ആലപ്പുഴ: സമൂഹ മാദ്ധ്യമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സൈബര്‍സേന രൂപീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സേനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇതിനോടകം ആറുലക്ഷത്തിലേറെ യൂത്ത്മൂവ്മെന്റ് പ്രവര്‍ത്തകര്‍ സേനയിലെ അംഗങ്ങളായി. നീതിപീഠങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്ക് വിധേയമായി തീരുമാനം
കൈക്കൊള്ളുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മാദ്ധ്യമങ്ങളാണ് രാജ്യം ഭരിക്കുന്നത്. വിവാദങ്ങള്‍ മാത്രമാണ് അവര്‍ക്കു വേണ്ടത്. നല്ലവരെ മോശക്കാരനാക്കാനും മോശക്കാരനെ നല്ലവനാക്കാനും മാദ്ധ്യമങ്ങള്‍ക്കു കഴിയും. അധികാരസ്ഥാനത്ത് ഈഴവരെ ഒരു പാര്‍ട്ടിയും നിയോഗിക്കാറില്ല.
നമ്മുടെ കാര്യം വരുമ്പോള്‍ പലവിധ ചട്ടവും നീതിയുമൊക്കെയാണ്. ചില മന്ത്രിമാരുടെ ഓഫീസ് അവരുടെ സമുദായ ഓഫീസ് കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയാല്‍ രാഷ്ര്ടീയക്കാരുടെ അനീതി തുറന്നുകാട്ടാം. അധികാരത്തിന്റെ അകത്തളങ്ങളില്‍ നമുക്കും ഇടംവേണമന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കാലഘട്ടത്തിന്റെ ആവശ്യമാണ് സൈബര്സേനയെന്ന് അദ്ധ്യക്ഷത വഹിച്ച യൂത്ത്മൂവ്മെന്റ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യൂത്ത് മൂവ്മെന്റിന്റെ കരുത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ര്ടീയക്കാര്‍ക്ക് ബോദ്ധ്യപ്പെടുത്തുമെന്നും തുഷാര്‍ പറഞ്ഞു. ഡോ. രതീഷ് ചെങ്ങന്നൂര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: