Categories: Kerala

വി.എസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പ്രമേയം

Published by

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി. സെക്രട്ടറിയേറ്റ് പ്രമേയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു.

വിഎസ് പോളിറ്റ് ബ്യൂറേയും വെല്ലുവിളിച്ചു. പാര്‍ട്ടി സെക്രട്ടറിയുടേത് ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. പാര്‍ട്ടി കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. വി.എസ് ഉന്നയിച്ച കാര്യങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് പ്രമേയം പറയുന്നു. വിഭാഗീയ ഉദ്ദേശത്തോടെയാണ് വി.എസ് പാര്‍ട്ടിക്കെതിരേ സംസാരിക്കുന്നത്. വലതുപക്ഷ വ്യതിയാനം എന്ന വി.എസിന്റെ വിമര്‍ശനം പാര്‍ട്ടി കേന്ദ്ര നേതൃത്വം മുന്‍പ് തന്നെ തള്ളിക്കളഞ്ഞതാണെന്നും പ്രമേയം പറയുന്നു.

വലതുപക്ഷ നിലപാടിനെ ബലപ്പെടുത്തുന്നതാണ് വി.എസിന്റെ നിലപാട്. വി.എസിന്റെ ഭാഗത്ത് നിന്ന് ആദ്യമായല്ല ഇത്തരം പരാമര്‍ശം ഉണ്ടാകുന്നത്. പാര്‍ട്ടിയുടെ ശരിയായ നിലപാട് വി.എസ് വളച്ചൊടിക്കുന്നു. യെച്ചൂരിയുടെ നിലപാടിനേയും വി.എസ് വളച്ചൊടിച്ചു. തെറ്റുതിരുത്താന്‍ വി.എസ് തയ്യാറാകുന്നില്ല. വി.എസ് പാര്‍ട്ടിക്ക് വഴങ്ങണം. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്‍താവന വി.എസ് നടത്തരുതെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.

ആര്‍എസ്‌പി, ജെഡിയു കക്ഷികള്‍ ഇടതുമുന്നണി വിട്ടത് പിണറായി വിജയന്റെ കുറ്റം കൊണ്ടല്ല. പ്രമേയം അച്ചടക്ക നടപടിയല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി വി.എസ് സംസാരിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നും കോടിയേരി പറഞ്ഞു.

സമാന്തര പാര്‍ട്ടിക്കുള്ള വി.എസിന്റെ നീക്കം വെച്ചുപൊറുപ്പിക്കില്ല. വി.എസ് ആദ്യമായല്ല പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പ്രമേയം വ്യക്തമാക്കുന്നു. മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരേ മലബാര്‍ സിമന്റസ് അഴമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ്. ബാര്‍ കോഴയുള്‍പ്പടെയുള്ള കേസുകളില്‍ കുടുങ്ങി നില്‍ക്കുന്ന യുഡിഎഫ് മന്ത്രിമാര്‍ക്ക് നേരെയുള്ള ശ്രദ്ധ തിരിക്കാനാണ് കരീമിനെതിരേ ആരോപണം ഉന്നയിക്കുന്നത്. സിബിഐ തന്നെ കേസില്‍ വസ്തുതയില്ലെന്ന് മുന്‍പ് കണ്‌ടെത്തിയതാണെന്നും കരീം കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രിയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണമായും തകര്‍ന്നു. എല്ലാ മേഖലയിലും വിലക്കയറ്റം വ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും യുഡിഎഫ് വലിയ പ്രതിസന്ധി നേരിടുകയാണെന്നും കോടിയേരി ആരോപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by