ഗൗഡസാരസ്വത ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ട് അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. 1510ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കീഴടക്കിയതിനെ തുടര്‍ന്ന് നടന്ന വര്‍ഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടപ്പോള്‍ സ്വധര്‍മ്മം സംരക്ഷിക്കുന്നതിന് പാലായനം ചെയ്ത ജനവിഭാഗം തെക്കോട്ട് സഞ്ചരിച്ച് കര്‍ണാടകയിലെ മാംഗഌര്‍, കേരളത്തിലെ കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ആലപ്പുഴയിലെ പുറക്കാട് എന്നിവിടങ്ങളില്‍ അഭയം പ്രാപിച്ചു.
എവിടെയൊക്കെ താമസിക്കാനും സ്വധര്‍മ്മ പരിപാലനത്തിനും അവസരം ലഭിച്ചുവോ അവിടെയൊക്കെ അന്നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അഭയം നല്കിയ ജനങ്ങളോട് സംരക്ഷണം നല്‍കിയവരോടുമുള്ള നന്ദിയോടെ നാടിന്റെ ഉന്നമനത്തിനായി അവിരാമം പ്രവര്‍ത്തിച്ച ചരിത്രമാണ് കൊങ്കണികള്‍ക്കുള്ളത്.
കേരളത്തിലെ കൊങ്കണികള്‍ക്കിടയില്‍ യുഗപ്രഭാവനായിരുന്ന കെ. നാഗേന്ദ്രപ്രഭു ഓര്‍മ്മയായിട്ട് ജൂണ്‍ രണ്ടിന് അമ്പത് വര്‍ഷമാകുന്നു. സംസ്ഥാന ചരിത്രത്തില്‍ സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജിന് തുടക്കമിട്ടത് ഈ മഹാനുഭാവനായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെല്ലാം തന്നെ തനതായ സംഭാവനകള്‍ നല്കി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ആലപ്പുഴ പഴയതിരുമലയില്‍ കൃഷ്ണപ്രഭുവിന്റെയും സുഭദ്രാ ഭായിയുടെയും ഒമ്പത് മക്കളില്‍ മൂത്ത പുത്രനായി 1890ലാണ് നാഗേന്ദ്രപ്രഭുവിന്റെ ജനനം. സനാതനധര്‍മ്മ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു.
ചേര്‍ത്തല സ്വദേശിനി സരസ്വതിഭായിയെ 1906ല്‍ വിവാഹം കഴിച്ചു. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്. കേവലം 22-ാമത്തെ വയസില്‍ കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളിലുള്ള ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹകൂട്ടായ്മയായ ആലപ്പുഴ അനന്തനാരായണപുരം തുറവൂര്‍ തിരുമല ദേവസ്വം (എഎടിടിഡി) എന്നറിയപ്പെടുന്ന ഭരണസമിതിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1923ല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ളത് എഎടിടിഡിയുടെയും കേരളത്തിലെ കൊങ്കണികളുടെയും ചരിത്രത്തിലെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട അദ്ധ്യായങ്ങളാണ്. 1965ല്‍ മരിക്കുന്നതുവരെ ഇദ്ദേഹമായിരുന്നു പ്രസിഡന്റ്. ക്ഷേത്ര പുനരധിവാസം, ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം നടപ്പില്‍ വരുത്തി. പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.
വിദ്യാഭ്യാസ മേഖല
ക്ഷേത്ര സ്വത്തുക്കള്‍ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന വിഷയം ഭാരതമെമ്പാടും വലിയ തര്‍ക്കത്തിലും കോടതി വ്യവഹാരങ്ങളിലുമുള്ള കാലഘട്ടത്തിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന ആവശ്യം നാഗേന്ദ്രപ്രഭു മുന്നോട്ടുവയ്ക്കുന്നത്. 1923ല്‍ തുറവൂരില്‍ പ്രിപ്പറേറ്ററിയും ഒന്നാം ഫാറവും ഉള്‍പ്പെടെ തുറവൂര്‍ തിരുമല ദേവസ്വം ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിച്ചു. ആലപ്പുഴ അനന്തനാരായണപുരത്ത് 43ല്‍ സ്ഥാപിച്ച പ്രൈമറി സ്കൂള്‍ സര്‍ക്കാര്‍, നിര്‍ബന്ധിത പാഠ്യപദ്ധതിയുടെ ഭാഗമായി 48 ല്‍ ഏറ്റെടുത്തു. ഇതേത്തുടര്‍ന്ന് സമീപത്ത് തന്നെ ആലപ്പുഴ ടിഡി മിഡില്‍ സ്കൂള്‍ സ്ഥാപിച്ചു. പുറക്കാടും പ്രൈമറി സ്കൂള്‍ തുടങ്ങി. സനാതന ധര്‍മ്മ വിദ്യാശാല ട്രസ്റ്റിന്റെ അംഗമായി 29ല്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എസ്ഡിവി സ്കൂളുകളുടെ മാനേജരായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
46 ല്‍ എസ്ഡി കോളേജ് തുടങ്ങാനും പിന്നീട് 1950 ല്‍ കളര്‍കോട്ടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന് നിലനിര്‍ത്താനുമുള്ള പോരാട്ടങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും നേതൃപാടവവും നേരിട്ടറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള 1960ല്‍ സ്വകാര്യ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള അനുവാദം നല്കി. ഈ രംഗത്ത് മുന്‍പരിചയവും അനുഭവസമ്പത്തുമുള്ള ഡോ. ടി.എം.എ. പൈയെ നാഗേന്ദ്രപ്രഭു ആലപ്പുഴയിലേക്ക് ക്ഷണിച്ചുവരുത്തുകയും മാര്‍ഗനിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു.
പത്മശ്രീ. ഡോ. കെ.എന്‍. പൈയുടെ ഉപദേശവും മുതല്‍ക്കൂട്ടായി. തിരുമല ദേവസ്വം മെഡിക്കല്‍ കോളേജെന്ന സ്വകാര്യ മേഖലയിലെ കേരളത്തിലെ ആദ്യസംരംഭം 1963ല്‍ യാഥാര്‍ത്ഥ്യമായി. ആര്. ശങ്കറാണ് തറക്കല്ലിട്ടത്. എന്നാല്‍ നാഗേന്ദ്രപ്രഭുവിന്റെ മരണശേഷം 1972ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുകയായിരുന്നു. നാഗേന്ദ്രപ്രഭു ഏതാനും വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ കോളേജിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതെയാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
വിദ്യാഭ്യാസത്തിനുള്ള ധനസഹായങ്ങള്‍ക്കായി വിദ്യാഭിവര്‍ദ്ധിനി ഫണ്ടിന് രൂപം നല്കി. ആയിരക്കണക്കിന് കുട്ടികള്‍ക്ക് വായ്പയും സ്കോളര്‍ഷിപ്പും നല്കി. കായംകുളം വിഠോബ സ്കൂള്‍, എസ്ഡി കോളേജ്, രാമങ്കരി, പള്ളിത്തോട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കാനും അദ്ദേഹം സഹായം നല്കി.
സാമൂഹ്യസേവനങ്ങള്‍
സമുദായംഗങ്ങള്‍ക്ക് ഉപനയനം, വിവാഹം തുടങ്ങിയവയ്ക്ക് ധനസഹായം കൂടാതെ സൗജന്യമായി സ്ഥലസൗകര്യവും ഏര്‍പ്പെടുത്തി. നിരവധിപേര്‍ക്ക് വസ്ത്രം, ആരോഗ്യ സംരക്ഷണത്തിനുള്ള ധനസഹായം, കുടിവെള്ളം ലഭിക്കുന്നതിനുള്ള സഹായം, ഭവനിര്‍മ്മാണത്തിനുള്ള സഹായം, കൂടാതെ ശ്മശാനങ്ങള്‍ നിര്‍മിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന സമുദായംഗങ്ങള്‍ക്ക് താമസിക്കാനായി വാങ്ങിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടി കെട്ടിടം നിര്‍മിച്ചു. നരസിംഹവിലാസം എന്ന പേരിലുള്ള കെട്ടിടം സെക്രട്ടേറിയറ്റിന് തെക്കുവശം സ്ഥിതി ചെയ്യുന്നു. തിരുപ്പതിയില്‍ കൊച്ചി തിരുമല ദേവസ്വം നിര്‍മിച്ച കെട്ടിടത്തില്‍ എഎടിടിഡി വക രണ്ടു മുറികള്‍ നിര്‍മിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. രണ്ടാംലോക മഹായുദ്ധക്കാലത്ത് ഭക്ഷ്യക്ഷാമത്തിന് ഇരയായവര്‍ക്ക് വിവിധ സഹായങ്ങളും വിലക്കുറച്ച് നെല്ല് നല്‍കാനും നാഗേന്ദ്രപ്രഭു നേതൃത്വം നല്കി.
ജില്ലാ രൂപീകരണത്തിന് മുമ്പ് മഹാരാജാവ് ശ്രീമൂലം തിരുനാള്‍ നേതൃത്വം നല്കിയ ടൗണ്‍ ഇംപ്രൂവ്മെന്റ് കമ്മറ്റിയിലും അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. ഇതേ കാലഘട്ടത്തിലാണ് ആലിശേരിയില്‍ വഞ്ചി പുവര്‍ഹോം എന്ന പേരില്‍ അഗതിമന്ദിരം സ്ഥാപിച്ചത്. 1920ല്‍ ആലപ്പുഴ നഗരസഭ രൂപീകൃതമായപ്പോള്‍ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാരൂപീകരണ വേളയിലെ പ്രക്ഷോഭണത്തിനും മുന്‍പന്തിയിലുണ്ടായിരുന്നു. ആലപ്പി ബാങ്ക്, തിരുവിതാംകൂര്‍ ബാങ്ക് എന്നീ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു. ഇവ പിന്നീട് ഫെഡറല്‍ ബാങ്കിലും, ബാങ്ക് ഓഫ് മധുരയിലും ലയിച്ചു. തോട്ടം മേഖലയില്‍ മലബാര്‍ റബര്‍ കോര്പറേഷന് എന്ന കമ്പനിയും അദ്ദേഹം തുടങ്ങി. പ്രസിദ്ധമായ എ.വി. തോമസ് ഗ്രൂപ്പിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജീവിതത്തിലെ സമസ്ത മേഖലകളെയും ഒരുപോലെ സ്വാധീനിച്ച നാഗേന്ദ്രപ്രഭുവിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ക്കാവില്ല. പത്മശ്രീ ഡോ. കെ.എന്‍. പൈ വിശേഷിപ്പിച്ചത് ആലപ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാവെന്നാണ്. സുദീര്‍ഘമായ, നിസ്വാര്‍ത്ഥമായ രാജ്യസേവനത്തിന് ശേഷം 75-ാമത്തെ വയസില്‍ 1965 ജൂണ്‍ രണ്ടിന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സ്വന്തം നേട്ടങ്ങളെ പെരുപ്പിച്ചു കാട്ടാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. സ്വന്തം പ്രവൃത്തികളിലൂടെയാണ് മനുഷ്യന് അറിയപ്പെടുന്നതും ഓര്‍മ്മിക്കപ്പെടുന്നതുമെന്ന ആപ്തവാക്യം അദ്ദേഹത്തിന്റെ കാര്യത്തില്‍ എത്രയോ ശരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: