തരാധിപത്യവും കച്ചവടലോബിയും മലയാള സിനിമയെ അടക്കിവാണിരുന്ന കാലത്ത് ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അതിഭാവുകത്വത്തിന്റെ ഒരു നിഴല്‍പോലും ബാധിക്കാതെ അഭ്രപാളിയിലെത്തിച്ച് മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്കിയ ഒറ്റപ്പാലത്തുകാരന്‍.
മലയാള സിനിമയില്‍ നിരവധി അഭിനയ പ്രതിഭകളെ സംഭാവന ചെയ്ത ആ സംവിധായകന് തന്റെ സിനിമാ ജീവിതത്തിന്റെ 25-ാം വര്‍ഷം പിന്നിടുകയാണ്. 1998ല്‍ ഒരു മറവത്തൂര്‍ കനവിലൂടെ പ്രേക്ഷകമനസ്സിലേക്ക് നടന്നുകയറിയ ലാല്‍ജോസിന്റെ ഓരോ സിനിമകളും ജീവിതഗന്ധിയായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. തന്റെ ഇരുപത്തിരണ്ടാം ചിത്രമായ ‘നീന’യിലും പരമ്പരാഗത സിനിമാ സങ്കല്പങ്ങളെ ലാല്‍ജോസ് തച്ചുടച്ചു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ‘നീന’യെക്കുറിച്ചും ലാല്‍ജോസ് മനസ്സ് തുറക്കുന്നു.
സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമയില്‍ വന്ന മാറ്റങ്ങള്‍.
കമല്‍സാറിന്റെ കൂടെയായിരുന്നു തുടക്കം. ഒമ്പതുവര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മലയാള സിനിമ ഓരോ പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയിലും ഒരു ചക്രത്തിലൂടെ കടന്നുപോകുന്നുവെന്നത് ഒരു വസ്തുതയാണ്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘റാംജിറാവ് സ്പീക്കിംഗ്’ തുടങ്ങി തമാശപടങ്ങളുടെ കുത്തൊഴുക്ക് ആരംഭിച്ച സമയത്താണ് ഞാന്‍ സിനിമയിലെത്തിയത്. പിന്നീട് തമാശ സിനിമകള്‍ ‘ഏകലവ്യന്’, ‘തലസ്ഥാനം’ തുടങ്ങിയ ആക്ഷന്‍ സിനിമകളുടെ കാലത്തേക്ക് വഴിമാറി. പിന്നീട് കുറച്ചുകാലം ഫാമിലി ഡ്രാമകളായി. അതിനുശേഷം അഭിലാഷ എന്ന നടിയും സെക്സ് സിനിമകളും മലയാളത്തില്‍ തരംഗമായി. മലയാള സിനിമ തകരുന്നുവെന്ന് എല്ലാവരും പരിതപിച്ചകാലം. അവിടെ നിന്നും വീണ്ടും കുടുംബസിനിമകള്‍ ഹിറ്റായികൊണ്ട് പുതിയ കാലചക്രം. ഇതിന്റെ അവസാനത്തിലാണ് വീണ്ടും ഷക്കീല സിനിമകളുടെ കാലം വരുന്നത്.
ഓരോ കാലചക്രത്തിന്റെയും അവസാനം സെക്സ് സിനിമകളുടെ ഒരു അതിപ്രസരമുണ്ടാകുകയും അവിടെ നിന്ന് മലയാള സിനിമ ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യാറുണ്ട്. ‘ദൈവം കമ്പ്യൂട്ടറൈസ്ഡ് ചെയ്യുന്ന സ്ഥലമാണ് സിനിമ’. ഓരോ പ്രതിഭകളും മിന്നല്‍ വേഗത്തില്‍ വളരുന്നതും അസ്തമിക്കുന്നതും ചിലര്‍ വീണ്ടും തിരിച്ചു വരുന്നതുമൊക്കെ ഈ കാലയളവില്‍ കണ്ടു. ഏറ്റവും കൂടുതല്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന രംഗമാണ് സിനിമ. അനിശ്ചിതത്വം എവിടെയുണ്ടോ അവിടെ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറെയുള്ള മേഖലയാണ് സിനിമ. നാസയില്‍ പോലും ചില കാര്യങ്ങള്‍ക്ക് മുന്നോടിയായി പൂജകള്‍ നടത്താറുണ്ടെന്ന് കേള്‍ക്കുന്നു. അതുകൊണ്ടുതന്നെ വയ്ക്കോല് തുരുമ്പിലും വിശ്വാസം പുലര്‍ത്തുന്ന കുറേപേര്‍ സിനിമയിലുണ്ട്. എന്നാല്‍ ഒന്നിലും തീരെ വിശ്വാസമില്ലാത്തവരുമുണ്ട്.
ന്യൂജനറേഷന് സിനിമകളുടെ സമയാണിതെന്ന് പലരും പറയാറുണ്ട്. അങ്ങനെയൊന്നില്ല. എല്ലാകാലത്തും പുതുതലമുറയും വ്യത്യസ്തതയും അംഗീകരിക്കപ്പെടാറുണ്ട്. 80കളില്‍ ജയന്, നസീര്‍, സോമന്, സുകുമാരന്‍ എന്നിവര്‍ വാണിജ്യ സിനിമകളിലൂടെ അരങ്ങ് വാണപ്പോഴാണ് ഐ.വി.ശശി, ഭരതന്, പത്മരാജന്, കെ.ജി.ജോര്‍ജ്ജ്, മോഹന്‍ തുടങ്ങിയ സംവിധായകര്‍ വ്യത്യസ്ത പ്രമേയങ്ങളുമായെത്തുന്നത്. ഐ.വി.ശശിയുടെ ഉത്സവം, ഭരതന്റെ ‘പ്രയാണം’, കെ.ജി.ജോര്‍ജ്ജിന്റെ ‘സ്വപ്നാടനം’, ബാലചന്ദ്രമേനോന്റെ ‘കലിംഗ’ തുടങ്ങിയ സിനിമകള്‍ പുതിയൊരു മാറ്റത്തിനു തുടക്കമിട്ടു. സിനിമയില്‍ അന്നുവരെയുണ്ടായിരുന്ന നായകസങ്കല്പങ്ങള് തച്ചുടച്ചുകൊണ്ടു ഭരത്ഗോപിയും നെടുമുടിവേണുവുമൊക്കെ താരങ്ങളായി മാറി. അന്നും ഇന്നും ശക്തമായ തിരക്കഥകള്‍ തന്നെയാണ് സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ന് പുതുതലമുറയിലെ പ്രതിഭകള്‍ പുതിയ ആശയങ്ങളും ചിത്രീകരണ രീതിയും അവതരണ രീതിയുമായാണെത്തുന്നത്. പ്രേക്ഷകര്‍ ഇത് ആവശ്യപ്പെടുന്നുണ്ട്.
സംവിധായകനെന്ന നിലയില്‍ ലാല്‍ജോസില്‍ വന്ന മാറ്റം
സ്വതന്ത്ര സംവിധായനായിട്ട് 16 വര്‍ഷമേ ആയിട്ടുള്ളു. ഓരോ സിനിമ എടുക്കുമ്പോഴും വഴിമാറി നടക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് ഞാന്‍. പ്രേക്ഷകരുടെ ആസ്വാദനത്തിനായി വ്യത്യസ്തതയുള്ള സിനിമകളാണ് എപ്പോഴും സ്വപ്നം കണ്ടത്. പഴയ തലമുറയുടെ ഗുണങ്ങളും പുതുതലമുറയുടെ കഴിവുകളും പ്രയോജനപ്പെടുത്തിയാണ് സിനിമയെടുക്കുന്നത്. പഴയ തലമുറയിലെ പ്രതിഭകളും പുതുതലമുറയിലെ മിടുക്കന്മാരും എനിക്കു ഗുരുതുല്യരാണ്. എന്റെ സിനിമകളുടെ കാര്യത്തിലും ഓരോ ചക്രമുണ്ട്. കാലഘട്ടത്തിനുയോജിക്കാത്ത ‘രണ്ടാംഭാവം’ വരെയുള്ള ചിത്രങ്ങള്‍ ഒരു ഘട്ടത്തില്പ്പെടുന്നു. അതിനുശേഷമെടുത്ത ‘ചാന്തുപൊട്ട്’, ‘അച്ഛനുറങ്ങാത്തവീട്’, ‘ക്ലാസ്മേറ്റ്സ്’, ‘അറബിക്കഥ’ എന്നിവ മറ്റൊരു ചെയ്ഞ്ചാണ്. ‘ഡയമണ്ട് നെക്ളെസ്’, ‘അയാളും ഞാനും തമ്മില്‍’ തുടങ്ങിയവ മറ്റൊരു തലത്തിലേക്കുള്ള മാറ്റമായിരുന്നു. ഇപ്പോള്‍ ‘നീന’ മുതല്‍ പുതിയ ഒരു ഘട്ടം തുടങ്ങുകയാണ്.
നിരാശ തോന്നിയ സിനിമകള്‍
രസികനും, സ്പാനിഷ് മസാലയും തെറ്റുപറ്റിയ സിനിമകളാണ്. ഒരു സ്കൂപ്പ് എന്ന നിലയിലാണ് രസികന്‍ ചെയ്തത്. സ്പാനിഷ് മസാല ഏറ്റെടുത്ത് വിദേശരാജ്യത്ത് ഷൂട്ടിംഗിനുപോയപ്പോഴാണ് പ്രൊഡക്ഷന്‍ ടീമിന് പറ്റാത്ത കാര്യമായിരുന്നു അതെന്ന് അറിയുന്നത്. ഷൂട്ടിംഗ് എങ്ങനെയെങ്കിലും നിര്‍ത്തിയിട്ടു വന്നാല്‍ മതിയെന്നായി അവസാനം.
‘നീന’ ഒരു സ്ത്രീപക്ഷ സിനിമയെന്ന വിലയിരുത്തല്‍
എന്താണ് സ്ത്രീപക്ഷ സിനിമ. ചിലര്‍ ഫെമിനിസ്റ്റുകളുടെ സിനിമയാണെന്നു പറഞ്ഞു നടക്കുന്നു. ആണുങ്ങള് ചെയ്യുന്ന കാര്യം സ്ത്രീകള്‍ ചെയ്താല്‍ ഫെമിനിസ്റ്റാകുമോ. പുരുഷനെക്കാള്‍ കഴിവുള്ളവരാണ് സ്ത്രീകള്‍ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. സ്ത്രീകള്‍ തുല്യതയ്ക്കു വേണ്ടി വാദിക്കുമ്പോള്‍ ചിരിവരും. സ്ത്രീപക്ഷമാണോ പുരുഷപക്ഷമാണോ എന്ന് നോക്കിയല്ല ഞാന്‍ സിനിമയെടുക്കുന്നത്. കഥയുടെ പോക്കിനൊപ്പം കഥാപാത്രങ്ങള്‍ പോകുന്നു. അടുത്തിടെ ഒരു കോളേജിലെ പരിപാടിക്കിടെ ഒരു പെണ്‍കുട്ടി ചോദിച്ചത് താങ്കളുടെ നായികമാര്‍ പുരുഷനെ പ്രണയിക്കാന്‍ വേണ്ടി മാത്രമാണോ എന്ന്.
ഒരു സ്ത്രീയുടെ ജീവിതം സഫലമാകുന്നത് അവള് അമ്മയാകുമ്പോഴാണ്. സ്ത്രീകള്‍ പ്രണയിക്കുന്നില്ലെങ്കില്‍ ഇതെങ്ങനെ സംഭവിക്കുമെന്നു തിരിച്ചുചോദിക്കേണ്ടിവന്നു. സ്ത്രീയുടെ ആ റോള്‍ വളരെ വലുതാണ്. എന്റെ സിനിമയിലെ നായികമാര്‍ അലസരല്ല. എല്‍സമ്മ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത പെണ്‍കുട്ടിയാണ്. ഒരു ഉത്തരവാദിത്തമില്ലാതെ, അലസരായി സ്വതന്ത്രയായി നടക്കുന്ന സ്ത്രീയാണോ ഫെമിനിസ്റ്റ്. എന്നോട് ചോദ്യം ചോദിച്ച പെണ്‍കുട്ടി ഒരു ഫെമിനിസ്റ്റ് സംഘടനയില്‍പ്പെട്ട കുട്ടിയാണ്. നിങ്ങള്‍ കണ്ട സ്ത്രീപക്ഷ സിനിമയേതെന്ന ചോദ്യത്തിന് 22 എഫ്.കെ എന്നായിരുന്നു മറുപടി. പുരുഷന്റെ ലിംഗം ഛേദിക്കുകയും പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും ചെയ്താല്‍ സ്ത്രീപക്ഷ സിനിമയാകുമോ? എനിക്കറിയില്ല. ഇതൊക്കെയാണ് സ്ത്രീപക്ഷ സിനിമകളായി ചിലര്‍ സങ്കല്‍പ്പിക്കുന്നുവെങ്കില്‍ ഞാന്‍ തര്‍ക്കത്തിനില്ല.
എല്ലാം നിശബ്ദയായി സഹിക്കുന്ന ഭാര്യയായി നളിനി, മദ്യപാനവും പുകവലിയും ഇഷ്ടപ്പെടുന്ന സ്വതന്ത്രയായ നീന. കഥാപാത്രങ്ങള്‍ റിയലിസ്റ്റിക്കാണോ?
രണ്ടുതരം ആള്‍ക്കാരെയും നമ്മുടെ സമൂഹത്തില്‍ ഒരുപാട് കണ്ടിട്ടുണ്ട്. നിശബ്ദയായ, സംസാരിക്കേണ്ടിടത്ത് മാത്രം സംസാരിക്കുന്ന, തീരുമാനമെടുക്കേണ്ടിടത്ത് ശക്തമായി നിലപാടെടുക്കുന്ന ബുദ്ധിമതികളായ ഭാര്യമാര്‍ ഒരുപാടുണ്ട്. ഞാന്‍ നളിനിയാണ്, നീനയാണ്, ഞാന്‍ നളിനിയും നീനയുമാണ്. ഇത്തരത്തില്‍ ഒരുപാട് മെസേജ് എനിക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്.
ദീപ്തി സതിയിലേക്ക്
നായികയെതേടിയപ്പോള് 80 ഓളം പേരുടെ ഫോട്ടോകള്‍ കണ്ടിരുന്നു. റെജിദാസന് എന്ന ഫോട്ടോഗ്രാഫറാണ് ദീപ്തിയുടെ ഫോട്ടോ അയച്ചുതന്നത്. മറിച്ചു നോക്കിയിട്ട് മാറ്റിവച്ചു. പിന്നീടത് വിട്ടുപോയി. സിനിമയ്ക്ക് 20-30 ദിവസം അവശേഷിക്കവെ നായകന് വിജയബാബു അടക്കം ടെന്‍ഷനിലായി. പിന്നെ നായികയെ കണ്ടെത്താന്‍ കാടടച്ചുള്ള ഓട്ടമായിരുന്നു. ഇതിനിടെയാണ് ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ ചെയ്ത രാജേഷിന്റെ ഭാര്യ, മിസ് കേരള ഗ്രൂപ്പില്‍പ്പെട്ട ദീപ്തി എന്നൊരു പെണ്‍കുട്ടിയുണ്ട് എന്ന് പറയുന്നത്. എനിക്ക് ഫോട്ടോ അയച്ചു തന്നിട്ടു പ്രതികരണമുണ്ടായില്ല. നേരില്‍ ഒന്നു കണ്ടുനോക്കു എന്നു പറഞ്ഞു. ഓഡിഷനെത്തിയ നിമിഷം ദീപ്തിയെ നായികയായി മനസില്‍ കുറിച്ചു.
ദീപ്തി നീനയായപ്പോള്
ദീപ്തി പരിശീലനം ലഭിച്ച കലാകാരിയാണ്. മുംബൈയില്‍ നാടകരംഗത്തും പരിചയമുണ്ടായിരുന്നു. മദ്യപിക്കുന്ന രംഗമൊക്കെ അഭിനയിക്കേണ്ട സമയത്ത് മദ്യപിച്ച ശേഷം ഒരാള്‍ നടക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കേണ്ടിവന്നു. നമ്മള് കാണിച്ചുകൊടുക്കുന്നതിനെ അതുപോലെ അനുകരിക്കുകയല്ല ദീപ്തി ചെയ്യുക. സംവിധായകന് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി തന്മയത്വത്തോടെ അത് പ്രതിഫലിപ്പിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഭാരതം മുഴുവന്‍ അറിയപ്പെടുന്ന നടിയായി ദീപ്തി മാറും.
വിജയ്ബാബു നായകനാവുന്നത്.
സൗഹൃദത്തിന്റെ പേരിലല്ല വിജയ്ബാബു നീനയില്‍ നായകനാവുന്നത്. എന്റെ സിനിമയില്‍ ഒരാളെയും സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ അഭിനയിപ്പിക്കാറില്ല. സ്റ്റാര്‍പ്ലസ്, സൂര്യ, ഏഷ്യാനെറ്റ് തുടങ്ങിയവയില്‍ കോര്‍പ്പറേറ്റ് ഹെഡ് ആയിരുന്നതുകൊണ്ട് കഥാപാത്രത്തിന്റെ കോര്‍പ്പറേറ്റ് ഭാവത്തിന് അനുയോജ്യനായിരിക്കുമെന്ന് ഉറപ്പായിരുന്നു. 12 ഓളം സിനിമകളിലെ പരിചയസമ്പത്തും വിജയ്ബാബുവിന് മുതല്‍കൂട്ടായി.
നീനയാവാന്‍ മുന്‍നിര നടി വന്‍ പ്രതിഫലം ചോദിച്ചുവെന്ന വാര്‍ത്ത
ശുദ്ധകളവാണ്. നീനയാവാന്‍ ആന്‍ഡ്രിയയ്ക്ക് താല്പര്യമുണ്ടായിരുന്നു. കഥകേള്‍ക്കാന്‍ ഞാന്‍ അങ്ങോട്ടോ അവര്‍ ഇങ്ങോട്ടോ വരേണ്ടതുണ്ടായി. അവര്‍ തിരക്കുകാരണം ഫ്ളൈറ്റില്‍ വന്ന് കഥകേട്ടു. കഥ ശരിക്കും ഇഷ്ടപ്പെട്ടു. പക്ഷെ നീനയാവാന്‍ മുടിമുറിക്കണമെന്നത് ആന്‍ഡ്രിയയെ വിഷമത്തിലാക്കി. വിഗ് വച്ചു ചെയ്യാമെന്നു പറഞ്ഞപ്പോള്‍ ഞാനാണ് സോറി പറഞ്ഞ് ഒഴിവാക്കിയത്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് ഒന്നുകില്‍ ബുദ്ധിയില്ലായിരിക്കും അല്ലെങ്കില്‍ ദുരുദ്ദേശ്യം കാണും.
അടുത്ത പ്രൊജക്ട്
എസിവി ഫിലിംസിന്റെ ബാനറില്‍ വിനോദ് കൊട്ടാരക്കര നിര്‍മിക്കുന്ന, ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന നിവിന്‍പോളി ചിത്രം സപ്തംബറില്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: