പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന
ജീവിതം എന്നത് നാളെ എങ്ങനെയാകും എന്ന് ആര്‍ക്ക് പ്രവചിക്കാനാവും. ആ അനിശ്ചിതത്വത്തില്‍ നിന്ന് അല്പം ആശ്വാസത്തിന് വേണ്ടിയാണ് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികളെ ജനം ആശ്രയിക്കുന്നത്. വേണ്ടപ്പെട്ടവര്‍ക്കുകൂടിയുള്ള കരുതലാകുന്നു അത്. ആ കരുതലിന്റെ തണലൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ ബീമാ യോജന പദ്ധതിയിലുടെ. 18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ സ്കീമില്‍ ചേരാം.
ഒന്നിലധികം സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു സേവിങ്സ് അക്കൗണ്ട് മുഖേന മാത്രമേ ഈ സ്കീമില്‍ ചേരാന്‍ സാധിക്കുകയുള്ളു. കേവലം 12 രൂപയാണ് വാര്‍ഷിക പ്രീമിയം എന്നതും ഒരുപക്ഷേ ഈ പദ്ധതിയുടെ മാത്രം പ്രത്യേകതയാവും. പ്രീമിയം തുക അടയ്ക്കുന്നതിന് ബാങ്കില്‍ കയറി ഇറങ്ങേണ്ട ആവശ്യവുമില്ല. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റായി പ്രീമിയം അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത് അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താലാണ്. രണ്ട് ലക്ഷം രൂപയാണ് അപകട ഇന്‍ഷ്വറന്‍സ്. രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടാലോ കൈ-കാലുകളുടെ ഉപയോഗ ശേഷി നഷ്ടപ്പെട്ടാലോ രണ്ട് ലക്ഷം രൂപ ഇന്‍ഷ്വറന്‍സായി ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയാണ് പരിരക്ഷ.
യോഗ്യത
ബാങ്ക് അക്കൗണ്ട് ഉള്ളവരും ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യക്തികളും സ്കീമില്‍ ചേരുന്നതിനുള്ള ഫോം പൂരിപ്പിച്ചുനല്കേണ്ടതാണ്. പദ്ധതിയില്‍ തുടരുന്നതിന് എല്ലാവര്‍ഷവും ജൂണ്‍ ഒന്നിനാണ് അപേക്ഷാ ഫോം പൂരിപ്പിച്ചുനല്‍കേണ്ടത്. ഇന്‍ഷ്വറന്‍സ് കാലാവധി പ്രതിവര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ മെയ് 31 വരെയാണ്.
ജൂണ്‍ ഒന്നിന് മുമ്പായി പ്രീമിയം തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റ് ആയിക്കൊള്ളും. ദീര്‍ഘകാല അടിസ്ഥാനത്തിലും ഈ സ്കീം ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
ബാങ്കുകളുമായി ചേര്‍ന്ന് പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും താല്പര്യമുള്ള മറ്റു ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ഈ സ്കീം നടപ്പാക്കുന്നത്.
പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബീമ യോജന
18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ സ്കീമില്‍ ചേരാം. വാര്‍ഷിക പ്രീമിയമാവട്ടെ 330 രൂപയും. പ്രതിദിനം ഒരു രൂപ വീതം മിച്ചം പിടിച്ചാല്‍ പോലും പ്രീമിയം തുക അടഞ്ഞുപോകാവുന്നതേയുള്ളു.
ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ഒറ്റത്തവണയായി ഓട്ടോ ഡെബിറ്റായി പ്രീമിയം അടഞ്ഞുപോകുന്നവിധത്തിലാണ് ഇതിന്റെ സംവിധാനം. എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ സ്കീമില്‍ ചേരാം. രണ്ട് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കവറേജ്. ഓരോ വര്‍ഷവും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചുനല്‍കി പദ്ധതിയില്‍ തുടരാനാകും. അക്കൗണ്ടില്‍ മതിയായ തുകയില്ലെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ബാങ്ക് നിര്‍ബന്ധിതമാകും.
50 വയസിനു മുമ്പ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക്, പ്രീമിയം അടയ്ക്കുന്ന മുറയ്ക്ക് 55 വയസുവരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
അടല്‍ പെന്ഷന് യോജന (എപിവൈ)
2015-16 ലെ കേന്ദ്ര ബജറ്റില്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി പെന്ഷന്, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന അടല്‍ പെന്ഷന് യോജന പദ്ധതി അസംഘടിത മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. വാര്‍ധക്യത്തില്‍ സാമ്പത്തിക പരാധീനത മൂലം തളര്‍ന്നുപോകാതിരിക്കുന്നതിനുള്ള കൈത്താങ്ങാണ് ഈ പദ്ധതിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
ജോലി ചെയ്യാനാവാതെ, സാമ്പത്തിക സുരക്ഷിതത്വം തീരെയില്ലാതെ പോകുന്ന അവസ്ഥ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരക്കാര്‍ക്കുവേണ്ടി പ്രതിമാസ വരുമാനം എന്ന നിലയില്‍ പെന്ഷന് ഏര്‍പ്പെടുത്തുകയാണ് അടല്‍ പെന്ഷന് യോജന പദ്ധതിയിലൂടെ. 18 നും 40 നും ഇടയില്‍ പ്രായമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയില്‍ ചേരാം. പദ്ധതിയിലേക്ക് ഏത്രരൂപയാണോ സംഭാവന ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും 60 വയസ് ആയ ശേഷം പെന്ഷന് ലഭിക്കുക.
1,000 രൂപ മുതല്‍ 5,000 രൂപ വരെ ഇത്തരത്തില്‍ പെന്‍ഷനായി കിട്ടും. ഈ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉപഭോക്താവ് അടയ്ക്കുന്ന തുക എത്രയാണോ ഇതിന്റെ 50 ശതമാനം സര്‍ക്കാരും അടയ്ക്കുന്നതായിരിക്കും. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്ക്കായിരിക്കും സര്‍ക്കാരിന്റെ ഈ ആനുകൂല്യം ലഭ്യമാവുക.
ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ അംഗമല്ലാത്ത എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും അടല്‍ പെന്ഷന് യോജന പദ്ധതിയില്‍ അംഗമാകുന്നതിന് അര്‍ഹതയുണ്ട്.
പദ്ധതി വരിക്കാര്‍ക്ക് പ്രതിമാസം 1000, 2000, 3000, 4000, 5000 രൂപ നിശ്ചിത പെന്ഷന് ലഭിക്കും. 2015 ജൂണ്‍ ഒന്ന് മുതലാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വരിക. പ്രതിമാസം 1000 രൂപയാണ് പെന്‍ഷനായി കിട്ടണമെന്ന് ആഗ്രഹിക്കുന്നതെങ്കില്‍ 181 രൂപയാണ് പ്രതിമാസം അടയ്ക്കേണ്ടത്.
അക്കൗണ്ട് ഉടമ മരണപ്പെടുന്ന പക്ഷം പെന്ഷന് ഭാര്യയ്ക്കായിരിക്കും ലഭിക്കുക. അവര്‍ മരണപ്പെടുകയാണെങ്കില്‍ നോമിനിയായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് 1.7 ലക്ഷം രൂപ ലഭിക്കും.
3000 രൂപ പെന്ഷന് നേടണമെന്നുണ്ടെങ്കില്‍ പ്രതിമാസം 543 രൂപയാണ് അടയ്ക്കേണ്ടത്. പെന്ഷന് അര്‍ഹതയുള്ളവര്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനിക്ക് 5.1 ലക്ഷം രൂപയാണ് കിട്ടുക. 2000 രൂപയാണ് പെന്‍ഷനെങ്കില്‍ 3.4 ലക്ഷവും 4000 രൂപയാണെങ്കില്‍ 6.8 ലക്ഷവും 5000 രൂപയാണെങ്കില്‍ 8.5 ലക്ഷം രൂപയുമാണ് നോമിനിക്ക് ലഭിക്കുക.
മുന്‍ സര്‍ക്കാര്‍ 2010-11 ല്‍ നടപ്പിലാക്കിയ പെന്ഷന് പദ്ധതി സ്വാവലംബന്‍ യോജന പദ്ധതിയില്‍ നിന്നും അടല്‍ പെന്ഷന് യോജന പദ്ധതിയിലേക്ക് ഉപഭോക്താവ് സ്വയമേവ മാറുന്നതാണ്.
ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ബാങ്ക് ശാഖകളിലെത്തി അടല്‍ പെന്ഷന് യോജന സബ്സ്ക്രൈബര്‍ രജിസ്ട്രേഷന് ഫോം പൂരിപ്പിച്ചു നല്കി പദ്ധതിയില്‍ അംഗമാകാം. ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും നല്‍കണം. പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അക്നോളഡ്ജ്മെന്റ് സ്ലിപും ലഭിക്കും.
ജനസുരക്ഷ, അതല്ലേ എല്ലാം എന്ന് ഒരു സര്‍ക്കാര്‍ ചിന്തിക്കുകയും പറയുകയും ചെയ്യുമ്പോള്‍ അത് ഉറപ്പിക്കാനുള്ള അവസരം വിനിയോഗിക്കുകയാണല്ലോ നമ്മുടെ ദൗത്യം.
——————————————————————————————–
എപിവൈ: മറ്റ് നിബന്ധനകള്‍
വരിക്കാരന്റെ അക്കൗണ്ടില്‍ നിന്നും ബാങ്ക് സ്വമേധയാ പണം അടയ്ക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള പണം അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പണം അടയ്ക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ബാങ്ക് പിഴ ഈടാക്കും. ആറ് മാസം തുടര്‍ച്ചയായി പണം അടയ്ക്കുന്നതിന് വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കുകയും 12 മാസത്തിന് ശേഷം അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകുകയും 24 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിച്ചതായി കണക്കാക്കുകയും ചെയ്യും.
അക്കൗണ്ട് ഉടമയ്ക്ക് ബാലന്‍സ് സംബന്ധിച്ചതുള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും എസ്എംസ് വഴി അറിയാനും സാധിക്കും. 60 വയസ്സ് പൂര്‍ത്തിയായാല്‍ മാസ പെന്ഷന് അനുവദിക്കണമെന്ന് കാണിച്ച് അപേക്ഷ സമര്‍പ്പിക്കണം. 60 വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ പദ്ധതിയില്‍ നിന്നും ഒഴിവാകാന്‍ സാധിക്കില്ല.
—————————————————————————————————
ഉപഭോക്താക്കള്‍ അറിയുന്നതിന്
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കള്‍, അതത് ബാങ്കിന്റെ ശാഖയിലെത്തി അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കുക. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ഇരുകൂട്ടര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന് വെവ്വേറെ അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ബാങ്കുകള്‍ക്ക് സ്വമേധയാ പ്രീമിയം അടയ്ക്കുന്നതിന് ആവശ്യമായ ബാലന്‍സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം ബാങ്ക് ഉപഭോക്താവിന് പദ്ധതിയില്‍ ചേര്‍ന്നതിനു തെളിവായി രസീതു നല്‍കും.
നിലവില്‍ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാന്‍ മറ്റ് രേഖകളോ ഫോട്ടോയോ ഒന്നും ആവശ്യമില്ല. ആധാര്‍ കാര്‍ഡ് ഇല്ലാതെയും ഉപഭോക്താവിന് പദ്ധതിയില്‍ അംഗമാകാം. പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബീമ യോജനയില്‍ ചേരുന്നവര്‍ ആരോഗ്യം തൃപ്തികരമാണെന്നതു സംബന്ധിച്ച് ഒരു നിശ്ചിത ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അപേക്ഷയില്‍ നോമിനിയുടെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ 2015 മെയ് 31 ന് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ഈ കാലാവധിക്ക് ശേഷം അംഗങ്ങളാകുന്നവര്‍ക്ക് വേണ്ടി ഈ വര്‍ഷം ആഗസ്റ്റ് 31 മുതല്‍ നവംബര്‍ 30 വരെ യും കാലാവധി നീട്ടിയിട്ടുണ്ട്.
സ്വയം അക്കൗണ്ടില്‍നിന്നു പണം സ്വീകരിച്ച് പ്രീമിയം അടഞ്ഞുപോകുന്നതിന് എല്ലാ വര്‍ഷവും മെയ് 31 ന് തന്നെ നിശ്ചിത ഫോം പൂരിപ്പിച്ചുനല്കണം. പദ്ധതിയില്‍ നിന്നും ഏതെങ്കിലുമൊരു സമയത്ത് വിട്ടുപോകണമെന്നു തോന്നിയാലും ഭാവിയില്‍ ഇതേ സ്കീമിലേക്ക് തിരിച്ചെത്താനും അവസരമുണ്ട്. അപ്പോഴും ആരോഗ്യം തൃപ്തികരമാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമാത്രം.
ഇതു സംബന്ധിച്ച ഏതു സംശയങ്ങള്‍ തീര്‍ക്കാനും പണം കൊടുക്കാതെ വിളിക്കാവുന്ന ദേശീയ ടോള്‍ ഫ്രീ നമ്പറായ 1800-180-1111/1800110001 എന്നീ നമ്പരിലേതിലെങ്കിലും വിളിക്കുക. കേരളത്തിലുള്ളവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-11222 ലും വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: