടപടിയെടുക്കാന്‍ കഴിയാത്ത നിസാഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കുന്നത്തൂര്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് പരാതിനല്കിയിട്ടുള്ളത്.
കരമണ്ണ് ഖനനം നടത്തുന്നതിന് മുന്നോടിയായി ആ പ്രദേശത്തെ മാത്രം മണ്ണ് അളവിനായി കൂട്ടിയിടണമെന്നും ഇത് പിന്നീട് അളന്ന് തിട്ടപ്പെടുത്തി റോയല്‍റ്റി അടച്ച് രസീത് വാങ്ങി പാസെടുക്കണമെന്നുമുള്ള നിബന്ധനകള്‍ക്ക് പുല്ലുവിലനല്കിയാണ് മണ്ണ്മാഫിയാകള് അഴിഞ്ഞാടുന്നത്. കൂടാതെ കയറ്റിക്കൊണ്ടുപോകുന്ന—വാഹനത്തിന്റെ വിശദാംശം, മണ്ണുകൊണ്ടിടുന്നത് താഴ്ന്നതോ പാടശേഖരങ്ങളിലോ കൃഷിയിടത്തിലോ ആകരുതെന്നുള്ള നിര്‍ദ്ദേശവുമെല്ലാം അവഗണിച്ചാണ് അനധികൃത കരമണ്ണ് ഖനനം പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: