പറയിപെറ്റ പന്തിരുകുലമെന്ന സീരിയലില്‍ നാറാണത്തുഭ്രാന്തനെ അനശ്വരമാക്കിയ മനേക് ഷായെ ആരും മറന്നിട്ടുണ്ടാവില്ല. 2008 മുതല്‍ 2010 വരെ 350 ഓളം എപ്പിസോഡുകളിലാണ് ഇദ്ദേഹം അഭിനയിച്ചത്. അപ്പോള്‍ മറക്കുന്നതെങ്ങനെ. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മയില്‍ രാമയ്യന് ദളവയായി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടക നടനായി വേദിയില്‍ കയറിയതാണ് മനേക് ഷാ.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വാല്യത്തുചിറ വീട്ടില്‍ മനേക് ഷാ പിറന്നപ്പോള്‍ 1971 ല്‍ ഭാരത-പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. അന്ന് ഭാരതത്തിന്റെ കരസേനയെ നയിക്കുകയും യുദ്ധത്തില്‍ വിജയിക്കുവാന്‍ നിര്‍ണായകസ്ഥാനം വഹിക്കുകയും ചെയ്ത മനേക് ഷായുടെ കടുത്ത ആരാധകനായിരുന്നു മത്തച്ഛന്‍ ഗോവിന്ദന്. ആ ആരാധനയാണ് കൊച്ചുമകനും അതേ പേരിടാന്‍ കാരണം. തട്ടകം കുട്ടികളുടെ നാടകക്കളരിയാണെങ്കിലും സിനിമയോടുമുണ്ട് ലേശം ഭ്രമം. കളിയച്ചന്, മമ്മൂട്ടിയോടൊപ്പം താപ്പാന, ത്രിജി, കളഞ്ഞുപോയ വിത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന മനേക് ഷായെ സിനിമാ ഫീല്ഡിലുള്ളവര്ക്ക് മമ്മൂട്ടി പരിചയപ്പെടുത്താറുണ്ട്. നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ നിരസിക്കില്ലെന്ന നിലപാടിലാണ് മനേക് ഷാ. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പറയിപെറ്റ പന്തിരുകുലത്തില്‍ മനേക് ഷാ അവതരിപ്പിച്ച നാറാണത്തു ഭ്രാന്തന് ടിവി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത മിത്തായി ഇപ്പോഴും അവരുടെ മനസിലുണ്ടെന്നതില് അതീവ തൃപ്തനാണ് മനേക് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: