മഹാബലി ഇപ്രകാരം പിതാവ് പറഞ്ഞതെല്ലാം ഓര്‍ത്തു അതുവഴി മനസ്സ് കുളിര്‍ത്തു. ആത്മജ്ഞാനം ലഭിച്ച പ്രതീതി. ഭോഗങ്ങളില്‍ വൈരാഗ്യം ഭവിച്ചു. ഈ ശമഭൂമിയുടെ ഉള്‍ഭാഗം എത്ര സുഖപ്രദം. ഇതിനകത്ത് സുഖമെന്നോ ദുഃഖമെന്നോ ഉള്ള ഭേദഭാവന തോന്നുന്നില്ല. എന്നാല്‍ ഇനി ശുക്രമഹര്‍ഷിയോട് ചോദിക്കാമെന്ന് തീരുമാനിച്ചു.
നേത്രനിമീലനം ചെയ്ത് ബ്രഹ്മാകാശ സ്ഥിതനായ ശുക്രമഹര്‍ഷിയെ ധ്യാനിച്ചു. പ്രത്യക്ഷനായ ഭാര്‍ഗ്ഗവ മുനിയെ അര്‍ഘ്യം നല്‍കി പാദവന്ദനം ചെയ്ത് അദ്ദേഹത്തോടഭ്യര്‍ത്ഥിച്ചു. ഗുരുനാഥ അങ്ങയുടെ അനുഗ്രഹത്താല്‍ ഉണര്‍ന്ന എന്റെ ബുദ്ധി ആത്മതത്ത്വ ജിജ്ഞാസനിമിത്തം ചിലത് ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭഗവന്‍ ഈ ദൃശ്യത്തില്‍ എന്തു ഭവിക്കുന്നു? എത്രമാത്രം? ഏതുതരത്തില്‍? ഈ ചോദ്യം ചോദിക്കുന്ന ഞാനാരാണ്? ഉപദേശിക്കുന്ന അങ്ങ് ആരാണ്? ഈ ലോകങ്ങള്‍ തന്നെ എന്ത്? സദയം പറഞ്ഞുതന്നാലും.
ശുക്രന്‍ പ്രതിവചിച്ചു. ദാനവരാജന്‍ ഈ ദൃശ്യത്തില്‍ ചിത്തുഭവിക്കുന്നു. അവസ്തുവായ ദൃശ്യത്തെ ബാധിച്ചുകൊണ്ട് സര്‍വത്ര ചിദ്രൂപം നിറഞ്ഞിരിക്കുന്നു. നീയും, ഞാനും, ഈ ലോകങ്ങളുമെല്ലാം ചിത്തുതന്നെ-നീ വിവേകിയെങ്കില്‍ ഇത്രയും മതി. ആലോചിച്ചു വിശാലമായി ഗ്രഹിക്കാം. വിവേകമില്ലെങ്കില്‍ എത്ര പറഞ്ഞാലും ചാരത്തില്‍ തീയെന്നപോലെ വിഫലംതന്നെ. ദൃശ്യത്തോട് ബന്ധപ്പെട്ട ചിത്താണ് ബന്ധം.
വേര്‍പെട്ടിരിക്കുന്ന ചിത്ത് മോക്ഷവുമാണ്. വിഷയസംബന്ധമില്ലാത്ത വിശുദ്ധ ചിത്താണ് ആത്മാവെന്നുള്ളതും സര്‍വഥാ സിദ്ധംതന്നെ. ഈ തത്ത്വം ഉന്മേഷോജ്വലമായ ബുദ്ധികൊണ്ട് ദൃഢമായി ഗ്രഹിച്ച് ആത്മാവിനെ ആത്മാവിനാല്‍ തന്നെ ദര്‍ശിക്കുക. അനന്തമായ അഖണ്ഡപദം പ്രാപിക്കാം. ഇങ്ങനെ പ്രബോധിച്ചശേഷം ശുക്രമുനി മറഞ്ഞു.
