Categories: Kollam

വനിതാ സിഐക്കും എസ്‌ഐക്കും എതിരെ മനുഷ്യാവകാശ കമ്മീഷന്‍

Published by

കൊല്ലം: ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ചതായി ആരോപിച്ച് അച്ഛനെതിരെ വ്യാജക്കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കൊല്ലം സിറ്റി വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിസിലി കുമാരിക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

ഭര്‍ത്താവിനെ പീഡനക്കേസില്‍പെടുത്തുമെന്ന് ഫോണില്‍ ഭീഷണിയുണ്ടായപ്പോള്‍ ഭാര്യ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പരവൂര്‍ എസ്‌ഐ എം.എസ് പ്രദീപ്കുമാറിനെതിരെയും വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍  നിര്‍ദ്ദേശിച്ചു.

50 ശതമാനം ബുദ്ധിമാന്ദ്യമുള്ള പരവൂര്‍ സ്വദേശിയായ പതിനാറുകാരിയുടെ അമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പണം നല്‍കിയില്ലെങ്കില്‍ അച്ഛന്‍ മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയെന്ന് പരാതി നല്‍കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ പരാതിയില്‍ പറയുന്നു. ഇതിനെതിരെ പരവൂര്‍ സിഐക്ക് പരാതി നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് 2014 ജൂലൈ 30ന് പരവൂര്‍ സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ വീട്ടിലെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.  സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെ കൊല്ലം വനിതാ സെല്‍ സിഐ തയ്യാറാക്കിയ ഒരു മൊഴി തങ്ങളുടെ മകളുടേതാണെ് പറഞ്ഞ് കാണിച്ചതായി പരാതിയില്‍ പറയുന്നു.  മൊഴി നേരത്തെ തയ്യാറാക്കിയതാണെന്നും ബുദ്ധിമാന്ദ്യമുള്ള മകളുടെ ഒപ്പ് വാങ്ങിയതാണെന്നും പരാതിയിലുണ്ട്.

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത ശേഷം മകളെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് മനസിലായി. ജൂലൈ 31വരെ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവിനെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാരാക്കി വിട്ടയച്ചു

കമ്മീഷന്‍ എതിര്‍കക്ഷികളായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണങ്ങള്‍ വാങ്ങിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മീഷന്‍ അനേ്വഷണത്തിനായി നിയോഗിച്ച കൊല്ലം സിറ്റി ക്രൈം അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

നിരപരാധിയായ പരാതിക്കാരിയുടെ ഭര്‍ത്താവിന് സമൂഹമധ്യത്തില്‍ കളങ്കമുണ്ടായതായി വിശദീകരണത്തില്‍ പറയുന്നു. ബിജുമോന്‍ എന്നയാള്‍ നല്‍കിയ വ്യാജപരാതിയിലാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ കേസ് ലാഘവത്തോടെയാണ് പോലീസുകാര്‍ കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കമ്മീഷന്‍ അംഗം ആര്‍. നടരാജന്റെ ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചതായി കമ്മീഷന്‍ ഔദേ്യാഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by