ചിറ്റൂര്‍: തമിഴ്നാട്ടില്‍നിന്നും അതിര്‍ത്തിപ്രദേശത്തെ കോഴിപ്പാറ ആപ്കോസിലേക്ക് കൊണ്ടുവന്ന പാല് ക്ഷീരകര്‍ഷകരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പാല് വാഹനം തടഞ്ഞവരില്പെട്ട പ്രേംജിത്ത്, നൂര്‍ഷാദ്, രമേശ്, വാസു തുടങ്ങി നാലുപേരെ കസ്റ്റഡിയിലെടുത്തു.
കോഴിപ്പാറ ക്ഷീരസഹകരണ സംഘം തമിഴ്നാട് വ്യാപാരികളില്‍നിന്നും പാല് വാങ്ങുന്നതു തടയണമെന്നാവശ്യപ്പെട്ട് ക്ഷീരകര്‍ഷകരും നാട്ടുകാരും നടത്തിയ പ്രതിഷേധസമരത്തെ തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിജു തമിഴ്നാട് പാല് വാങ്ങുന്നതു വിലക്കി.
ബുധനാഴ്ച വൈകുന്നേരമായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. തമിഴ്നാട് പാല് ക്ഷീരസംഘം വാങ്ങുന്നതിനെചൊല്ലി കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ തര്‍ക്കങ്ങള്‍ നടന്നിരുന്നു.
24 രൂപയ്ക്ക് വാങ്ങുന്ന തമിഴ്നാട് പാല് 32 രൂപയ്ക്കാണ് മില്‍മയ്ക്ക് കൈമാറുന്നതത്രേ. ക്ഷീരസംഘങ്ങളില്‍ അംഗങ്ങളല്ലാത്തവരുടെ പേരിലാണ് ഇത്തരത്തില്‍ പാല് അളക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പാല് അളക്കുന്നതിന് മില്‍മയില്‍നിന്നും ല’ിക്കുന്ന ആനുകൂല്യം ഇവര്‍ക്കു നല്കുതായും നാട്ടുകാര്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരുമായി മില്‍മ ഡയറി ജീവനക്കാര്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് പിന്നീട് നാട്ടുകാര്‍ പിരിഞ്ഞുപോയത്. കസ്റ്റഡിയിലെടുത്ത നാലുപേരെയും പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. തമിഴ്നാട് പാല് വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം നല്കുമെന്നു ക്ഷീരകര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്നലെ നാട്ടുകാര്‍ ബ്ലോക്ക് ഓഫീസില്‍ കോഴിപ്പാറ ക്ഷീരസഹകരണസംഘം പ്രസിഡന്റ് ദേവസഹായം, പരാതിക്കാരായ പ്രേംജിത്ത്, രമേശ്, വാസുദേവന്‍, നൂര്‍ഷാദ് എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയാണ് ഡിബിഒ തമിഴ്നാട് പാലിന് വിലക്കേര്‍പ്പെടുത്തിയത്.
ക്ഷീരകര്‍ഷകര്‍ നല്കിയ പരാതികള്‍ ജില്ലാ, സംസ്ഥാന മേലധികാരികള്‍ക്ക് അയയ്ക്കും. അന്തിമ തീരുമാനം മേലുദ്യോഗസ്ഥര്‍ അറിയിക്കുമെന്നും ബിജു പറഞ്ഞു. തമിഴ്നാട് പാല് വാങ്ങുന്നതിനു താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ മറ്റു സമരപരിപാടികള്‍ നടത്തില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പരാതിക്കാര്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം തമിഴ്നാട്ടില്‍നിന്നും എത്തിയ പതിഞ്ചോളം ഇരുചക്രവാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. കൊഴിഞ്ഞാമ്പാറ പോലീസ് ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
പോലീസിന്റെ അഴിമതി
അവസാനിപ്പിക്കണം
ചിറ്റൂര്‍: നികുതി വെട്ടിപ്പുകാരെ സംരക്ഷിക്കുന്ന കൊഴിഞ്ഞാമ്പാറ പോലീസിന്റെ നിലപാട് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എ.കെ.ഓമനക്കുട്ടന് ആവശ്യപ്പെട്ടു.ചിറ്റൂര്‍ മണ്ഡലം കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും വിലകുറഞ്ഞപാല് അതിര്‍ത്തികളില്‍ എത്തിച്ച് തട്ടിപ്പു നടത്തുന്നതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. മണ്ഡലം പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എ.കെ.മോഹന്‍ദാസ് , ആര്.ജഗദീഷ്, കെ.പ്രഭാകരന്, ആരോഗ്യരാജ്, ജെ.ആന്റണി, വിചിത്രന്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: