കൊട്ടാരക്കര: അപകടക്കെണിയായി മാറിയ എംസി റോഡില്‍ ജസ്റ്റിസ് ചന്ദ്രശേഖര്‍ദാസ് കമ്മീഷന് പരിശോധന നടത്തി. അപകടങ്ങള്‍ കുറയ്ക്കാന്‍ അടിയന്തരമായി നടപ്പാക്കേണ്ട പരിഹാരങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. അപകടങ്ങളിലൂടെ നിരവധി ജീവനുകള്‍ അപഹരിക്കുകയും അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കുളക്കട ആലപ്പാട്ട് ക്ഷേത്രത്തിനുസമീപം ട്രാഫിക് മീഡിയനുകള്‍ സ്ഥാപിക്കാനും ചടയമംഗലം ശ്രീരംഗം വളവില്‍ സ്ഥലമേറ്റെടുത്ത് റോഡ് ഇരട്ടിപ്പിക്കാനും ജസ്റ്റിസ് ശങ്കര്‍ദാസ് കമ്മീഷന് നിര്‍ദ്ദേശം നല്കി. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ റോഡുകളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കമ്മീഷന് കഴിഞ്ഞ ദിവസം എംസിറോഡില്‍ സന്ദര്‍ശനം നടത്തിയത്.
നിലമേല്‍ മുതല്‍ ഏനാത്ത് വരെയുള്ള പ്രധാന കേന്ദ്രങ്ങളും അപകട പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കുകയും അപകടം പതിവായ സ്ഥലങ്ങളില്‍ അടിയന്തരമായി നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങള്ക്കായുള്ള നിര്‍ദ്ദേശവും നല്കി. എംസി റോഡിലേക്ക് ഇടറോഡുകള്‍ വന്നുകയറുന്ന ഇടങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിക്കുക, ട്രാഫിക് മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക, മുട്ടമ്പലം മേല്‍പ്പാലത്തില്‍ നടപ്പാലം നിര്‍മ്മിക്കുക, റോഡ് തകര്‍ന്നുപോയ ഇടങ്ങളില്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്കി.
സദാനന്ദപുരം സ്കൂളിനു സമീപം സ്ഥലമേറ്റെടുത്തു റോഡ് വലുതാക്കാനും വാളകത്ത് ക്രാഷ്ബാരിയറുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു.
അപകട മരണങ്ങളും അപകടങ്ങളും പതിവായ കുളക്കട, പുത്തൂര്‍മുക്ക്, ഇഞ്ചക്കാട്, മുട്ടമ്പലം, കരിക്കം, വാളകം, ചടയമംഗലം തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
റവന്യൂ, പോലീസ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, കെഎസ്ടിപി ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: