ഗാര്‍ഹസ്ഥ്യ ജീവിതത്തിലെ ഈശ്വരാനേ്വഷണബദ്ധമായ ജീവിതത്തെ നിയന്ത്രിക്കുന്ന തത്വവും അതിനെ ആവേശം കൊള്ളിക്കുന്ന ആദര്‍ശവും ആന്തരിക സംന്യാസമാണ്. സ്വാര്‍ത്ഥരഹിതമായ പ്രവര്‍ത്തനത്തിന്റെയും കര്‍ത്തവ്യ പരായണതയുടെയും സാന്മാര്‍ഗ്ഗിക വിശുദ്ധിയുടെയും അടിത്തറയായി വര്‍ത്തിക്കുന്നത് ഈ ആന്തരിക സംന്യാസമാണ്.
മോഹങ്ങളില്‍നിന്നു മുക്തിനേടാനും കര്‍മ്മബന്ധങ്ങളെ അതിജീവിക്കാനും ശൃംഗത്തോടും സമൂഹത്തോടുമുള്ള വ്യക്തിപരമായ മമതാബന്ധങ്ങളില്‍നിന്ന് വിമോചനം നേടാനും ജ്ഞാനത്തിലും സത്യബോധത്തിലും അധിഷ്ഠിതമായ ഒരു മനോഭാവം ഉണ്ടായിരിക്കണം. ഈ മനോഭാവമാണ് ആന്തരിക സംന്യാസം.
”സംന്യാസി തന്റെ ഗൃഹത്തോടും കുടുംബത്തോടുമുള്ള ബന്ധങ്ങള്‍ പരിത്യജിച്ച് സ്വന്തം ആദ്ധ്യാത്മിക ശ്രേയസ്സിനുവേണ്ടി ഏകാന്തതയെ ആശ്രയിക്കുന്നു. എന്നാല്‍ ഗൃഹസ്ഥാശ്രമികളായ നിങ്ങള്‍ക്ക് കുടുംബത്തോടും സമൂഹത്തോടും നിരവധി കടമകള്‍ നിര്‍വഹിക്കാനുണ്ട്. നിങ്ങളുടെ വ്യക്തിപരമായ സാധനയിലും സാന്മാര്‍ഗിക ജീവിതത്തിലും ആദ്ധ്യാത്മിക വീക്ഷണത്തിലും കര്‍ത്തവ്യാനുഷ്ഠാനത്തേയും ഭക്തിപരമായ നിഷ്ഠയേയും സമര്‍ഹമായി സമന്വയിക്കേണ്ടതുണ്ട്. ആന്തരിക സംന്യാസംകൊണ്ട് വേണം നിങ്ങള്‍ സംസാരമോചനം നേടുവാന്‍.
”പരമസത്യവസ്തുവായ ഈശ്വരനാണ് സംന്യാസിയായാലും ശരി ഗൃഹസ്ഥനായാലും ശരി ഏവരുടെയും ലക്ഷ്യം. ഈശ്വരന്‍ പരമാത്മാവാണ്. അദ്വൈത സത്യമായ ഈശ്വരാവബോധത്തില്‍നിന്ന് യാതൊന്നിനും അകന്നു നില്‍ക്കാനോ വേര്‍പ്പെട്ടു നില്‍ക്കാനോ സാദ്ധ്യമല്ല. ഈശ്വര സാക്ഷാത്കാരം നേടണമെങ്കില്‍ സ്വന്തം അഹങ്കാരത്തേയും വ്യക്തിപരമായ മമതാബന്ധങ്ങളെയുമെല്ലാം അതിജീവിക്കണം. ത്യാഗമാണ് ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗം.
ശ്രീ രമാദേവി
















