എല്ലാവര്‍ക്കും സന്ന്യാസിയാകുവാന്‍ കഴിയുകയില്ല. കോടിപ്പേരു ശ്രമിച്ചാല്‍ വളരെക്കുറച്ചുപേര്‍ക്കു സാധിച്ചെന്നുവരാം. ഐഎഎസ്സും എംബിബിഎസ്സും മറ്റും എല്ലാവര്‍ക്കും കിട്ടുകയില്ല എന്നു കരുതി അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ട ആവശ്യമില്ലല്ലോ.
എല്ലാവരും സന്ന്യാസിയാകണമെന്ന് അമ്മ പറയുന്നില്ല. ആ തത്ത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിബന്ധത്തെയും നിസ്സംഗനായി അതിജീവിക്കുവാന്‍ കഴിയും.
ഞാനെന്നും എന്റേതെന്നുമുള്ള ഭാവം വിടണം. അതാണമ്മ പറയുന്നത്. ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിവേണം. പ്രതീക്ഷ വച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ പാടില്ല. പ്രതീക്ഷയാണു ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു ആയിരം രൂപയാണ് അവിടെനിന്നും പ്രതീക്ഷിച്ചത്. പക്ഷേ വീട്ടുകാര്‍ നല്‍കിയത് അഞ്ചുരൂപമാത്രം. അതയാള്‍ സ്വീകരിച്ചില്ല. വീട്ടുകാരോടു കടുത്ത ദേഷ്യവും തോന്നി. ആ സംഭവം നടന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും ദേഷ്യം മാറിയില്ല. വിദേ്വഷം ഉള്ളില്‍ വച്ചുകൊണ്ടിരുന്നു. പ്രതീക്ഷ വച്ചുകൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നത്.
പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുകാരണം നല്‍കിയതു വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു, ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നു എങ്കില്‍ ദുഃഖവും അതില്‍നിന്നുള്ള ദേഷ്യവും വിദേ്വഷവും അശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെപ്പോലെയാണു നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം, താനൊരു യാചകനാണെന്ന് അവനറിയാം.
ഒന്നും കിട്ടിയില്ലെങ്കിലും അവന് ദുഃഖമില്ല. അടുത്ത സ്ഥലത്തുനിന്നും എന്തെങ്കിലും കിട്ടുമെന്നവനറിയാം. കൈ നിറയെ ഭിക്ഷ കിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണെന്ന് അവനറിയാം. അതിനാല്‍ അയാള്‍ക്ക് ആരോടും ദേഷ്യമില്ല. ശരിയായ യാചകനാണെങ്കില്‍, അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ. അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ആദ്ധ്യാത്മികജീവികള്‍ക്കു ജീവിതത്തില്‍ ദുഃഖമില്ല.
















