കോട്ടയം: ജില്ലാ ആശുപത്രിയിലെ കുടുംബ ക്ഷേമ യൂണിറ്റിന്റെ അവസ്ഥ പരിതാപകരം. ഏറെ പരിചരണം ലഭിക്കേണ്ട നവജാത ശിശുക്കള്‍ക്ക് വാക്സിന് നല്കുന്ന ഈ യൂണിറ്റില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ആഴച്ചയില്‍ 300 ലധികം നവജാത ശിശുക്കളെയാണ് വാക്സിന് എടുക്കുന്നതിനായി ഇവിടെ എത്തിക്കുന്നത്. കുടുംബക്ഷേമ യൂനിറ്റിലെ അടിസ്ഥാന സൗകര്യത്തെ ചൊല്ലി കുത്തിവെയ്പ്പെടുക്കാനെത്തുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവാണ്. പൊടിപടലങ്ങള്‍ നിറഞ്ഞ യുനിറ്റില്‍ നിന്ന് കുത്തിവെയ്പെടുക്കുന്നത് നവജാത ശിശുക്കളില്‍ അണുബാധയ്ക്ക് കാരണമാവുമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. യുനിറ്റിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ അധികാരികളോട് പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
നവജാത ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള വിലപിടിപ്പുള്ള വാക്സിന് സൂക്ഷിക്കുന്നത് ഫ്രീസറിലാണ്. എന്നാല്‍ വൈദ്യുതി നിലയ്ക്കുമ്പോള്‍ ഫ്രീസറിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും മരുന്നുകള്‍ നശിക്കാനും കാരണമാവുന്നു. ഇതിന് പരിഹാരമായി ജനറേറ്റര്‍ സ്ഥാപിക്കാനും നടപടിയായില്ല. ആശുപത്രിയില്‍ ഉപയോഗ ശുന്യമായി കിടക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. കുടുംബക്ഷേമ യൂനിറ്റില്‍ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: