പാലക്കാട്: ജില്ലാപഞ്ചായത്ത്, അഗളി ഗവണ്മെന്റ് ഹൈസ്കൂളുമായി സഹകരിച്ച് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം അഗ്ഗെദ് നായാഗ എട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യുടെ മല്‍സര വിഭാഗത്തില്‍ പ്രവേശനം നേടി. ജൂണ്‍ 26 മുതല്‍ 30 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.
ആദിവാസി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ഭാഷാപരിമായതും തന്മൂലമുണ്ടാകുന്ന സാംസ്ക്കാരികവുമായ ഒറ്റപ്പെടലാണ് സിനിമയുടെ പ്രമേയം. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആദിവാസി മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ സംഘര്‍ഷങ്ങളും സിനിമയുടെ പ്രതിപാദ്യ വിഷയമാണ്. അഗളി ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തന്നെയാണ് അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും.
അഗളി ഹൈസ്കൂളിലെ അധ്യാപികയും നാടകപ്രവര്‍ത്തകയുമായ സിന്ധു സാജനാണ് മാതൃഭാഷ എന്നര്‍ത്ഥം വരുന്ന ആദിവാസ മുഡുക ഭാഷയിലുളള ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സ്ത്രീ ഫോട്ടോഗ്രാഫര്‍ ഫൗസിയ ഫാത്തിമയുടെ കാമറ സിനിമയെ മികച്ച ഒരു കാഴ്ച അനുഭവമാക്കി. റാസിയുടെ മികവാര്‍ന്ന കലാസംവിധാനവും എസ്.സി.ഇ.ആര്.ടി റിസര്‍ച്ച് ഓഫീസറായ മണക്കാല ഗോപാലകൃഷ്ണന്റെ സംഗീതവും സിനിമയ്ക്ക് മുതല്കൂട്ടാകുന്നു.
അട്ടപ്പാടിയിലെ പ്രമുഖ കലാസംഘമായ ആസാദാണ് സിനിമയിലെ ആദിവാസി നൃത്തവും ഗാനവും തയ്യാറാക്കിയത്. ഒരു സ്കൂള്‍ സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിതോല്‍സവത്തില്‍ പ്രവേശനം ലഭിക്കുക എന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍.കണ്ടമുത്തന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസ് , ഹരിശ്രീ, ഡയറ്റ്, അഗളി ഹൈസ്കൂള്‍ അധികൃതര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് സിനിമ ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: