ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര ഗ്രാമത്തില്‍ പനച്ചമൂട് കവലയ്ക്ക് കിഴക്കായി കാട്ടുവള്ളി ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു.
ചെമ്പുമേഞ്ഞ മേല്‍ക്കൂരയോട് കൂടിയ ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കാട്ടുവള്ളിലെ പ്രതിഷ്ഠയ്ക്ക് അപൂര്‍വ്വ രൂപമാണ്. വലതുകയ്യില്‍ കലശം ധരിച്ച്, വലതുകാല്‍ മടക്കി, ഇടതുകാല് പീഠത്തില്‍ കുത്തി, ഇരിക്കുന്ന അപൂര്‍വ്വ രൂപത്തോടെ കിഴക്കോട്ട് ദര്‍ശനമായി ധര്‍മ്മശാസ്താവ് ഇവിടെ വിരാജിക്കുന്നു.
കാവും കുളങ്ങളും ധാരാളം ഉണ്ടായിരുന്ന വനതുല്യമായ ഭൂപ്രദേശമായിരുന്നു ഇവിടെയെന്ന് പഴമക്കാര്‍ പറയുന്നു. തന്മൂലമാകാം കാവ് എന്നര്‍ത്ഥം വരുന്ന കാട് എന്ന പദം കാട്ടുവള്ളിക്കൊപ്പം ചേര്‍ന്നത്. കാട്ടുവളളികള്‍ പടര്‍ന്നുകിടന്ന കാവ് കാട്ടുവള്ളിക്കാവായും പിന്നീട് കാട്ടുവള്ളിയായും പരിണമിച്ചു എന്നത് ചരിത്രം. ശിലാബിംബത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നും ചരിത്രകാരന്മാര് അവകാശപ്പെടുന്നു.
കുളക്കരയില്‍ വള്ളിനാരകങ്ങള്‍ നിറഞ്ഞ കാവിനുള്ളില്‍ കാട്ടുവള്ളികള്ക്കുമേലെയാണ് ഭഗവാനെ പ്രതിഷ്ഠിച്ചത്. അതിനാല്‍ ഇവിടെ നാരങ്ങാ വള്ളിക്കാവ് എന്നറിയപ്പെട്ടു. കാലാന്തരത്തില്‍ നാരങ്ങാവള്ളിക്കാവ് കാട്ടുവള്ളിക്കാവാകുകയും പിന്നീടത് കാട്ടുവള്ളി എന്ന് രൂപാന്തരപ്പെടുകയും ചെയ്തു എന്ന് തോറ്റംപാട്ടുകാരന്റെ ഭാവനയില്‍ മനസ്സിലാക്കാം. അയ്യപ്പന്തീയാട്ടു തോറ്റം പാട്ടില്‍ അറുപത്തി അഞ്ചാമത്തെ കാവായിട്ടാണ് നാരങ്ങാവള്ളിക്കാവിനെ പരാമര്‍ശിച്ചിട്ടുള്ളത്. ആര്യവത്കരണത്തോടെ കാവ് ക്ഷേത്രമായി രൂപാന്തരപ്പെട്ടു എന്നത് ചരിത്രം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 1955ല്‍ മേജര്‍ ക്ഷേത്രമായി ഉയര്‍ത്തപ്പെട്ടു. മറ്റു പ്രധാന ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും കാരാഴ്മ അവകാശമായിരുന്നു ക്ഷേത്ര ശാന്തിക്കാര്‍ക്ക്. 1978- 79 കാലംവരെയും ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്തു പോന്നത് വാളക്കോട്ടില്ലത്തെ ബ്രാഹ്മണര്‍ ആയിരുന്നു. കാരാഴ്മ അവകാശ പ്രകാരം ധര്‍മ്മശാസ്താവിനെ പൂജചെയ്യാനെത്തിയ അവസാന ശാന്തിക്കാരന് വാളക്കോട്ട് ചിറ്റക്കാട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരിയായിരുന്നു. അദ്ദേഹത്തിനുശേഷം ദേവസ്വം ബോര്‍ഡ് ശാന്തിക്കാരനെ നിയമിച്ചു തുടങ്ങി.
ഇവിടുത്തെ താന്ത്രിക ചുമതലകള്‍ അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്തിനാണ്. മകരസംക്രമനാളില്‍ ശബരിമലയിലേതുപോലെ ഇരുമുടിക്കെട്ടുമേന്തി ധാരാളം അയ്യപ്പഭക്തന്മാര് ക്ഷേത്ര സന്നിധിയില്‍ എത്തുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: