കൊട്ടാരക്കര: കോണ്‍ഗ്രസ് നേതാവും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തലച്ചിറ അസീസിനെതിരെ പത്രസമ്മേളനം നടത്തിയതിന് ബിജെപി പത്തനാപുരം മണ്ഡലം കമ്മറ്റിയംഗം തലച്ചിറ സിയാ മന്‍സിലില്‍ സിജിമോള്‍ റാഫിക്ക് നേരെ വധശ്രമം. ഇന്നലെ രാവിലെ 9.30 ഓടെ വാളകം ചന്തയില്‍ വച്ചായിരുന്നു സംഭവം.
സിജിമോളും ഭര്‍ത്താവ് റാഫിയും നാല് വയസുള്ള മകനും കൂടി ചന്തയില്‍ മത്സ്യം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത അനുയായിയും മത്സ്യവ്യാപാരിയുമാായ തടിക്കാടന് ഷാജിയുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്. മീന്‍ വെക്കുന്ന പലക കൊണ്ട് സിജിമോളെ ഇയാള്‍ ആക്രമിച്ചു. മീനും ഐസും വാരി ശരീരത്ത് വിതറുകയും ചെയ്തു. തടസം പിടിക്കാന്‍ എത്തിയ റാഫിയെയും വെറുതെ വിട്ടില്ല. തലയ്ക്കും ശരീരത്തും പരിക്കേറ്റ സിജിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘പ്രസിഡന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും മുസ്ലീംങ്ങളെ ബിജെപിയില്‍ ചേര്‍ക്കാനും നീ വളര്‍ന്നോ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം. ഇനിയും പരാതിയുമായി മുന്നോട്ട് പോയാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ നിരവധിപേരെ സാക്ഷിയാക്കിയായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം. തനിക്ക് നേരെ വധഭീഷണിയുണ്ടന്ന് കാണിച്ച് ഇവര്‍ ഒരാഴ്ച മുന്‍പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് മുന്‍പ് നവ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഇവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെ സിജിമോള്‍ പ്രതികരിക്കുകയും പരാതി നല്‍കുകയും പത്രസമ്മേളനം നടത്തി പ്രസിഡന്റാണിതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് തടിക്കാടന് ഷാജിയെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിജി പറഞ്ഞു. പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ തിങ്കളാഴ്ച മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വെട്ടിക്കവല പഞ്ചായത്തോഫീസ് ഉപരോധിക്കാനിരിക്കെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സിജിമോള്‍ പഞ്ചായത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് ആറ് മാസം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയത്. ഇതിനെത്തുടര്‍ന്ന് അസീസും കൂട്ടരും ജമാഅത്ത് കമ്മറ്റിയെക്കൊണ്ട് സിജിക്കും കുടുംബത്തിനും പള്ളിവിലക്ക് ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ചിരുന്നു. ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ് ടി.ഒ. നൗഷാദ് ഇടപെട്ട് പള്ളിക്കമ്മിറ്റി ഭാരവാഹികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പള്ളിവിലക്കിനുള്ള നീക്കം പരാജയപ്പെട്ടത്. അസീസ് ഗ്രാമപഞ്ചായത്ത് വക ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതിനെതിരെയും സമരം നടത്തുകയും വാഹനം സംശയകരമായ രീതിയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
അന്ന് വാഹനത്തില്‍നിന്ന് മദ്യക്കുപ്പികളടക്കമുള്ളവയും കണ്ടെടുത്തു. നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അസീസും കൂട്ടരും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ കൊട്ടാരക്കര കോടതിയില്‍ നടന്നുവരികയാണ്.
കൂടാതെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും നിരവധി പരാതികളുമായി ശക്തമായി മുന്നോട്ട് പോകുന്നതാണ് ഇവര്‍ക്കെതിരെ വധശ്രമം ഉണ്ടാവാന്‍ കാരണം.അസീസിനെതിരെ നിരവധിപരാതികള്‍ പോലീസിന് നല്‍കിയെങ്കിലും ഒന്നിനും ഒരു നടപടിയുമുണ്ടായിട്ടില്ല. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പോലീസ് അസീസിനെതിരെ നടപടികളെടുക്കാത്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
സിജിമോളെ വധിക്കാന്‍ ശ്രമിച്ച തടിക്കാടന് ഷാജിക്കും ഗൂഢാലോചനയില്‍ പങ്കാളിയായ പ്രസിഡന്റ് തലച്ചിറ അസീസിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി പത്തനാപുരം മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. ഇതിന് പോലിസ് തയ്യാറാകുന്നില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴിയും നേതാക്കളായ സന്തോഷ് വെട്ടിക്കവല, ഇരണൂര്‍ രതീഷ്, ബാബു എന്നിവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ബിജെപിയിലേക്കുള്ള കടന്നുവരവിന് തടയിടാന്‍ കോണ്‍ഗ്രസ് കാണിക്കുന്ന തരംതാണ പ്രവൃത്തിയാണ് സ്ത്രീകള്‍ക്കെതിരെ പോലും നടത്തുന്ന ആക്രമണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: