പത്തനാപുരം: ആരോപണ പ്രത്യാരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ വിളക്കുടി ഗ്രാമപഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. തിരുവഴി വാര്‍ഡ് മെമ്പറും സിപിഎമ്മിന്റെ വനിതാ അംഗവുമായ പി. ശ്രീദേവിയമ്മയാണ് പുതിയ പ്രസിഡന്റ്.‘ഭരണപക്ഷത്തില പതിനാലില്‍ പന്ത്രണ്ടു പേരുടെ പിന്തുണയോടെയാണ് ശ്രീദേവിയമമ പ്രസിഡന്റായത്.‘
ഭരണ പക്ഷത്തിലെ സിപിഐയുടെ മെമ്പറായ അജീമോഹനനാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന ഒരാള്‍. സിപിഐയുടെ തന്നെ മറ്റൊരു അംഗമായിരുന്ന സുലതാ രാജീവന് അഴിമതി ആരോപണത്തെത്തുടര്‍ന്ന് മെമ്പര്‍ സ്ഥാനം നേരത്തെ തന്നെ രാജിവെച്ചിരുന്നു. എതിര് സ്ഥാനാര്‍ത്ഥിയായി യുഡിഎഫിന്റെ വനിതാ അംഗമായ അബദിയാ നാസ്സറുദ്ദീന്റെ പേര് നിര്‍ദ്ദേശിച്ചങ്കിലും പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ നീക്കം ചെയ്തു.
വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എ. ബിന്ദു വരണാധികാരിയായി. ഇതിനിടെ തങ്ങളെ പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും വോട്ട് ചെയ്യാന്‍ നടത്താന്‍ അനുവദിച്ചില്ലെന്നും തെരഞ്ഞെടുപ്പ് അസാധുവാണന്നും ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ തടഞ്ഞു വെച്ചു. പിന്നീട് പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.
മദ്യവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച വിളക്കുടിയില്‍ ബിയര്‍ പാര്‍ലര്‍ തുറക്കാന്‍ ലക്ഷങ്ങള്‍ കോഴവാങ്ങി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ മുന്‍ പ്രസിഡന്റ് മിനി ജോസ് പ്രകാശിന് സ്ഥാനം രാജിവെക്കേണ്ടി വന്നത്. ബാറിന് അനുമതി നല്കിയ സംഭവത്തില്‍ എല്‍ഡിഎഫിനുള്ളിലെ ചേരിപ്പോര് ശക്തമായി തുടരുകയാണ്. സിപിഎം ഏരിയാസെക്രട്ടറി അടക്കമുളളവര്‍ പുതിയ പ്രസിഡന്റിന് ആശംസ നേരാന്‍ എത്തിയപ്പോള്‍ മുഹമ്മദ് അസ്ലത്തിന്റെ നേതൃത്വത്തിലുളള ഒരു കൂട്ടം ഏരിയാ കമ്മറ്റി അംഗങ്ങള്‍ വിട്ടു നിന്നു.
ബാര്‍ ഉടമയില്‍ നിന്നും പണം വാങ്ങിയവരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് ഇവര്‍ വിട്ടുനിന്നത്. യുഡിഎഫ് നടത്തുന്ന സമരങ്ങള്‍ അഡ്ജസ്റ്റ്മെന്റ് സമരങ്ങളാണെന്നും കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണന്നുളള വസ്തുത പൊതുജനം തന്നെ മനസ്സിലാക്കി കഴിഞ്ഞതായും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: