പറവൂര്‍: അനധികൃത അറവുശാലക്കെതിരെ മത്സ്യവ്യാപാരികളും മാര്‍ക്കറ്റിലെത്തുന്ന നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. പറവൂര്‍ നഗരസഭയുടെ പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിലാണ് അനധികൃതമായി ആട്, മാടുകളെ അറുത്ത് വില്പന നടത്തുന്നത്.ഈ മാര്‍ക്കറ്റില്‍ മാംസവില്പനനിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് മാംസ വില്പന തകൃതിയായി നടക്കുന്നത്.
ഇത്തരത്തിലുള്ള നിയമലംഘനം കണ്ടിട്ട് നഗരസഭയും അനങ്ങാപ്പാറനയം ആണ് സ്വീകരിക്കുന്നത്. നഗസഭയിലെ പ്രമുഖനായ കൗണ്‍സിലറുടെ ബന്ധുവാണ് ഇവിടെ മാംസവില്പന നടത്തുന്നത്. അതുകൊണ്ടാണ് നഗരസഭാ അധികൃതര്‍ ഈ നിയമലംഘനം കണ്ടില്ലായെന്ന് നടക്കുന്നതെന്ന് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരികള്‍ പറയുന്നു.
ചെറിയ മാര്‍ക്കറ്റായ ഇവിടെ മാടുകളെ പരസ്യമായി അറക്കുകയാണ് പതിവ്. മത്സ്യം വില്‍ക്കുന്നവര്‍ക്കും മത്സ്യം വാങ്ങാന്‍ വരുന്നവര്‍ക്കും ഭയാനകമായ കാഴ്ചയാണ് എന്നും കാണാന്‍ കഴിയുന്നത്. ഇവിടെ നിന്നും ഒഴുക്കിവിടുന്ന രക്തം കാനകളില്‍ കെട്ടിക്കിടക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എരുമ, പോത്ത്, പശു, ആട്, പോര്‍ക്ക് എന്നിവയെ വഴിവക്കില്‍ തന്നെ അറുത്ത് പരസ്യമായി കെട്ടിതൂക്കിയിരിക്കുന്നതും ഇവയുടെ തല പുറത്ത് പ്രദര്ശിപ്പിച്ചിരിക്കുന്നും പതിവ് കാഴ്ചയാണ്. അറവുമാടുകളെ കൊല്ലുന്നതിനും വില്പന നടത്തുന്നതിനും വ്യക്തമായ നിയമവും മാര്ഗ്ഗനിര്ദ്ദേശവുമുണ്ടെങ്കിലും ഇവയെല്ലാം കാറ്റില്‍പ്പറത്തി നഗ്നമായ നിയമലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ശക്തമായ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിനെതിരെ കണ്ണടക്കുന്നത് ഇവര്‍ സംഘടിത ശക്തി ആയതിനാലും ശക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്ളതിനാലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: