കൊല്ലം: വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ അഴിമതിയും അരാജകത്വവും. പത്തിലേറെ പരാതികളാണ് പഞ്ചായത്ത് പ്രസിഡന്റ് അസീസിനെതിരെ വിജിലന്‍സില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ അഞ്ച് കേസുകള്‍ വിജിലന്‍സ് അന്വേഷിച്ചുവരികയാണെന്ന് ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അസീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതികള്‍ക്കും സദാചാരവിരുദ്ധപ്രവര്ത്തനങ്ങള്ക്കുമെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്. ബിജെപി മണ്ഡലം കമ്മറ്റിയംഗം സിജിമോള്‍ റാഫിക്കെതിരെ അസീസും കൂട്ടാളികളും ഫേസ്ബുക്ക് വഴിയും അല്ലാതെയും നടത്തുന്ന അപവാദപ്രചാരങ്ങള്ക്കെതിരെ തിങ്കളാഴ്ച മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വെട്ടിക്കവല പഞ്ചായത്തോഫീസ് ഉപരോധിക്കും. ഉപരോധ സമരത്തെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിമാരായ ബി. രാധാമണി, രാജിപ്രസാദ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സിജിമോള്‍ പഞ്ചായത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് ആറ് മാസം മുമ്പ് കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. ഇതിനെത്തുടര്‍ന്ന് അസീസും കൂട്ടരും ജമാഅത്ത് കമ്മറ്റിയെക്കൊണ്ട് സിജിക്കും കുടുംബത്തിനും പള്ളിവിലക്ക് ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ചിരുന്നു. ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ് ടി.ഒ. നൗഷാദ് ഇടപെട്ട് പള്ളിക്കമ്മിറ്റി ഭാരവാഹികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പള്ളിവിലക്കിനുള്ള നീക്കം പരാജയപ്പെട്ടത്.
അസീസ് ഗ്രാമപഞ്ചായത്ത് വക ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതിനെതിരെ സിജിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങളാണ് ഇപ്പോഴത്തെ അപവാദപ്രചാരണങ്ങള്‍ക്ക് കാരണമെന്ന് സുഭാഷ് പറഞ്ഞു. വെട്ടിക്കവലയിലെ ഒരു വീട്ടില്‍നിന്ന് അസമയത്ത് പഞ്ചായത്തിന്റെ വാഹനം നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചെടുത്തിരുന്നു. അന്ന് വാഹനത്തില്‍നിന്ന് മദ്യക്കുപ്പികളടക്കമുള്ളവയും കണ്ടെടുത്തു. നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അസീസും കൂട്ടരും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ കൊട്ടാരക്കര കോടതിയില്‍ നടന്നുവരികയാണ്.
അസീസിനെതിരെ നിരവധിപരാതികള്‍ പോലീസിന് നല്‍കിയെങ്കിലും ഒന്നിനും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് സിജിമോള്‍ റാഫി പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പോലീസ് അസീസിനെതിരെ നടപടികളെടുക്കാത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തലച്ചിറ യുപിഎസിലെ പിടിഎ വൈസ്പ്രസിഡന്റായിരിക്കെ താന്‍ അസീസിന്റെ അഴിമതികള്‍ക്കെതിരെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ പകപോക്കലെന്ന വിധമാണ് സ്ത്രീ എന്ന പരിഗണനപോലും നല്‍കാതെ വളരെ മോശമായ ഭാഷയില്‍ അസീസും കൂട്ടരും തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിജിമോള്‍ ആരോപിച്ചു.
തലച്ചിറ യുപിഎസ് സംബന്ധിച്ച് നടന്ന ധനദുരുപയോഗത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിജിക്കെതിരെ കയ്യേറ്റശ്രമവും കള്ളക്കേസ് ചമയ്ക്കലും നടന്നതായും അവര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് കൊട്ടാരക്കര വനിതാസെല്‍ സിഐക്കും വനിതാകമ്മീഷനും സിജിമോള്‍ പരാതി നല്‍കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ബിജെപി വെട്ടിക്കവല പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബാബു വെട്ടിക്കവലയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: