Categories: Ernakulam

സ്‌നേഹത്തണലിന്റെ കരുത്തില്‍ കാന്‍സറിനെ തോല്‍പ്പിച്ച് യമുന

Published by

കൊച്ചി: യൗവനം മുതല്‍ അണ്ഠാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് എടവനക്കാട് ആലത്തൂര്‍ വീട്ടില്‍ എ.കെ. യമുനയുടെ (57) ജീവിതം ദുരിതത്തിലായത്. തയ്യല്‍ജോലി ചെയ്താണ് അവിവാഹിതയായ അവര്‍ ഉപജീവനം നടത്തിയിരുന്നത്. അസുഖംമൂലം വയര്‍ വീര്‍ത്തുവരുന്നതിനെത്തുടര്‍ന്ന് മൂത്തസഹോദരി കുമാരിയോടൊപ്പം ജില്ലാ ആശുപത്രിയിലെത്തിയ യമുനക്ക് ഗര്‍ഭാശയത്തില്‍ കാന്‍സറാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്‌സ തേടി.

ശസ്ത്രക്രിയ ഭയമായിരുന്നതിനാല്‍ ആയുര്‍വേദ ചികിത്‌സയില്‍ അഭയം തേടി. സാമ്പത്തിക പരാധീനതയിലായിരുന്ന യമുനക്ക് ചികിത്‌സ തുടരാനായില്ല. അപ്പോഴാണ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്‍. രാജപ്പന്‍, കാന്‍സര്‍ ചകിത്‌സാ വിദഗ്ധന്‍ ഡോ. സി.എന്‍. മോഹനന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്‌നേഹത്തണല്‍ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളില്‍നിന്നും അറിയാനിടയായത്. ബന്ധുക്കളുടെ സഹായത്താല്‍ സ്‌നേഹത്തണലില്‍ അഭയം തേടി. മികച്ച ചികിത്‌സകള്‍ ലഭിച്ചതോടെ ആരോഗ്യം മെച്ചപ്പെട്ടു. സര്‍ജറിയും കീമോതെറാപ്പിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യമുന തുടര്‍ചികിത്‌സക്കായി ഇന്നലെ ആശുപത്രിയിലെത്തി.

ഡോ. സി.എന്‍. മോഹനന്‍നായര്‍, യൂറോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. സുബൈദ സെയ്ദ്, ഡോ. ആര്‍.പി. രാജന്‍, ഡോ. പി.കെ. ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യമുനയുടെ ചികിത്‌സ. ഭാവിയിലും അസുഖം ഒഴിവാക്കാനായി തുടര്‍ചികിത്‌സ വേണ്ടിവരുമെന്ന് ഡോ. സി.എന്‍. മോഹനന്‍ നായര്‍ പറഞ്ഞു. നിര്‍ധനരും നിരാലംബരുമായ കാന്‍സര്‍രോഗികള്‍ക്ക് വീടുകളിലെത്തി സൗജന്യചികിത്‌സകളും ലഭ്യമാക്കുന്ന സ്‌നേഹത്തണല്‍ എംബിആര്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

അര്‍ബുദരോഗികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നതിന് 0484-2887800 എന്ന നമ്പറിലോ നഴ്‌സിംഗ് സൂപ്രണ്ട് ആനി മാത്യു 9746851386 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് സീനിയര്‍ പിആര്‍ഒ ടി.ആര്‍. രാജന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by