ചവറ: ചവറ പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ടിയിരുന്ന റേഷന്‍ സാധനങ്ങള്‍ മൂവാറ്റുപുഴ ഭാഗത്തെ കരിഞ്ചന്തയിലേക്ക് കടത്താന്‍ അനധിക്യതമായി സൂക്ഷിച്ചിരുന്ന 75 ചാക്ക് റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ ചവറ പോലീസ് പിടികൂടി.
പന്മന ഇടപ്പള്ളിക്കോട്ട മനയത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റെ വീട്ടുപുരയിടത്തിലെ രഹസ്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 50 ചാക്ക് റേഷനരിയും 25 ചാക്ക് റേഷന്‍ ഗോതമ്പുമാണ് ചവറ പോലീസ് പിടികൂടിയത്. റേഷന്‍ സാധനം കടത്താന്‍ ഉപയോഗിച്ച പെട്ടിആട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സിറ്റിപോലീസ് കമ്മീഷണര്‍ പി. പ്രകാശിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ എസ്ഐ. ജി. ഗോപകുമാര്‍, അഡീഷണല്‍ എസ്ഐ ജോസഫ് രാജു, മോഹനന്, സീനിയര്‍ സിപിഒ ആര്. പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഭക്ഷ്യധാന്യം പിടിച്ചെടുത്തത്. ചവറയിലെയും കരുനാഗപ്പള്ളിയിലെയും റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്ന ദിവസങ്ങളില്‍ അവ റേഷന്കടകളിലെത്താതെ കരിഞ്ചന്തയിലേക്ക് കടത്തുന്നത് ചവറ പ്രദേശത്ത് പതിവായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 5 രൂപ മുതല്‍ 8 രൂപവരെ സബ്സിഡി നല്കി ബിപിഎല്‍, എപിഎല്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യേണ്ട അരിയാണ് ഇത്തരത്തില്‍ കരിഞ്ചന്തയിലേക്ക് പോകുന്നത്. മൂവാറ്റുപുഴ, ആലുവാ ഭാഗത്തെ വന്‍കിട മില്ലുകളിലേക്ക് കടത്തുന്ന അരി വിവിധ ബ്രാന്റുകളുടെ പേരില്‍ മാര്‍ക്കറ്റില്‍ എത്തിച്ച് വന്‍വിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: