ആലത്തൂര്‍: പണം ലഭിക്കാത്തതിനാല്‍ ഐഎവൈ പദ്ധതിയില്‍ വീടു നിര്‍മാണം തുടങ്ങിയ ഗുണഭോക്താക്കള്‍ ദുരിതത്തില്‍. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ഏഴായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും വിഹിതമായി രണ്ടു ലക്ഷം രൂപയാണ് ഗണഭോക്താക്കള്‍ക്കു ഗഡുക്കളായി നല്‍കുന്നത്. കേന്ദ്ര വിഹിതമായി 70,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 50,000 രൂപയും ത്രിതല പഞ്ചായത്തുകളുടെ 80,000 രൂപയുമാണു ലഭിക്കുക.
2014- 15 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര- സംസ്ഥാന വിഹിതം ബാങ്കില്‍ എത്തിയിട്ടില്ലെന്നാണു ബ്ലോക്കു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടവര്‍ക്കു ലഭിക്കുന്ന വിവരം. എന്നാല്‍ കേന്ദ്ര വിഹിതം വൈകാറില്ലന്നാണ് അറിയുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കേന്ദ്ര വിഹിതം ബാങ്കുകള്‍ പിടിച്ചു വയ്ക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഗുണഭോക്താക്കള്‍ക്കുള്ള പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം അതതു ബ്ലോക്കുകള്‍ക്കു നല്‍കുകയും ഇതുപയോഗിച്ചു ഒന്നും രണ്ടും ഗഡു വിതരണം ചെയ്യുകയും ചെയ്തു. ആദ്യ ഗഡു കിട്ടിയവര്‍ വീടുപണി തുടങ്ങി. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ അടുത്ത ഗഡുവിനായി ബ്ലോക്കില്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ അടുത്തു ഗഡുവിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കിയിട്ടും മാസങ്ങളായി. ഒരു ഘട്ടം കഴിഞ്ഞ് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയാലെ അടുത്ത ഗഡു പണം ലഭിക്കുകയുള്ളു.
ബ്ലോക്കുകളില്‍ നിന്നു നല്കുന്ന നിര്‍ദേശ പ്രകാരം ബാങ്കില്‍ നിന്നു ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു പണം വരവു വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്ബാങ്കില് ചെല്ലുമ്പോള്‍ പണം വന്നിട്ടില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. ജില്ലയില്‍ ഐഎവൈ പദ്ധതിയുടെ പണം ദേശസാല്‍കൃത ബാങ്കിലൂടെയാണു വരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ ബാങ്കുകള്‍ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതം പിന്‍വലിക്കുന്നതു തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: