ചേര്‍ത്തല: ദേശീയപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു, നോക്കുകുത്തിയായി ട്രാഫിക് സ്റ്റേഷന്, അധികൃതരുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധം വ്യാപകം. ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ കലവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പെരുകുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഇരുചക്ര വാഹനങ്ങളാണ് ഇവിടെ ഏറെയും അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ഇവിടെ പൊലിഞ്ഞത് പത്തോളം ജീവനുകളാണ്. ട്രാഫിക് പോലീസിന്റെ അനാസ്ഥയാണ് വാഹനാപകടങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്നാണ് വിമര്‍ശനം. ഇന്നലെ മതിലകം ആശുപത്രിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതാണ് അപകട പരമ്പരയില്‍ അവസാനത്തേത്. ദേശീയ പാതയിലെ വേഗപ്പാച്ചിലില്‍ ജീവന് പൊലിയുന്നവരില്‍ ഏറെയും യുവാക്കളാണ്.
ദേശീയ പാതയിലെ അമിത വേഗതയും, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള വാഹനപാര്‍ക്കിംഗും കണ്ടെത്താനോ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നത്. ദേശീയപാതയില്‍ അരൂരിനും ആലപ്പുഴക്കും ഇടക്കുള്ള ഏക ട്രാഫിക് പോലീസ് സ്റ്റേഷനാണ് ചേര്‍ത്തലയിലേത്. ഇവിടെ ട്രാഫിക് എസ്ഐയും എഎസ്ഐ, ഗ്രേഡ് എസ്ഐമാരുമുള്പ്പടെ ഇരുപത്തിയഞ്ചിലധികം ഉദ്യോഗസ്ഥരുണ്ടെങ്കിലും ദേശീയ പാതയിലൂടെ വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് ഇവരുടെ സേവനം ലഭിക്കുന്നത്.
അതുകഴിഞ്ഞാല്‍ പിന്നെ ഇവരുടെ ശ്രദ്ധ ഇടറോഡുകളിലെ ഹെല്‍മെറ്റ് വേട്ടയിലാണ്.
ദേശീയപാത ദുരന്ത പാതയാകുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. ദേശീയ പാതയുടെ ഇരുവശത്തും അപകടകരമായ രീതിയിലുള്ള കണ്ടെയ്നര്‍ ലോറികളുടെയും, ട്രെയിലറുകളുടെയും പാര്‍ക്കിങ്ങും, രാത്രികാലങ്ങളില്‍ പാര്‍ക്ക് ലൈറ്റ് ഇടാതെ ഉള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങും, അനധികൃത വഴി വാണിഭവും അപകട സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
അപകട മേഖലകളായി കണ്ടെത്തിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും, സിഗ്നലുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും തിരക്കുള്ള സമയങ്ങളിലെങ്കിലും ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കി അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്റെ പ്രസക്തി തന്നെ ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: