തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളോട് ദേവസ്വം ഭരണസമിതി കാണിക്കുന്ന അവഗണനക്കെതിരെ നൂറുകണക്കിന് ഭക്തര്‍ അണിനിരന്ന ഭക്തജനമുന്നേറ്റം ഭരണസമിതിക്കുള്ള താക്കീതായി മാറി. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 23 സാമൂഹ്യസാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ക്ഷേത്രരക്ഷാസമിതിയുടെ നേതൃത്വത്തിലായിരുന്നു വികസിത ഗുരുവായൂര്‍, സുതാര്യ ദേവസ്വം, ഭക്തജനപങ്കാളിത്തം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് പ്രതിഷേധയോഗവും സംഘടിപ്പിച്ചത്.
സ്ത്രീകളടക്കം നിരവധിപേര്‍ അണിനിരന്ന ഭക്തജനപ്രതിഷേധ കൂട്ടായ്മക്ക് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അടക്കമുള്ളവര്‍, മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്കി. മഞ്ജുളാല്‍ പരിസരത്തുനിന്നും ആരംഭിച്ച ഭക്തജനപ്രതിഷേധം ദേവസ്വം ഓഫീസിലെത്തി ചെയര്മാന് ടി.വി.ചന്ദ്രമോഹനന് രണ്ടായിരം പേര് ഒപ്പിട്ട ഭീമഹര്‍ജി നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ചെയര്‍മാന്റെ ഓഫീസിലെത്തിയപ്പോള്‍ ഭക്തജനപ്രതിഷേധം ഭയന്ന് നേരത്തെ തന്നെ ചെയര്മാന് സ്ഥലം വിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭീമഹര്‍ജി നല്‍കുകയും ഭക്തജനങ്ങളുടെ വികാരം ബോധ്യപ്പെടുത്തുകയും ചെയ്തു. കാലങ്ങളായി തുടരുന്ന ഈ അവഗണന അവസാനിപ്പിക്കാത്തപക്ഷം വരുംനാളുകള്‍ ശക്തമായ സമരത്തിന്റേതായിരിക്കുമെന്ന് കുമ്മനം രാജശേഖരന് അഡ്മിനിസ്ട്രേറ്ററെ ഓര്‍മ്മിപ്പിച്ചു. നിവേദനം ഭരണസമിതിക്ക് കൈമാറാമെന്ന് അദ്ദേഹം ക്ഷേത്രരക്ഷാസമിതി ഭാരവാഹികളെ അറിയിച്ചു. പടിഞ്ഞാറെ നടയില്‍ നടന്ന ഭക്തജനപ്രതിഷേധയോഗത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.
ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സാംസ്കാരിക സംഘടനാ പ്രതിനിധികളും ഭക്തജനകൂട്ടായ്മയും പങ്കാളികളായി. പ്രതിഷേധയോഗത്തിന് ശേഷം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിയെക്കണ്ട് ഗുരുവായൂരിലെത്തുന്ന ഭക്തര്‍ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഭരണസമിതി യോഗങ്ങളില്‍ ഇക്കാര്യം അവതരിപ്പിച്ച് വരും നാളുകളില്‍ ഭക്തരുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യവും നേതാക്കള്‍ തന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗുരുവായൂരിലേയും പരിസരപ്രദേശങ്ങളിലും കുടുംബകൂട്ടായ്മകള്‍ സംഘടിപ്പിച്ചും പൊതുയോഗങ്ങള്‍ നടത്തിയും ശേഖരിച്ച ഭീമഹര്‍ജിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: