കൊച്ചി: മൂന്നാര്‍ ഓപ്പറേഷനെ തുടര്‍ന്ന് 2007ല്‍ നടന്ന എറണാകുളം എം ജി റോഡിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്കുന്നതില് വീഴ്ച വരുത്തിയ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് തീരുമാനിച്ചു.
നിലവില്‍ തൃശൂര്‍ കളക്ടറേറ്റിലെ സ്പെഷ്യല്‍ തഹസില്‍ദാരായി ജോലി നോക്കുന്ന ഇ ജെ ഗ്രേസി, കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ അഡീഷണല്‍ തഹസില്‍ദാരായ സി കെ വേണുവിനും കമ്മീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അപേക്ഷകന് ആവശ്യപ്പെട്ട രേഖകള്പത്തുദിവസത്തിനകം സൗജന്യമായി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കമ്മീഷന് ഉത്തരവ് നല്കി.
കയ്യേറ്റം ഒഴിപ്പിക്കലിനായി അന്ന്് ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്കെച്ചിന്റെയും രേഖകളുടെയും എത്ര കൈയേറ്റം ഒഴിപ്പിച്ചു എന്നതു സംബന്ധിച്ച രേഖകളുടെയും പകര്‍പ്പുകളാണ് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു കളക്ടറേറ്റിലെ വിവരാവകാശ ഓഫീസറായ ഇ ജെ ഗ്രേസിക്ക് നല്കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.
ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ചോദ്യത്തില്‍ പരാമര്‍ശിച്ച വിവരങ്ങള്‍ കണയന്നൂര്‍ തഹസില്‍ദാരാണ് നല്‍കേണ്ടത് എന്നതിനാല്‍ അപേക്ഷ തഹസില്‍ദാര്‍ക്ക് അയച്ചുകൊടുക്കുന്നു എന്നുമായിരുന്നു ഇ ജെ ഗ്രേസി നല്കിയ മറുപടി. എന്നാല്‍ തഹസില്‍ദാര്‍ അപേക്ഷക്ക് മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: