അവധിക്കാലം ആഘോഷമാക്കാന്‍ വെമ്പല്‍കൊള്ളുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ നന്മമരമാകുകയാണ് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ അപര്‍ണ ദിനേശ് എന്ന പത്താംക്ലാസുകാരിയും കൂട്ടുകാരികളും. ഏതു വിദ്യാര്‍ത്ഥിയെയും പോല അവധിക്കാലം വിനോദത്തിനും, ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും വെറുതെകളയാനുള്ളതല്ലെന്നും, മക്കളുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെ, സമ്പത്തുണ്ടായിട്ടും ഇല്ലാത്തവരെപ്പോലെ ശേഷിച്ച കാലമത്രയും വൃദ്ധസദനങ്ങളില്‍ തളയ്ക്കപ്പെട്ട സാധുജനങ്ങളെ സഹായിക്കാനുള്ളതാണെന്നും അപര്‍ണ എന്ന സാധാരണ പെണ്‍കുട്ടിക്ക് തോന്നിയത് പഠനത്തിനുമപ്പുറം പരന്ന വായനയിലൂടെ കിട്ടിയ അറിവിന്റെ ഫലമായിട്ടായിരുന്നു.
കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ അപര്‍ണയുടെ തീരുമാനത്തിന് പിന്തുണയുമായി കൂട്ടുകാരുകളായ അഖില, ഷര്ണിക എന്നിവരും എത്തിയതോടെ പിന്നീട് ആശയ പൂര്‍ത്തീകരണത്തിനുള്ള തിടുക്കമായിരുന്നു. മൂന്നുപേരും ഇവരുടെ തീരുമാനം വീട്ടിലറിയിച്ചപ്പോള്‍ വീട്ടുകാരും എതിര്‍ത്തില്ല. അപര്‍ണയുടെ പിതാവും മാവുങ്കാല്‍ രാംദാസ് മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനുമായ സി.സി. ദിനേശന് മാസ്റ്ററാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തത്. വിഷുദിനത്തില്‍ പാവപ്പെട്ട വൃദ്ധജനങ്ങള്‍ക്ക് വിഷുക്കോടിയും സദ്യയും നല്‍കാനായിരുന്നു അപര്‍ണയുടെയും കൂട്ടുകാരികളുടെയും തീരുമാനം. ഇതിനായി കണ്ണൂര്‍ അഴീക്കോടിലെ സാന്ത്വനം വയോജന കേന്ദ്രം, നീലേശ്വരം സാകേതം വൃദ്ധമന്ദിരം എന്നിവയാണ് തിരഞ്ഞെടുത്തത്.
സാന്ത്വനത്തിലെ 34 പുരുഷന്മാര്ക്കും 17 സ്ത്രീകള്‍ക്കും, സാകേതത്തിലെ എഴു പുരുഷന്മാര്ക്കും രണ്ട് സ്ത്രീകള്‍ക്കും വിഷുക്കോടിയും ഒരു നേരത്തെ സദ്യയും നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്. പ്രഗല്ഭ വാഗ്മികൂടിയായ പിതാവില്‍ നിന്നും സ്വായത്തമാക്കിയ പ്രസംഗ കലയില്‍ ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ മത്സരങ്ങളില്‍ അപര്ണയ്ക്ക് ഇതുവരെ ലഭിച്ച സമ്മാനത്തുകയാണ് പാവങ്ങളുടെ സഹായത്തിനായി ചെലവഴിച്ചത്.
കൂടാതെ കൂട്ടുകാരികളൈയും കൂട്ടി വീടുകളില്‍ സമ്പര്‍ക്കം ചെയ്തും തുക സ്വരൂപിച്ചു. ആഘോഷവേളകള്‍ ധൂര്‍ത്തിന്റെയും അഹംഭാവത്തിന്റെയും വേദികളാക്കി മാറ്റുന്ന പരിഷ്കൃത സമൂഹത്തിന് മുന്നില്‍ അപര്‍ണയും കൂട്ടുകാരികളും പുതിയ മാതൃകയായി. ഗുരുനാഥന്മാരില് നിന്നും, സാംസ്കാരിക സംഘടനയായ ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസുകളില്‍ നിന്നും തനിക്ക് ലഭിച്ച ഭാരതീയ സംസ്കാരത്തിന്റെ മൂല്യമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് അപര്‍ണ പറയുന്നു.
മനസില്‍ കാരുണ്യത്തിന്റെ എ പ്ലസ് ഉള്ള അപര്ണയ്ക്ക് പത്താംതരം പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ആണ്. പാവങ്ങള്‍ക്ക് തുണയായ നന്മയുടെ കൂട്ടുകാരികള്‍ക്ക് നാട്ടില്‍നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. തങ്ങളുടെ വിജയമെന്നും പാവങ്ങളെ സഹായിക്കാനുള്ള പ്രചോദനമാകട്ടെയെന്നാണ് വലിയ മനസിന്റെ ഉടമകളായ ഈ കൊച്ചുമിടുക്കികളുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: