തൃശൂര്‍: കുന്നംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തിവരുന്ന സ്വകാര്യ ഓര്‍ഡിനറി ബസ്സുകളുടെ റണ്ണിങ്ങ് സമയത്തെച്ചൊല്ലി ബസ്സുടമകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുവാന്‍ ആര്‍ടിഒ അടിയന്തിരമായി ഇടപെടണമെന്ന് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ്ങ് മസ്ദൂര്‍ സംഘം ആവശ്യപ്പെട്ടു. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ എഴുപതിലധികം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വ്വീസ് നടത്തിവരുന്നു.
ഇതില്‍ 58 ബസ്സുകള്‍ക്ക് അറുപത് മിനിറ്റും 16 ബസ്സുകള്‍ക്ക് അമ്പത് മിനിറ്റുമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. കുന്നംകുളം സിഐ ഓഫീസില്‍ കൂടിയ ബസ്സുടമകളുടെ യോഗം 2015 ജൂണ്‍ 1 മുതല്‍ തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് അറുപത് മിനിറ്റും 50 മിനിറ്റും റണ്ണിങ്ങ് സമയം ക്രമീകരിച്ച് സര്‍വ്വീസ് നടത്തണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു റൂട്ടില്‍ സര്‍വ്വീസ് നടത്തിവരുന്ന ബസ്സുകള്‍ക്ക് വ്യത്യസ്തമായ സമയം നിശ്ചയിച്ചിരിക്കുന്നത് പ്രായോഗികമായി നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല.
മാത്രമല്ല ഇത് ബസ്സ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി ഈ വിഷയത്തില്‍ ആര്‍ടിഒ ഇടപെട്ട് റണ്ണിങ്ങ് സമയം ഏകീകരിക്കണം. കൂടാതെ നിര്‍ത്തിവെച്ചിരിക്കുന്ന അമല ബസ്സ് സ്റ്റോപ്പിലെ ട്രാഫിക് പഞ്ചിംങ്ങ് ബൂത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ച് ബസ്സുകള്‍ സമയത്തിന് സര്‍വ്വീസ് നടത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ്ങ് മസ്ദൂര്‍സംഘം ജില്ലാപ്രസിഡണ്ട് കെ.രാമനും ജനറല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: