ജീവഹാനിയും കൃഷിനാശവുമാണ് മഴക്കാല കെടുതികളില്‍ മുന്നില്‍. മഴക്കാലമെത്തുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങളുടെ അഭാവമാണ് ഇതിന്റെ തീവ്രതകൂട്ടുന്നത്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയാണ് കേരളത്തില്‍ മണ്‍സൂണ്‍ മഴ ലഭിക്കുന്നത്. ഓരോ മഴക്കാലവും പേടിസ്വപ്നമായി കാണുന്നവരും കേരള സമൂഹത്തിലുണ്ട്. വെള്ളക്കെട്ടും റോഡുകളുടെ ശോച്യാവസ്ഥയുമാണ് കേരളീയര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന്. പോയവര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ വരെ മഴക്കെടുതിയില്‍ പൊലിഞ്ഞത് 123 പേരുടെ ജീവനാണെന്ന് റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്ത് എട്ട്, കൊല്ലം ജില്ലയില്‍ മൂന്ന്, പത്തനംതിട്ടയില്‍ ഏഴ്, ആലപ്പുഴയില്‍ 12, കോട്ടയത്ത് മൂന്ന്, ഇടുക്കിയില്‍ രണ്ട്, എറണാകുളത്ത് 10, തൃശൂര്‍ ഒമ്പത്, പാലക്കാട് എട്ട്, മലപ്പുറത്ത് 16, കോഴിക്കോട് ഒമ്പത്, വയനാട് ആറ്, കണ്ണൂര്‍ 15, കാസര്‍കോട് 15 എന്നിങ്ങനെയാണ് മരണനിരക്ക്. 24 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തുടനീളം ഒട്ടനവധി വീടുകള്‍ കനത്തമഴയെത്തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിരുന്നു. ഏകദേശം 2064.8 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ചുഴലിക്കാറ്റും പേമാരിയും മത്സ്യബന്ധന മേഖലയേയും പ്രതികൂലമായി ബാധിച്ചു. ബോട്ടും വലയും നശിച്ചതുമൂലം 27.702 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്.
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ആധി കര്‍ഷകര്‍ക്കാണ്. വെള്ളപ്പൊക്കവും കൊടുങ്കാറ്റും കനത്തമഴയും കര്‍ഷകരുടെ സ്വപ്നങ്ങളിലാണ് കരിനിഴല്‍ വീഴ്ത്തുന്നത്. എന്നാല്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വേണ്ടത്ര ശ്രമങ്ങള്‍ നടക്കുന്നില്ല. ചെറുകിട, ഇടത്തരം കര്‍ഷകരാണ് കേരളത്തില്‍ കൂടുതലും. ധാന്യവിളകള്‍ നശിച്ചതിലൂടെ ഏകദേശം 1216.9 ലക്ഷം രൂപയുടെ നഷ്ടമാണ് കാര്‍ഷിക രംഗത്ത് നേരിട്ടത്. 14013 ഹെക്ടര്‍ കൃഷിയാണ് മണ്‍സൂണ്‍ കാലയളവില്‍ നശിച്ചത്.
അഗ്നിശമനസേനാ വിഭാഗം തയ്യാറെടുപ്പുകള്‍ ആരംഭിച്ചു
കാലവര്‍ഷത്തിനു മുന്നോടിയായി അഗ്നിശമനസേനാവിഭാഗം തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിനായി സംസ്ഥാനത്തെ എല്ലാ അഗ്നിശമനസേനാവിഭാഗത്തിനും ഓരോ പമ്പ് വിതരണം ചെയ്തതായി സീനിയര്‍ സൂപ്രണ്ട് എ. ഷാജഹാന് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചപമ്പുകള്ക്ക് ഔട്ട്പുട്ട് കുറവായതിനാല്‍ കാലവര്‍ഷക്കെടുതികള്‍ നിയന്ത്രിക്കാല്‍ എത്രമാത്രം ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കാലവര്ഷക്കെടുതിയോടൊപ്പം ഒടിഞ്ഞുവീഴുന്ന മരങ്ങള്‍ വെട്ടിമാറ്റാനായി മോട്ടോര്‍ ഘടിപ്പിച്ച ചെയിന്‍ വാളും വിതരണം ചെയ്തുകഴിഞ്ഞു. നിലവിലുള്ള ഫയര്‍ എഞ്ചിനുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ റബര്‍ ഡിങ്കികളും ലൈഫ് ജാക്കറ്റുകളും ഉപയോഗ സജ്ജമാക്കി. കൂടാതെ ഫ്ളോട്ട് പമ്പുകള്‍ സ്ഥാപിച്ചു. കഴിഞ്ഞവര്‍ഷം അധികമായി ആവശ്യപ്പെട്ട 30 ഫയര്‍ എഞ്ചിനുകള്‍, അണ്ടര്‍ വാട്ടര്‍ സ്ക്യൂബയും എത്തിച്ചേര്‍ന്നു. ബാക്കിയുള്ളവ 30 ന് അകം എത്തിച്ചേരും. അഞ്ച് എമര്‍ജന്‍സി ടെന്‍ഡറും 80 ഫയര്‍ എഞ്ചിനുകളും ആവശ്യപ്പെട്ട് 28 കോടി രൂപയുടെ പദ്ധതി ഈ സാമ്പത്തികവര്‍ഷം സര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നു.
ഓപ്പറേഷന് അനന്തയുടെ മാതൃക മറ്റ് ജില്ലകളിലും
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷന് അനന്തയ്ക്കുവേണ്ടി, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അനുബന്ധ ഏജന്‍സികളുടെയും ഏകോപനത്തിന്, കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോര്‍ഡിനെ, നോഡല്‍ ഏജന്‍സിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ മാസം 31 ന്, ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം, ഒരുവര്‍ഷത്തെ രണ്ടാംഘട്ടം ആരംഭിക്കും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള സര്‍ക്കാര്‍ നടപടിയാണ് ഓപ്പറേഷന് അനന്ത. ഇനിയുള്ള ദിവസങ്ങളില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം തുടരും.
വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിന്, ഓപ്പറേഷന് അനന്തയുടെ ഭാഗമായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. ഓപ്പറേഷന് അനന്തയ്ക്ക് 10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
ഓപ്പറേഷന് അനന്തയുടെ മാതൃക മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ഓടകളും തോടുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ഓടകളും തോടുകളും കനാലുകളും കൈയേറിയവ പുനസ്ഥാപിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുസമാനമായി കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്,വയനാട്, തുടങ്ങിയ മറ്റ് ജില്ലകളിലും ദുരന്തനിവാരണനിയമം നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണം പേരിനുമാത്രം
മണ്‍സൂണ്‍ എത്തുന്നതിന് മുമ്പുള്ള മഴ തിമിര്‍ത്ത് പെയ്തത് തലസ്ഥാന നഗരിയിലാണ്. ഇതില്‍തന്നെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ജനങ്ങള്‍ മഴയില്‍ വലയുകയായിരുന്നു. ഇനി മഴക്കാലംവന്നാല് പറയാനുണ്ടോ? മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ല എന്നതാണ് വാസ്തവം. ഈ വര്‍ഷം നഗരത്തില്‍ വെള്ളക്കെട്ടൊഴിവാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന നദിയായ പാര്‍വതീപുത്തനാറിലെ പത്തുകിലോമീറ്ററോളം ഭാഗത്ത് പായലും മാലിന്യങ്ങളും നീക്കുന്ന ജോലി ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മഴക്കാലപൂര്‍വശുചീകരണത്തിന്റെ പേരില്‍ ഓരോ നഗരസഭയ്ക്കും സര്‍ക്കാര്‍ തുക അനുവദിക്കാറുണ്ട്. എന്നാല്‍ ഓരോതവണയും അനുവദിക്കുന്ന തുക മഴക്കാലം കഴിഞ്ഞശേഷമാണ് ലഭിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം ഈ തുക ലഭിച്ചത് മഴക്കാലം തുടങ്ങി മാസങ്ങള്‍ക്കുശേഷമാണ്. തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞവര്‍ഷം ഓരോവാര്‍ഡിനും 15,000 രൂപവീതമാണ് അനുവദിച്ചത്. ചാലുകോരാനും ഓടവൃത്തിയാക്കാനും. ഈ തുക ഓരോ ജില്ലയിലും ഓരോ നഗരസഭകളിലും പഞ്ചായത്തുകളിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.
കൂടാതെ ഓരോവാര്‍ഡിലും കൊതുകു നശീകരണത്തിനായി സന്നദ്ധസേനകള്‍ രൂപീകരിക്കാറുണ്ട്. ഈവര്‍ഷത്തെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മണ്‍സൂണ്‍ കാലം അടുത്തിട്ടുപോലും മിക്കസ്ഥലങ്ങളിലും തുടങ്ങിയിട്ടുപോലുമില്ല. മഴ തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ മഴ തീര്‍ന്നാലും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് എല്ലായിടത്തും ഏതാണ്ട് സമാനമായ അവസ്ഥയാണുള്ളതും.
————————————————————————————————————————-
കരുതിയിരിക്കുക, മഴക്കാലരോഗങ്ങളെ
ജീവന്റെ അനേകകണങ്ങളുമായാണ് മഴക്കാലത്തിന്റെ ആഗമനം. എന്നാല്‍ ഏതൊരു നല്ല കാലത്തിനും മറുവശമുണ്ടല്ലോ. അതുപോലെ മഴക്കാലത്തിനുമുണ്ട് ദോഷവശങ്ങള്‍. ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്നുവെന്നതാണ് അതില്‍ പ്രധാനമായത്. അതിനാല്‍ മഴക്കാലത്തോടനുബന്ധിച്ച് സാധാരണയായി പല മാരകരോഗങ്ങളും ഉണ്ടാകുന്നു.
മഴയെത്തുടര്‍ന്നുണ്ടാകുന്ന തണുപ്പും വെള്ളക്കെട്ടും കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമൊരുക്കുന്നു. ഇവ മലേറിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. പ്രതിരോധശക്തി വളര്‍ത്തിക്കൊണ്ട് ഇത്തരം രോഗങ്ങളെ നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കാനും ഈ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും മഴക്കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. ചില സാധാരണ മഴക്കാലരോഗങ്ങളും പ്രതിരോധ നടപടികളും…
മലേറിയ
ലക്ഷണങ്ങള്‍: കൃത്യമായ ഇടവേളകളില്‍ വരുന്ന പനി. ദിവസവും ഒരേസമയത്ത് പനി അനുഭവപ്പെടാം. തലവേദന, ഛര്‍ദി എന്നിവയും വിറയലുമുണ്ടാകാം. പേശിവേദനയും ക്ഷീണവുമാണ് മറ്റ് ലക്ഷണങ്ങള്‍.
പ്രതിരോധം: രോഗം പരത്തുന്നത് കൊതുകുകളായതിനാല്‍ കൊതുകുവലകളും നിവാരണികളും ഉപയോഗിക്കുക. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. അതിലാണ് കൊതുകുകള്‍ പെരുകുന്നത്. വീടിനടുത്തുള്ള ഓടകളില്‍ ഡി ഡി റ്റി തളിക്കുന്നത് ഉത്തമമാണ്.
ഏറ്റവും അപകടകാരിയായ രോഗമാണ് മലേറിയ. അതിനാല്‍ മലേറിയയുടെ ലക്ഷണങ്ങളെ അവഗണിക്കരുത്. ലക്ഷണങ്ങളിലേതെങ്കിലും തോന്നിയാല്‍ ഉടനെ ഒരു ഡോക്ടറെ സമീപിക്കുക.
കോളറ
മഴക്കാലത്ത് പരക്കുന്ന മറ്റൊരു അപായകരമായ രോഗമാണ് കോളറ. മലിനീകരിക്കപ്പെട്ട ഭക്ഷണവും വെള്ളവുമാണ് ഇതിന്റെ പ്രധാന കാരണം. തീരെ വൃത്തിയില്ലാത്ത ചുറ്റുപാടുകളും ഈ രോഗം പടരാന്‍ കാരണമാകുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഈ രോഗം സാധാരണയായി വ്യാപിക്കാറുള്ളത്. കടുത്ത വയറിളക്കം പോലുള്ളവയാണ് ലക്ഷണങ്ങള്‍. തുടരെയുള്ള ഛര്‍ദിയും കണ്ടുവരാറുണ്ട്. ഇത് നിര്‍ജലീകരണത്തിനും ഇടവരുത്തുന്നു.
പ്രതിരോധം: കോളറയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ് ഏറ്റവും ഉത്തമം. ആറുമാസത്തെ സംരക്ഷണം ഇതുനല്കും. ശുചിയായ കുടിവെള്ളം തിളപ്പിച്ചശേഷം ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം.ഇതിനുപുറമെ വ്യക്തിപരമായ ശുചിത്വവും നല്ല ശുചീകരണ പ്രവര്‍ത്തനങ്ങളും കോളറ തടയാന്‍ സഹായിക്കുന്നു.
യഥാസമയം ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് ജീവന് ഭീഷണിയായി മാറിയേക്കാം. കോളറ ബാധിച്ചയാള്‍ക്ക് ഉടനടി ഒ ആര് എസ് നല്‍കേണ്ടതാണ്.
ടൈഫോയ്ഡ്
മഴക്കാലത്ത് ടൈഫോയ്ഡും പകരുന്നു. മലിനീകരിക്കപ്പെട്ട ഭക്ഷണവും വെള്ളവുമാണ് കാരണം. ഭേദമായാലും രോഗിയുടെ പിത്താശയത്തില്‍ ഇതിന്റെ രോഗാണു ഉണ്ടാകും. രോഗിയുടെ ആരോഗ്യത്തിന് ഇത് മാരകമാകാം.
നീണ്ടുനില്‍ക്കുന്ന പനിയാണ് ടൈഫോയ്ഡിന്റെ പൊതുവായ ലക്ഷണം. തലവേദനയും അടിവയറ്റില്‍ കടുത്തവേദനയുമാണ് മറ്റു രോഗലക്ഷണങ്ങള്‍.
പ്രതിരോധം: പകരാന്‍ ഏറെ സാധ്യതയുള്ള രോഗമാണ്. മുന്‍കൂട്ടി കുത്തിവെപ്പ് നടത്തുന്നത് വലിയ സഹായമാകും. നിര്‍ജലീകരണം തടയാന്‍ രോഗികള്‍ വളരെയധികം വെള്ളം കുടിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും വരുമെന്നുള്ളതിനാല്‍ ടൈഫോയ്ഡ് രോഗികള്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതാണ്. രോഗവിമുക്തി പ്രാപിച്ചാല്‍ത്തന്നെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നര്‍ത്ഥം.
ഡെങ്കിപ്പനി
കൊതുകു കടി മൂലമുണ്ടാകുന്ന ഈ മഴക്കാലരോഗം ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും വലിയ ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. തലവേദന, വിറയല്‍, ചെറി യ പുറംവേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന വേദന എന്നിവയോടെയാണ് ഡെങ്കിയുടെ ആരംഭം. രോഗം മൂര്ച്ഛിച്ചുകഴിയുമ്പോള് സന്ധികളിലും കാലുകളിലും കടുത്തവേദനയുണ്ടാകും. ശരീരോഷ്മാവ് അതിവേഗം 104 വരെ ഉയരും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും താഴുകയും ചെയ്യും.
പ്രതിരോധം: കൊതുകുകടി ഒഴിവാക്കുക എന്നതാണ് പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം. വീടുകളെ കൊതുകു വിമുക്തമാക്കുക എന്നതാണ് മറ്റൊരു നടപടി.
കൊതുകിനെ ഒഴിവാക്കാന്‍ പരമ്പരാഗതവും നവീനവുമായ സംവിധാനങ്ങള്‍ വിനിയോഗിക്കുക.
രോഗിക്ക് വീണ്ടും കൊതുകുകടിയേല്‍ക്കാന്‍ ഇടവരരുത്. രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ ഇത് ഇടയാക്കും.
ഡോ. ബി. പത്മകുമാര്‍
(അസോസിയേറ്റ് പ്രൊഫസര്‍, ടിഡി മെഡിക്കല്‍ കോളേജ്, ആലപ്പുഴ)
———————————————————————————————————————
ജൂണില്‍ മഴ തിമിര്ത്തേക്കില്ല
സാധാരണ ജൂണ്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാണ് കേരളത്തില്‍ മണ്‍സൂണ്‍ കാലം. ഈ വര്‍ഷം മെയ് 30 മുതല്‍ മണ്‍സൂണ്‍ മഴ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജൂണില്‍ മഴക്ക് ശക്തി കുറയാനാണ് സാധ്യത. ജൂലൈയിലായിരിക്കും മഴ ശക്തി പ്രാപിക്കുക. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കേരളത്തില്‍ മഴ കൂടുതലായി ലഭിച്ചതുകാരണം കനത്ത ജലക്ഷാമം ഉണ്ടാകാനിടയില്ല. വൈദ്യുതി ഉല്പാദനത്തിലും കുറവുണ്ടാകാന്‍ ഇടയില്ല. ഓരോ വര്‍ഷവും ലഭ്യമാകുന്ന മഴയുടെ തോതിലും വ്യത്യാസമാണുള്ളത്. അതിനാല്‍ത്തന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കൂടുതലായിരിക്കുമോ എന്ന് മുന്‍കൂട്ടി പറയാനും സാധിക്കില്ല.
കാലവര്‍ഷത്തോട് അനുബന്ധിച്ച് പ്രകൃതിക്ഷോഭത്തിനും സാധ്യത കാണുന്നില്ല. നേപ്പാളിലും ഉത്തര ഭാരതത്തിലും അടുത്തിടെയുണ്ടായ ഭൂചലനത്തില്‍ സംസ്ഥാനത്ത് പ്രകമ്പനം ഉണ്ടായെങ്കിലും കേരളം ഭയക്കേണ്ട സ്ഥിതിവിശേഷം ഇപ്പോഴില്ല. ഭാരതത്തില്‍ ഹിമാലയം മുതലുള്ള നോര്‍ത്ത് ബെല്‍റ്റിന്റേയും സൗത്ത് ഇന്ത്യന്‍ ബെല്‍റ്റിന്റേയും പ്ലേറ്റ് വ്യത്യാസം ഉണ്ട്. അതിനാല്‍ തന്നെ കേരളത്തില്‍ ശക്തമായ ഭൂചലനത്തിന് സാധ്യത കുറവാണ്. കേരളം സ്റ്റേബിളാണെന്ന് പറയാം. കേരളത്തിന്റേത് ഉറച്ച ഭൂപ്രകൃതിയാണ്.
എന്നാല്‍ മഴ കൃഷിയെ പൊതുവെ പ്രതികൂലമായി ബാധിക്കും. മണ്ണിടിച്ചിലും കുന്നിടിച്ചിലും ദോഷം തന്നെയാണ്. പാലക്കാടും പുലനൂരുമാണ് ചൂട് കൂടുതല്‍ ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങള്‍. മണ്ണിന്റെ പ്രത്യേകതയാണ് ഇതിന് കാരണം.
ഡോ. കെ. മോഹന്‍കുമാര്‍ (കുസാറ്റിലെ കാലാവസ്ഥാ നിരീക്ഷണ റഡാര്‍കേന്ദ്രം മേധാവി)
—————————————————————————————————————————–
ദുരന്തനിവാരണസേന പ്രവര്‍ത്തനസജ്ജം
കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനും വേണ്ട മുന്‍കരുതല്‍ എടുക്കാനുമായി ദുരന്തനിവാരണസേനയെ സജ്ജമാക്കിയതായി ദുരന്തനിവാരണസേനയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പി.ബി. പുഷ്പലത പറഞ്ഞു. സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളിലും കണ്ട്രോള് റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി.
കൂടാതെ പുതുതായി തിരുവനന്തപുരത്തുമാത്രം ഏഴു കണ്ട്രോള് റൂം തുറക്കാനും അവിടെ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ദുരന്തനിവാരണത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വെള്ളക്കെട്ടൊഴിവാക്കാന്‍ ഓടകള്‍ ശുചീകരിക്കുന്ന ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സ്ഥിരമായി വെള്ളപ്പൊക്കദുരിതമനുഭവിക്കുന്നവരെയും തീരദേശങ്ങളിലെ വെള്ളപ്പൊക്കബാധിതപ്രദേശങ്ങളാകാന് സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെയും മാറ്റി പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജ്ജമാക്കി. ഇവരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. തീരദേശ വില്ലേജ് ഓഫീസുകളിലും ജാഗ്രതാ നിര്‍ദേശം നല്കി.
എല്ലാജില്ലകളിലും അപകടഭീഷണി ഉയര്‍ത്തുന്നതും വൈദ്യുതിക്കമ്പികളില്‍ തട്ടിനില്ക്കുന്നതുമായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാനും നിര്‍ദേശിച്ചു. ഇതില്‍ 90 ശതമാനവും വെട്ടിമാറ്റി. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും വകുപ്പു മേധാവി നിര്‍ദേശിച്ചു. ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള ദുരിതനിവാരണ പ്രവര്‍ത്തനമാണ് നടത്തുകയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: