സ്തകവായന അന്യമായിക്കൊണ്ടിരിക്കുന്ന സൈബര്‍ യുഗത്തിന്റെ വര്‍ത്തമാനകാലത്ത് യുവ ചിത്രകാരി നിരഞ്ജന വര്‍മ്മ വേറിട്ടുനില്ക്കുന്നു. പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തിയുടെ ആറ് കഥകള്‍ക്ക് നിരഞ്ജന ചിത്രഭാഷ്യം നല്കി. മെയ് മാസത്തില്‍ തൃശ്ശൂര്‍ കേരള ലളിതകലാ അക്കാദമിയില്‍ നടത്തിയ വരി വര എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം വരകളുടെ വേറിട്ട വഴികളിലൂടെയുള്ള ഒരു യാത്രയായിരുന്നു.
അഷ്ടമൂര്‍ത്തിയുടെ കഥാസാരം, വീടുവിട്ടു പോകുന്നു, അലസത വിരസിതം, ഒരു പഴയ വാച്ച്, അറകള്‍, പനി എന്നി കഥകളില്‍ നിന്നും ചിത്രകാരിക്കു തോന്നിയ ചില കഥാസന്ദര്‍ഭങ്ങള്‍, മുപ്പത്തി ഒമ്പതോളം ചിത്രങ്ങളിലൂടെയാണ് വരച്ചത്. കഥവായിക്കുമ്പോള്‍ ചിത്രകാരിക്ക് ചില സന്ദര്‍ഭങ്ങളിലെ ഇമേജുകള്‍ ചിത്രങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടതാണ്. ചിത്രങ്ങള്‍ക്കു കീഴെ കഥയുടെ സന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന കുറിപ്പ് ബോര്‍ഡ് കൊടുത്തിരുന്നതിനാല്‍ കാഴ്ചക്കാരന് വരയില്‍ നിന്നും വേഗം വരയിലേക്കെത്താന് കഴിഞ്ഞു.
രണ്ടുമാസം കൊണ്ട് രൂപപ്പെടുത്തിയ രചനകള്‍ക്ക് വാട്ടര്‍ കളര്‍, ഡ്രൈ പെന്‍സില്‍, ഫ്യൂജി ഇങ്ക്, ഓയില്‍ പെയ്സ്റ്റില്‍ എന്നിവ ഉപയോഗിച്ചാണ് വരച്ചത്. കാഴ്ചക്കാരന് ചിത്രങ്ങള്‍ കാണുമ്പോള്‍ കഥയുടെ ഉള്ളറകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നു. എന്നാല്‍ ചിത്രങ്ങള്‍ കഥയുമായി പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്നുവെങ്കിലും ചിത്രങ്ങള്‍ക്ക് കഥയില്‍ നിന്നും വിട്ടുമാറി സ്വതന്ത്രമായ ഒരു വ്യക്തിത്വം പുലര്‍ത്തിയിരുന്നു. അതിനാല്‍ ഇതിലെ പല ചിത്രങ്ങളും നല്ല തുകക്ക് വിറ്റുപോയി.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജന വര്‍മ്മ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ചിത്രം വരക്കാനായിരുന്നു ആദ്യം മനസ്സില്‍ തോന്നിയത്. പിന്നീട് അഷ്ടമൂര്‍ത്തി കഥകളിലേക്ക് തിരിയുകയായിരുന്നു. കേരളത്തിലെ അനുഷ്ഠാന കലയായ കളമെഴുത്തിന്റെ അനന്തസാധ്യതകള്‍ കണ്ടറിഞ്ഞ നിരഞ്ജന വര്‍മ്മ പ്രശസ്ത കളമെഴുത്തു കലാകാരന് മുളങ്കുന്നത്തുകാവ് തിയ്യാടി രാമന് നമ്പീശനില്‍ നിന്നും കളമെഴുത്ത് സ്വായത്തമാക്കി. കളമെഴുത്തിന്റെ സാധ്യത നിരഞ്ജന പരമാവധി ഉപയോഗിച്ചു.
തൃപ്പൂണിത്തുറ കോവിലകത്ത് കെ.ടി. രാമവര്‍മ്മയുടേയും തൃശ്ശൂര്‍ ഇട്ട്യാണത്ത് ഹേമലതാവര്മ്മയുടേയും മകളായ നിരഞ്ജന വര്‍മ്മ എറണാകുളം മഹാരാജാസ് കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. അതിനുശേഷം തിരുവനന്തപുരം ഫൈന്‍ആര്‍ട്സ് കോളേജില്‍ നിന്നും ബിഎഫ്എ ബിരുദം നേടി ചിത്രകലയില്‍ സജീവമായി.
എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ജില്ലകളിലടക്കം പന്ത്രണ്ടോളം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ള നിരഞ്ജന 2010 ല്‍ പലവക എന്ന പേരില്‍ ഒരു ആര്‍ട്സ്, ഡിസൈനിംഗ് സ്റ്റുഡിയോ തൃശ്ശൂരില്‍ ചെമ്പൂക്കാവില്‍ തുടങ്ങി. ഈ സ്ഥാപനത്തിന്റെ കീഴില്‍ നിരവധി കുട്ടികള്‍ ചിത്രരചന പഠിക്കുന്നു. ഗുരുകുല സമ്പ്രദായം ഇഷ്ടപ്പെടുന്ന നിരഞ്ജന വര്‍മ്മ തന്റെ കീഴില്‍ പഠിക്കാന്‍ വന്നാല്‍ വിദ്യാര്‍ത്ഥി തന്റെ സ്വന്തമാണെന്ന് വിശ്വസിക്കുന്നു. അവരെ ശാസിക്കാനും നേര്‍വഴി നടത്താനും ഗുരുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് വിശ്വസിക്കുന്നു.
ഈ വര്‍ഷത്തെ കൊച്ചിന് ബിനാലെയില്‍ പ്രശസ്ത ശില്‍പ്പി നന്ദകുമാറിന്റെ ലാന്റ് റിഫോര്‍മ്സ് എന്ന വര്‍ക്കില്‍ സഹകരിച്ചുകൊണ്ട് നിരഞ്ജന ചെയ്ത സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടുമുറ്റത്തുള്ള ഒരു പഴയ വീടിന്റെ അകത്തളങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ മനസ്സില്‍ പടരുന്ന വിഹ്വലതയുടെ സാന്നിധ്യം വേറിട്ട ഒരു കാഴ്ചയായിരുന്നു.
സാഹിത്യ കൃതികള്‍ക്ക് ചിത്രഭാഷ്യം നല്കുമ്പോള് അതിന് വായനക്കാര്‍ ഏറുമെന്നതിന്റെ തെളിവായിരുന്ന വരി വര എന്ന ചിത്രപ്രദര്‍ശനം. അഷ്ടമൂര്‍ത്തിയുടെ പുസ്തകങ്ങള്‍ക്ക് വന്‍തോതില്‍ പ്രദര്‍ശനശാലയില്‍ ആവശ്യക്കാരുണ്ടായിരുന്നു. വായന മരിക്കുന്നുവെന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ നടത്തിയ വരകളുടെ പരീക്ഷണം വരും കാലങ്ങളില്‍ വായനയുടെ വഴിയില്‍ ഒരു മാറ്റത്തിന്റെ വഴി തുറക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: