കൊച്ചി: മണ്ണിന്റെ രാസഭൗതിക ഗുണങ്ങള്‍, ഭൂമിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച് മണ്ണിന്റെ ഫലപുഷ്ടി നിലവാരം, പരിമിതികള്‍, പരിഹാര മാര്‍ഗങ്ങള്‍ മുതലായവ നിര്‍ദേശിച്ച് കര്‍ഷകര്‍ക്ക് നല്കുന്ന ആധികാരിക രേഖയായ സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണം ജില്ലയില്‍ കാര്യക്ഷമമായി പുരോഗമിക്കുന്നു.
മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്ന ആശയം മുന്‍നിര്‍ത്തി ജില്ല മണ്ണുപര്യവേക്ഷണ കേന്ദ്രം നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ജില്ലയില്‍ കാലടി, ആമ്പല്ലൂര്‍, ചേന്ദമംഗലം, പുത്തന്‍വേലിക്കര, കോട്ടുവള്ളി പഞ്ചായത്തുകള്‍, മറ്റപ്പിള്ളി തോട് നീര്‍ത്തടം എന്നിവടങ്ങില്‍ ആയിരത്തോളം കര്‍ഷകര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡുകള്‍ സൗജന്യമായി നല്‍കിയത്. ശേഷിക്കുന്ന പഞ്ചായത്തുകളിലും കര്‍ഷകര്‍ക്കുള്ള കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മണ്ണുപര്യവേക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 2011 ല്‍ തുടക്കം കുറിച്ച നിറവ് സമഗ്ര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡിനുള്ള സാംപിള്‍ ശേഖരണം ആരംഭിച്ചത്.
2011-12 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് തല മണ്ണു പര്യവേക്ഷണത്തിന്റെ ഭാഗമായി 855 ഹെല്‍ത്ത് കാര്‍ഡ് സാംപിളുകളാണ് ശേഖരിച്ചത്. ആദ്യഘട്ടത്തില്‍ 2013-14 സാമ്പത്തിക വര്‍ഷം ചേന്ദമംഗലം പഞ്ചായത്തില്‍ 18 കര്‍ഷകര്‍ക്കും പുത്തന്‍വേലിക്കര, കോട്ടുവളളി പഞ്ചായത്തുകളില്‍ 2040 കര്‍ഷകര്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. 2014-15 ല്‍ പുത്തന്‍വേലിക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളില്‍ നിന്നായി 3838 കര്‍ഷകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളാണ് വിതരണം ചെയ്തത്.
കര്‍ഷകര്‍ക്കുള്ള പദ്ധതിക്കു പുറമേ ജില്ലാതല ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഭൂവിനിയോഗം, ഭൂപരിപാലന രീതികള്‍ എന്നിവ നിര്ദേശിക്കുന്നതിനാവശ്യമായ മണ്ണു പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും ഭൂക്ഷമത നിര്‍ണ്ണയം, പ്രശ്ന നിവാരണം, ഭൂവികസനം, നീര്‍ത്തട വികസനം എന്നിവയും മികച്ച രീതിയില്‍ നടന്നു വരുന്നു.
ഗ്രാമീണ അടിസ്ഥാന സൗകര്യവികസന ഫണ്ട് (ആര്‍ഐഡിഎഫ്) ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
കോതമംഗലം താലൂക്കിലെ പനങ്കരത്തോട് നീര്‍ത്തട പദ്ധതി, മുവാറ്റുപുഴ താലൂക്കിലെ മേക്കടമ്പ് തോട് ഡ്രെയ്നേജ് പദ്ധതി എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കടവൂര്മുരിത്തോട്, കുഴുമ്പറിത്തോട്, മണിയന്ത്രം നീരംപുഴത്തോട്, ആറ്റുവെളിക്കുഴിത്തോട്, തിരുമറയൂര്തോട്, കൈപ്പട്ടൂര്തോട്, കടവുങ്കല്‍ തോട്, കാലാമ്പൂര്തോട് പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: