504. യോഗിസേവ്യാഃ യോഗിമാരാല്‍ സേവിക്കപ്പെടുന്നവള്‍. ”ജീവാത്മാവ് പരമാത്മാവുമായി ചേരുന്ന പ്രക്രിയ” എന്നു യാജ്ഞവല്ക്യസംഹിത യോഗശബ്ദത്തെ നിര്‍വചിക്കുന്നു. ആത്യന്തികമായ ആ യോഗത്തിന് മനസ്സിനെയും ശരീരത്തെയും സജ്ജമാക്കുന്ന അഭ്യാസങ്ങളെ കുറിക്കാനും യോഗശബ്ദം ഉപയോഗിക്കാറുണ്ട്. ”യോഗഃചിത്തവൃത്തിനിരോധഃ” എന്ന പാതഞ്ജലയോഗസുത്രവാക്യം പ്രസിദ്ധം.
ഇതനുസരിച്ച് ചിത്തവൃത്തി നിരോധമാണു യോഗം. ചിത്തവൃത്തികളെ നിരോധിക്കാന്‍ അതിന്റെ ആധാരമായ ശരീരത്തെയും അതിന്റെ സഹജവാസനകളെയും നിയന്ത്രിക്കണം. അതിനായി ആചാര്യന്മാര്‍ പലതരത്തിലുള്ള സാധനകള്‍ നിര്‍ദ്ദേശിക്കുന്നു. ഹംസയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ യോഗമാര്‍ഗങ്ങള്‍ പലതുണ്ട്. യോഗമാര്‍ഗത്തില്‍ ഏര്‍പ്പെടുന്നവര്‍ യോഗിമാര്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍ യോഗിസേവ്യ.
യോഗി എന്ന പദത്തിന് ശിവന്‍, വിഷ്ണു, അര്‍ജ്ജുനന്‍ സന്ന്യാസി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അവരാല്‍ സേവിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
505. യോഗദാഃ യോഗം തരുന്നവള്‍. യോഗ ശബ്ദത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചര്‍ച്ച ചെയ്തു. യോഗിയാകാന്‍ പരിശ്രമിക്കുന്നവര്‍ക്ക് യോഗം കൊടുക്കുന്നത് ദേവീകാരുണ്യമാകയാല്‍ ദേവിക്ക് ‘യോഗദാ’ എന്നുപേര്.
പലവസ്തുക്കള്‍ കൂടിചേര്‍ന്നുണ്ടാകുന്ന ഔഷധങ്ങള്‍ രോഗനാശകശക്തിയുള്ളതായിത്തീരുന്നത് അവയുടെ വേണ്ട വിധത്തിലുള്ള ചേര്‍ച്ചയും പാകവും ദേവി ധന്വന്തരീരൂപത്തില്‍ നിശ്ചയിച്ചതുകൊണ്ടാണെന്നു വിശ്വാസം. രോഗശാന്തിക്കുള്ള ഔഷധയോഗം തന്നു സഹായിച്ചതിനാലും ദേവി യോഗദയാണ്.
ജ്യോതിഷത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളുമായുള്ള ചേര്‍ച്ച ജാതകനു സുഖദുഃഖങ്ങളുണ്ടാക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസത്തില്‍ നിന്ന് യോഗശബ്ദത്തിന് വിധി എന്നും ഭാഗ്യമെന്നും അര്‍ത്ഥമുണ്ടായി. ഭാഗ്യം തരുന്നവള്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം.
സംഗീതത്തില്‍ ശ്രുതിയും താളവും നാദവും തമ്മിലുള്ള ചേര്‍ച്ചയെ യോഗം എന്നുപറയും. ചിത്രകലയില്‍ രേഖകളുടെയും വര്‍ണ്ണങ്ങളുടെയും ചേര്‍ച്ചയെയും സാഹിത്യത്തില്‍ പല രൂപങ്ങളുണ്ട്. ധര്‍മ്മാനുസൃതമായി കാമവും അര്‍ത്ഥവും അനുഭവിക്കാന്‍ ദേവിയുടെ കാരുണ്യം വേണം. ധര്‍മ്മാനുസൃതമായ കാമം മാത്രം ഉണ്ടാകുക. ഉണ്ടാകുന്ന കാമങ്ങള്‍ നിറവേറുക. അത് അനുഭവിക്കാന്‍ വേണ്ട സമ്പത്തുണ്ടാക്കുക. ഈ മൂന്ന് അനുഗ്രഹങ്ങളും മൂകാംബികാദേവി തന്റെ ഭക്തര്‍ക്കു കൊടുക്കുന്നു.
… തുടരും
