മഹാബലിയാകട്ടെ ചിദാത്മകമായിത്തന്നെ ജഗത്തുക്കളെ ദര്‍ശിച്ച് ഇങ്ങനെ ചിന്തിച്ചു. ഭഗവാന്‍ ഭാര്‍ഗ്ഗവന്‍ അരുളിയതെത്ര സത്യം. ജഗത്രയം ചിത്തല്ലാതെ മറ്റൊന്നുമല്ല. ഞാനും ലോകങ്ങളും ദിക്കുകളും കര്‍മ്മങ്ങളുമെല്ലാം ചിത്തുതന്നെ. ദൃശ്യത്തിലും ദര്‍ശനത്തിലും നിന്നു വേര്‍പെട്ട കേവലാനന്ദ സ്വരൂപനും, നിത്യപ്രകാശനം നിരാഭാസനും സര്‍വസാക്ഷിഭൂതനുമായ പരമേശ്വരനാണ് ഞാന്‍. അകത്തും പുറത്തും സര്‍വത്ര നിറഞ്ഞിരിക്കുന്ന വിശുദ്ധ ചിദ്രൂപമാണ്.
വിഷയനിര്‍മുക്തനും പരിപൂര്‍ണ്ണനും ജ്ഞാനരൂപനുമായി വിളങ്ങുന്നവനത്രെ. ഇങ്ങനെ ചിന്തിച്ചുകൊണ്ട് പരമകോവിദനായ വൈരോചനി ഓങ്കാരത്തില്‍ അകാരാദിമാത്രാത്രയത്തിന്നപ്പുറം അര്‍ദ്ധമാത്രാര്‍ത്ഥമായി വിളങ്ങുന്ന വിശുദ്ധ ബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ടിരുന്നു. സങ്കല്പങ്ങളും വികല്പങ്ങളും നീങ്ങി. ദൃശ്യം, ദര്‍ശനം, ദ്രഷ്ടാവ്, ധ്യാതാവ്, ധ്യാനം, ധേയം ഇവയെല്ലാമകന്ന് മനസ്സ് വാസനാസഹിതം അസ്തമിച്ചു. സച്ചിദാനന്ദ പദത്തില്‍ കാറ്റിളക്കാത്ത ദീപശിഖപോലെ നിശ്ചലമായി വിളങ്ങി. ഏഷണത്രയവും മനനദോഷാശകളും നീങ്ങിയതും പരിപൂര്‍ണ്ണമായ നിര്‍മ്മലബ്രഹ്മപ്രാപ്തിയില്‍ മഹാബലി മേഘാവരണം നീങ്ങി തെളിഞ്ഞ ശരദാകാശം പോലെ ശോഭിച്ചു.
ആ സ്ഫടിക സൗധമണിമന്ദിരത്തില്‍ ദീര്‍ഘനേരം സമാധിയില്‍ ഇരുന്നശേഷം അദ്ദേഹം കണ്ണുകള്‍ തുറക്കുകയും അഹന്താദികള്‍ നീങ്ങിയ മനസ്സോടകൂടി ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. ആപത്തിനേയും സമ്പത്തിനേയും, സുഖദുഃഖങ്ങളേയും അദ്ദേഹം സമമായിത്തന്നെ ദര്‍ശിച്ചു. അതിനെ ഈ ലോകത്തിലും പരലോകത്തിലും ഒരേപോലെ പറന്നെത്തി ലോകവ്യവഹാരങ്ങളില്‍ മുഴുകുന്ന മനസ്സിനെ നിരോധിച്ച് ഹൃദയകോടരത്തില്‍ ബന്ധിച്ചു. അങ്ങനെ മനസ്സിനെ കീഴ്‌പ്പെടുത്തി ആത്മതത്വത്തില്‍ ലയിപ്പിക്കുമ്പോള്‍ ശ്രേയസ്സിനെ പ്രാപിക്കാമെന്ന് മഹാബലി തെളിയിച്ചു.
(തുടരും)
















