ഇരിങ്ങാലക്കുട : സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പേരില്‍ രണ്ട് വര്‍ഷത്തോളമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാന്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി ലോഹിതാക്ഷന്റെ വീട്ടിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഇരിങ്ങാലക്കുടമൂന്നുപീടിക റോഡില്‍ കാക്കാത്തുരുത്തി മുതല്‍ ചേലൂര്‍ വരെയും എടതിരിഞ്ഞിപടിയൂര് റോഡ്, പോത്താനികല്ലന്തറ റോഡ് എന്നിവ അടിയന്തരമായി ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കാലത്ത് ഒന്‍പത് മണിയോടെ എടതിരിഞ്ഞി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പോത്താനികല്ലന്തറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നുള്ള പഞ്ചായത്തിന്റെ വാദം പോള്ളയാണെന്നും, ഈ റോഡിനായി സര്‍ക്കാരില്‍ നിന്നും യാതൊരുവിധ ഫണ്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
വേള്‍ഡ് ബാങ്കിന്റെ സഹായമായി ലഭിക്കുന്ന തുകയില്‍ നിന്നും മൂന്നരലക്ഷം രൂപ റോഡിനായി ചിലവഴിക്കാന്‍ ഭരണസമിതി തീരുമാനമുണ്ടെങ്കിലും ഈ പദ്ധതിയുടെ ടെണ്ടര്‍ പൂര്‍ത്തിയായിട്ടില്ല. ഒരു കിലോമീറ്റര്‍ നീളമുള്ള റോഡിലെ 160 മീറ്റര്‍ റോഡ് മാത്രമേ ഈ തുകകൊണ്ട് നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളൂ. ടെണ്ടര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ തെറ്റായ നടപടിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കോലന്ത്ര അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി. മുരളീധരന്, ഉണ്ണികൃഷ്ണന് പാറയില്‍, ഷൈജു കുറ്റിക്കാട്ടില്‍, ജിനേന്ദ്ര പ്രസാദ്, ശരത് കോപ്പുള്ളിപ്പറമ്പില്‍, പ്രിയ ചന്ദ്രന്, പവിത്രന് കോപ്പുള്ളിപ്പറമ്പില്‍, ശരത്ത് കോപ്പുള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അജയന് പൊന്നമ്പിള്ളി സ്വാഗതവും അനൂപ് മാമ്പ്ര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: