വൈദികമായ നാലു പുരുഷാര്‍ത്ഥങ്ങള്‍ക്കുമപ്പുറത്തുള്ള അന്തിമമായ ആദ്ധ്യാത്മികലക്ഷ്യം പരമപുരുഷനുനേരെയുള്ള തികച്ചും ശുദ്ധവും അതീന്ദ്രിയവുമായ പ്രേമമാണെന്ന് നിര്‍ഭാഗ്യവശാല്‍ മര്‍ക്കടമുഷ്ടിക്കാരായ ഈ നിര്‍വ്യക്തിഗതവാദികള്‍ക്കു മനസ്സിലാക്കാനാവില്ല. അവര്‍ ഭഗവദ്ഭക്തന്മാരെ വികാരജീവികളായി തെറ്റിദ്ധരിക്കുകയും തങ്ങളുടെ ദാര്‍ശനിക ശത്രുക്കളായി കണക്കാക്കുകയും ചെയ്യുന്നു.
തികച്ചും നിര്‍വ്യക്തിഗതവാദികളായ ഇവര്‍ക്കു പുറമേ, ശുദ്ധഭക്തിയുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരും കാപട്യത്തിനിരയായവരുമായ ഒരുവിഭാഗം ഭക്തന്മാരുണ്ട്. ഭഗവാനില്‍ ലയിച്ചുചേരാന്‍ ശ്രമിക്കുന്ന നിര്‍വ്യക്തിഗതവാദികളുടെ അനുയായികളായിത്തീര്‍ന്നിരിക്കുകയാണ് ഈ വഞ്ചകര്‍. ഇത്തരം ഭൗതികവികാരജീവികളെ ഭഗവദ്ഭക്തന്മാരായി കണക്കാക്കിയിട്ടില്ല.
തങ്ങളുടെ നിര്‍വ്യക്തിഗതവാദികളുടെ പകര്‍പ്പുപോലെതന്നെ ഭഗവാന്റെ നാമം, രൂപം, ഗുണഗണങ്ങള്‍, ലീലകള്‍, സഹചാരികള്‍, പരിച്ഛദങ്ങള്‍ എന്നിവയുടെ ശരിയായ സ്ഥിതിയെക്കുറിച്ച് ഇവര്‍ക്കു മനസ്സിലാക്കാനവില്ല. കാരണം, അവര്‍ ഈ അതീന്ദ്രിയ വിഷയങ്ങളെല്ലാം മായയാണെന്ന തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നു. അവര്‍ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ച് ജനസമൂഹത്തെ കുഴപ്പത്തിലാക്കുന്നു.
















