സകലര്‍ക്കും സ്വന്തം സുഖമാണ് വലുത്. അതില്‍ക്കവിഞ്ഞ് ആരും ആരെയും സ്‌നേഹിക്കുന്നില്ല. അമേരിക്കയില്‍വച്ചു ഒരാള്‍ അമമയുടെ അടുത്തുവന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ടു അധികദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനു ഭാര്യയെന്നുവച്ചാല്‍ ജീവനായിരുന്നു. ഭാര്യ കൂടെയില്ലെങ്കില്‍ കുത്തിയിരുന്നു നേരം വെളുപ്പിക്കും. ഭാര്യ ആഹാരം കഴിക്കാതെ അദ്ദേഹവും ഭക്ഷണം കഴിക്കില്ല. ഭാര്യ എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ കാത്തിരിക്കും. അത്ര സ്‌നേഹമായിരുന്നു. പക്ഷേ, അവര്‍ക്ക് അധികനാള്‍ ഒരുമിച്ചു ജീവിക്കുവാന്‍ സാധിച്ചില്ല. ഭാര്യയ്‌ക്കു ചെറിയൊരു അസുഖം പിടിപ്പെട്ടു. ഒരാഴ്ച കഴിഞ്ഞു മരിക്കുകയും ചെയ്തു.
ശവം അടക്കുന്നതിനായി പള്ളിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കളും ബന്ധുക്കളുമായി ധാരാളം ആളുകള്‍ അവിടെ വന്നിരുന്നു. അവര്‍ കണ്ടുകഴിഞ്ഞശേഷമേ ശവം മറവു ചെയ്യൂ. അദ്ദേഹത്തിനു വിശപ്പു സഹിക്കാനും വയ്യ. എത്രയും പെട്ടെന്ന് ശവം അടക്കിയെങ്കില്‍, അടക്കിയെങ്കില്‍ അദ്ദേഹം സ്വയം പറയുകയാണ്. അതുകഴിഞ്ഞാല്‍ എന്തെങ്കിലും കഴിക്കാമല്ലോ. പിന്നെയും ഒന്നുരണ്ടു മണിക്കൂര്‍ കാത്തുനിന്നു.
ശവം ഉടനെയൊന്നും അടക്കുന്ന ലക്ഷണം കണ്ടില്ല. വിശപ്പ് ഇനി ഒട്ടും സഹിക്കാന്‍ വയ്യ എന്ന നിലയിലായി. ക്ഷമ നശിച്ചു. അദ്ദേഹം അടുത്ത കടയില്‍പ്പോയി ഭക്ഷണം വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ചു അദ്ദേഹം തന്നെയാണ് അമ്മയോടു പറഞ്ഞത്. അവസാനം പറഞ്ഞു, ”അമ്മേ, എന്റെ ജീവന്‍കൂടി ഭാര്യയ്‌ക്കു സമര്‍പ്പിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കവളെ അത്ര സ്‌നേഹമായിരുന്നു. പക്ഷേ, വിശപ്പിനു മുന്നില്‍ ഞാനെല്ലാം മറന്നു. ” ഇത് അമേരിക്കയില്‍ നടന്ന സംഭവം.
















