അരുണ ഷാന്‍ബാഗ്, മറ്റൊരാളാല്‍ സ്വപ്നങ്ങള്‍ ചീന്തിയെറിയപ്പെട്ടവള്‍. 42 വര്‍ഷമായി ഒരു രാജ്യത്തിന്റെ തന്നെ നൊമ്പരമായി മാറിയവള്‍. മനുഷ്യ ഗണത്തിന് പോലും അപമാനമായിമാറിയ സോഹന്‍ലാല്‍ വാല്മീകിയെന്ന തൂപ്പുകാരന്, സഹജീവിയെന്ന കരുണയെങ്കിലും കാട്ടിയിരുന്നെങ്കില്‍ ജീവിതം തന്നെ മറ്റൊന്നായി മാറുമായിരുന്ന പെണ്‍കുട്ടി.
പക്ഷേ, ഒരു നൊമ്പരക്കാഴ്ചയായി അവസാനിക്കുവാനായിരുന്നു അരുണയുടെ വിധി. മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അരുണയ്ക്ക് പ്രായം 19. സോഹന്‍ലാലിന്റെ കള്ളത്തരങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയില്ലായിരുന്നുവെങ്കില് ഇന്നവള്‍, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പമുള്ള യാത്രയിലാകുമായിരുന്നു.
അതേ ആശുപത്രിയിലെ തന്ന യുവ ഡോക്ടറുമായുള്ള പ്രണയം വിവാഹത്തോടെ സാക്ഷാത്കരിക്കപ്പെടുന്നതിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അരുണയെ സോഹന്‍ലാല്‍, ക്രൂരമായ മാനഭംഗത്തിനിരയാക്കുന്നത്. അതൊരു പ്രതികാരമായിരുന്നു. പട്ടിയെ പൂട്ടുന്ന തുടല് കഴുത്തില്‍ ചുറ്റി, ഒന്നുറക്കെ കരയുവാനോ പ്രതിരോധിക്കുവാനോ സാധിക്കാത്തവിധമുള്ള ക്രൂരത. തുടല് കഴുത്തില്‍ മുറുക്കിയതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ്, ഓക്സിജന്‍ ലഭിക്കാതെ കോശങ്ങള്‍ പലതും നശിച്ച അവസ്ഥയില്‍ ജീവിതത്തിലേക്കുള്ള മടക്കം പോലും അസാധ്യമായി. ആക്രമണത്തിന് ഇരയായി 15 മണിക്കൂറിന് ശേഷം അരുണയെ കണ്ടെത്തുമ്പോള്‍ത്തന്നെ അവരൊരു ജീവച്ഛവമായി മാറിയിരുന്നു.
എന്നാല്‍ അരുണയുടെ കഥ പുറംലോക മറിഞ്ഞത് പിങ്കി വിരാനിയെന്ന മാധ്യമ പ്രവര്‍ത്തകയിലൂടെയാണ്. ജീവിതംതന്നെ താറുമാറാക്കിയ സംഭവത്തിനുശേഷം പുരുഷന്മാരുടെ സാമിപ്യം പോലും അസ്വസ്ഥതയുളവാക്കിയ, മുറിയിലേക്കെത്തുന്ന പ്രകാശവും സ്വാസ്ഥ്യം കെടുത്തിയ അരുണയെക്കുറിച്ച് പിങ്കി വിവരിക്കുന്നത് അരുണാസ് സ്റ്റോറി എന്ന പുസ്തകത്തിലൂടെയാണ്. ശരീരം തളര്‍ന്ന് ചികിത്സകളോട് പ്രതികരിക്കാതെ ഓര്‍മകള്‍പോലും നഷ്ടപ്പെട്ട് അരുണ കിടന്നത് നീണ്ട നാല് ദശകക്കാലം. ഇതിനിടയില്‍ അരുണയോടൊത്തൊരു ജീവിതം സ്വപ്നം കണ്ട ഡോക്ടറും പ്രണയമല്ല ജീവിതമാണ് വലുതെന്ന തിരിച്ചറിവില്‍ മറ്റൊരു വിവാഹവും കഴിച്ചു.
അരുണയെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയ്യാറായില്ല. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട അരുണയ്ക്കുവേണ്ട പരിചരണം നല്കാന് കെഇഎം ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അരുണയുടെ ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേക മുറിതന്നെ ഏര്‍പ്പാടാക്കി. യാതൊരു ബുദ്ധിമുട്ടും കൂടാതെയുള്ള അവരുടെ സ്നേഹ പരിചരണവും അരുണയില്‍ മാറ്റമുണ്ടാക്കിയില്ല. പക്ഷേ അരുണയ്ക്ക് ഈ ക്രൂരമായി വിധി വരുത്തിവച്ച സോഹന്‍ലാലിന് കിട്ടിയതാകട്ടെ ഏഴു വര്‍ഷത്തെ തടവ്. അയാളിപ്പോഴും മറ്റൊരിടത്ത് ജോലി ചെയ്ത് സുഖമായി ജീവിക്കുന്നു.
സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നതിന് തെളിവാണ് അരുണയുടെ ജീവിതം. പകയുടെ പേരില്‍, കാമത്തിന്റെ പേരില്‍ തച്ചുടയ്ക്കപ്പെടുന്ന അനവധി സ്ത്രീജന്മങ്ങള്. സ്ത്രീ അബലയല്ലെന്ന് പറയുന്ന സ്ത്രീപക്ഷ വാദികള്‍ സൗകര്യപൂര്‍വ്വം മറന്നുപോകുന്ന ഒന്നുണ്ട്. ഒരു സ്ത്രീ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇരയാകുന്നതിന് ഇരുട്ടിന്റെ മറപോലും ആവശ്യമില്ലയെന്ന്.
സോഹന്ലാലിനെപ്പോലെ രണ്ടും കല്പ്പിച്ചു വരുന്നവര്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് വേണ്ട ശാരീരികക്ഷമത സ്ത്രീക്കില്ലയെന്നതല്ലേ വാസ്തവം. അരുണമാര്‍ ഇനിയും ഉണ്ടാകാതിരിക്കണമെങ്കില്‍ ശക്തമായ നിയമ സംവിധാനങ്ങളാണ് നടപ്പില്‍ വരുത്തേണ്ടത്. തെറ്റിന് അര്‍ഹമായ ശിക്ഷ നടപ്പാക്കാന്‍ കഴിയാതിരിക്കുന്നിടത്തോളം കാലം പെണ്ണിനെ കേവലം ശരീരമായി മാത്രം കാണുന്നവരുടെ എണ്ണം പെരുകുകതന്നെ ചെയ്യും.
അരുണ ഷാന്‍ബാഗ് എന്ന പേര് ഒരു നൊമ്പരമായി അവശേഷിപ്പിച്ചുകൊണ്ട് അവര്‍ ദുരിതങ്ങളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. കഴിഞ്ഞ 42 വര്‍ഷം അവരെ സ്നേഹത്തോടെ പരിചരിച്ച ഭൂമിയിലെ മാലാഖമാരുടെ അര്‍പ്പണ മനോഭാവത്തിന് മുന്നില്‍ കോടി നമസ്കാരം പറയാതിരിക്കുന്നതെങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: