മണ്ണാര്‍ക്കാട്: ഉത്തരവിലെ അവ്യക്തത മൂലം വിദ്യാലയങ്ങളില്‍ മാനേജര്‍മാരും അധ്യാപകരും തമ്മില്‍ വടംവലി മുറുകുന്നു. പുതിയ അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാം ക്ലാസും തുടങ്ങാനുള്ള നീക്കത്തിലാണ് മാനേജര്‍മാര്‍. എന്നാല്‍, വിദ്യാഭ്യാസവകുപ്പ് ഈവര്‍ഷം യാതൊരുവിധ ഘടനാമാറ്റവും നടത്തുന്നില്ലെന്നും തത്സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് മറികടന്നാല്‍ കുട്ടികളുടെ ഭാവി അപകടത്തിലാകുമെന്ന് പ്രധ്യാനാധ്യാപകര്‍ പറയുന്നു.
എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാം ക്ലാസും തുടങ്ങാനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായി കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് നേടിയെടുത്ത ഉത്തരവിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും അസോസിയേഷന്‍ നേതാക്കളായ വി.എം. ഗോപാലകൃഷ്ണന്‍, സെക്രട്ടറി വി. വിജയകുമാര്‍, വി. അച്യുതന്‍ നായര്‍, സി.പി. ഷിഹാബുദ്ദീന്‍, കെ.ജി. മണികണ്ഠന്‍, എന്‍.ആര്‍. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതെസമയം എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി. സ്‌കൂളുകളില്‍ എട്ടാംക്ലാസും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശങ്ങളില്ലാതെ ആരംഭിക്കുന്നതിനുള്ള മാനേജര്‍മാരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാലവിധിയുടെ പശ്ചാത്തലത്തില്‍മാത്രം മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങളില്‍ അഞ്ചാംക്ലാസും എട്ടാംക്ലാസും ആരംഭിക്കുന്നതിന് മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കിയിരിക്കയാണ്. വിദ്യാഭ്യാസവകുപ്പിന്റെ അനുവാദമില്ലാതെ ഘടനാമാറ്റം നടത്തിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്തിലാകുമോയെന്ന രക്ഷിതാക്കളുടെ ആശങ്ക ദൂരീകരിച്ചുമാത്രമേ ഇത്തരം മാറ്റങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാവൂ എന്ന് മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് സബ്ജില്ലയില്‍നിന്ന് 13 മാനേജര്‍മാരാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മെയ് 12ന് കോടതി ഈ ആവശ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കി. 2009ലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍.ടി.ഇ. ആക്ട് പാസാക്കിയത്. വിദ്യാഭ്യാസാവകാശനിയമപ്രകാരം നിലവില്‍ എല്‍.പി. സ്‌കൂളില്‍ ഒന്നുമുതല്‍ നാലാം ക്ലാസ് വരെ എന്നത് ഒന്നു മുതല്‍ അഞ്ചുവരെയും യു.പി. സ്‌കൂളില്‍ അഞ്ചു മുതല്‍ ഏഴ് വരെ എന്നത് അഞ്ചു മുതല്‍ എട്ടുവരെയും ആക്കി. കേരളത്തില്‍ നാല് വര്‍ഷമായി ഈ രീതിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. അതേസമയം, കേന്ദ്രത്തില്‍നിന്നുള്ള ഗ്രാന്‍ഡ് സംസ്ഥാനസര്‍ക്കാര്‍ പറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ്, തങ്ങള്‍ കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെടുത്തതെന്നും പുതിയ അദ്ധ്യയനവര്‍ഷത്തില്‍ അര്‍ഹതപ്പെട്ട വിദ്യാലയങ്ങളിലെല്ലാം ഉത്തരവ് നടപ്പാക്കുമെന്നും മാനേജര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: